അയർലണ്ടിൽ പെട്രോൾ, ഡീസൽ വില ഒന്നര വർഷത്തെ കുറഞ്ഞ നിരക്കിൽ; പക്ഷേ സന്തോഷിക്കാൻ വരട്ടെ!

അയര്‍ലണ്ടില്‍ പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട്. 2021 ഒക്ടോബറിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവില്‍ രാജ്യത്തെ പമ്പുകളില്‍ ഇന്ധനം വില്‍ക്കപ്പെടുന്നതെന്ന് AA Ireland സര്‍വേ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഡീസലിന് 9% വില കുറഞ്ഞ് ലിറ്ററിന് 1.51 യൂറോ ആയിട്ടുണ്ട്. പെട്രോളിന് 3.6% വില കുറഞ്ഞ് ലിറ്ററിന് ശരാശരി 1.59 യൂറോയും ആയി.

ഉക്രെയിന്‍ അധിനിവേശത്തിന് ശേഷം ഇന്ധനവില ഇത്രയും കുറയുന്നത് ആദ്യമായാണ്. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശം കാരണമാണ് ഇന്ധനവില അന്താരാഷ്ട്ര തലത്തില്‍ അനിയന്ത്രിതമായി ഉയര്‍ന്നത്. ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് പമ്പുകളിലെ ചില്ലറ വില്‍പ്പന വിലയിലും കുറവ് വരുത്തിയത്.

എന്നാല്‍ വില ഇതേ നിരക്കില്‍ തുടരാന്‍ സാധ്യതയില്ലെന്നും AA Ireland പറയുന്നു. അന്താരാഷ്ട്ര തലത്തിലെ വിലക്കറ്റം കാരണം തദ്ദേശീയമായി നേരത്തെ പെട്രോളിനും ഡീസലിനും കുറവ് വരുത്തിയ എക്‌സൈസ് തീരുവകള്‍ വീണ്ടും നടപ്പിലാക്കുന്നത് വില വര്‍ദ്ധനയ്ക്ക് ഇടയാക്കും.

വരുംമാസങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായാകും വീണ്ടും എക്‌സൈസ് തീരുവകള്‍ ഏര്‍പ്പെടുത്തുക. ഇതോടെ പെട്രോളിന് വീണ്ടും ലിറ്ററിന് 1.80 യൂറോയും, ഡീസലിന് 1.76 യൂറോയുമാകും. ഒക്ടോബര്‍ മാസത്തോടെ വില ഈ നിരക്കിലെത്തുമെന്നാണ് കരുതപ്പെടുന്നതെന്ന് AA Ireland-ന്റെ head of communications Paddy Comyn പറയുന്നു.

ജൂണ്‍ 1-ഓടെ പെട്രോളിന് 6 സെന്റും, ഡീസലിന് 5 സെന്റും വര്‍ദ്ധിക്കും. സെപ്റ്റംബര്‍ ആദ്യത്തോടെ യഥാക്രമം 7 സെന്റ്, 5 സെന്റ് എന്നിങ്ങനെയും, ഒക്ടോബര്‍ 31-ഓടെ 8 സെന്റ്, 6 സെന്റ് എന്നിങ്ങനെയും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കും.

Share this news

Leave a Reply

%d bloggers like this: