അയർലണ്ടിൽ കാർ ഉപയോഗം കുറയ്ക്കാനായി congestion charge ഏർപ്പെടുത്തില്ല: വരദ്കർ

രാജ്യത്ത് ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായി പ്രത്യേക ചാര്‍ജ്ജ് (congestion charge) കൊണ്ടുവരാന്‍ നിലവില്‍ ഉദ്ദേശ്യമില്ലെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഇപ്പോഴോ, സമീപഭാവിയിലോ ഇത്തരമൊരു ചാര്‍ജ്ജ് നടപ്പിലാക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കാര്‍ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ ടാക്‌സ് സംവിധാനം നടപ്പിലാക്കുന്നതിനെപ്പറ്റി ഗ്രീന്‍ പാര്‍ട്ടി നേതാവും, ഗതാഗതമന്ത്രിയുമായ ഈമണ്‍ റയാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വരദ്കറുടെ പ്രതികരണം.

അടുത്തകാലത്തൊന്നും congestion charge നടപ്പിലാക്കില്ലെന്നും, അതേസമയം ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് മെട്രോ നീട്ടുക, ഡബ്ലിന്‍ 15, കില്‍ഡെയര്‍ എന്നിവിടങ്ങളിലേയ്ക്ക് Dart സര്‍വീസ് നീളുക, Cork metropolitan transport പ്രവര്‍ത്തനനിരതമാകുക എന്നിവ സംഭവിച്ചാല്‍ ഇത്തരമൊരു ചാര്‍ജ്ജ് നടപ്പിലാക്കിയേക്കാമെന്നും അദ്ദേഹം സൂചന നല്‍കി. ഒപ്പം എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആകുകയും, പെട്രോള്‍, ഡീസല്‍ ടാക്‌സുകള്‍ ലഭിക്കാതാകുകയും ചെയ്താല്‍ ഇത്തരത്തില്‍ ചാര്‍ജ്ജ് ചുമത്തിയേക്കാം.

രാജ്യത്തെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനായി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് പൊതുജനവുമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി റയാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വരദ്കര്‍ പറഞ്ഞു.

ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ കാര്‍ ഉപയോഗം 20 ശതമാനവും, കാര്‍ബണ്‍ പുറന്തള്ളല്‍ 50 ശതമാനവും കുറയ്ക്കുക എന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി പൊതുഗതാഗതത്തിലെ ടിക്കറ്റ് ചാര്‍ജ്ജ് കുറയ്ക്കുക അടക്കമുള്ള നടപടികള്‍ പരിഗണനയിലാണ്.

Share this news

Leave a Reply

%d bloggers like this: