അയർലണ്ടിലെ പകുതി സ്ത്രീകളും ഏതെങ്കിലും തരത്തിൽ ലൈംഗികാതിക്രമം നേരിട്ടവരെന്ന് റിപ്പോർട്ട്

അയര്‍ലണ്ടിലെ പകുതി സ്ത്രീകളും തങ്ങള്‍ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമം അനുഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതായി Central Statistics Office (CSO).

CSO-യുടെ Sexual Violence Survey പ്രകാരം രാജ്യത്തെ പ്രായപൂര്‍ത്തിയായ 40% പേരും എന്തെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമത്തിന് ഇരയായവരാണ്. ഇതില്‍ 52% പേരും സ്ത്രീകളാണ്. 28% ആണ് പുരുഷന്മാര്‍.

പ്രായം കുറഞ്ഞവരാണ് കൂടുതലായി അതിക്രമങ്ങള്‍ നേരിട്ടിട്ടുള്ളത്. 18-24 പ്രായക്കാരായ 22% പേരും, തങ്ങള്‍ കുഞ്ഞായിരിക്കുമ്പോഴും, പ്രായപൂര്‍ത്തിയായതിന് ശേഷവും അതിക്രമങ്ങള്‍ നേരിട്ടതായി വെളിപ്പെടുത്തിയപ്പോള്‍, 65 വയസിന് മേലെയുള്ള 8% പേര്‍ തങ്ങളെ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് തുറന്നുപറഞ്ഞു.

സമ്മതമില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെടേണ്ടിവന്നതായി പറഞ്ഞത് 21% സ്ത്രീകളും, 5% പുരുഷന്മാരുമാണ്. 10-ല്‍ 1 സ്ത്രീക്ക് വീതം സമ്മതം നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇത്തരം അനുഭവമുണ്ടായിട്ടുണ്ട്.

25-34 പ്രായക്കാരായ 17% പുരുഷന്മാര്‍ക്ക്, തങ്ങളുടെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കപ്പെട്ട അനുഭവങ്ങളുണ്ടായിട്ടുണ്ട്.

പ്രായപൂര്‍ത്തിയായ അഞ്ചില്‍ ഒരാള്‍ക്ക് വീതം (20%) കുഞ്ഞായിരിക്കുമ്പോള്‍ അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിക്കപ്പെടുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. 19% പേര്‍ക്ക് നേരിട്ടുള്ള സ്പര്‍ശനമല്ലാതെ ഇത്തരം മോശം അനുഭവം ഉണ്ടായിട്ടുണ്ട്.

മോശം അനുഭവം ഉണ്ടായിട്ടുള്ള നാലില്‍ മൂന്ന് പേര്‍ക്കും, ഇത് ചെയ്തവരെ നേരത്തെ പരിചയമുണ്ട്. എന്നാല്‍ പകുതിയില്‍ താഴെ പേര്‍ മാത്രമാണ് തങ്ങള്‍ക്ക് മോശം അനുഭവം ഉണ്ടായതായി മറ്റുള്ളവരോട് തുറന്നുപറഞ്ഞത്.

പോണ്‍ വീഡിയോസ് കാണാന്‍ ഇഷ്ടമില്ലാത്ത ഒരാളെ അത് കാണാന്‍ നിര്‍ബന്ധിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ലൈംഗികാതിക്രമമായാണ് കണക്കാക്കുന്നത്.

സാമൂഹികമായി വളരെ പ്രാധാന്യമേറിയതും, സെന്‍സിറ്റീവായതുമായ വിവരങ്ങളാണ് സര്‍വേയിലൂടെ ലഭ്യമായതെന്ന് CSO പറയുന്നു. 4,575 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 500-ഓളം പേര്‍ ഇതിന് മുമ്പ് തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ ആരോടും വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.

Share this news

Leave a Reply

%d bloggers like this: