ടോൾ ചാർജിന്റെ പേരിൽ അയർലണ്ടിൽ മെസേജ് തട്ടിപ്പ്; തട്ടിപ്പിൽ കുടുങ്ങിയവരിൽ മലയാളികളും

മോട്ടോര്‍വേ ഓപ്പറേറ്ററായ eFlow-യുെ പേരില്‍ തട്ടിപ്പ് മെസേജുകള്‍ അയയ്ക്കുന്ന സംഭവങ്ങള്‍ അയര്‍ലണ്ടില്‍ പതിവാകുന്നു. മലയാളികള്‍ അടക്കം ഒട്ടേറെപ്പേരാണ് ഈ തട്ടിപ്പില്‍ കുടുങ്ങിയിട്ടുള്ളത്.

ടോള്‍ ചാര്‍ജ്ജ് ഡ്യൂ ആണ് എന്ന് പറഞ്ഞുകൊണ്ട് eFlow-യുടെ പേരിലാണ് മിക്കവര്‍ക്കും മെസേജ് ലഭിക്കുന്നത്. ഇതിന് പുറമെ അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടും തട്ടിപ്പുകാര്‍ മെസേജ് അയയ്ക്കുന്നുണ്ട്.

അതേസമയം ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ വ്യക്തിവിവരങ്ങളും, ബാങ്ക് വിവരങ്ങളും തട്ടിപ്പുകാര്‍ക്ക് ലഭിക്കുമെന്നും, പണം നഷ്ടമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇത്തരം തട്ടിപ്പ് മെസേജുകള്‍ പല രൂപത്തില്‍ വരാമെന്നും, ഇപ്പോള്‍ ടോള്‍ ചാര്‍ജ്ജ് ലക്ഷ്യമിട്ടാണ് സംഘം ഇറങ്ങിയിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. ഇത്തരം മെസേജുകള്‍ ലഭിച്ചാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാതെ ഉടന്‍ ഡിലീറ്റ് ചെയ്യണം. അഥവാ തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടാല്‍ മടിക്കാതെ ഗാര്‍ഡയെ ബന്ധപ്പെടുകയും ചെയ്യണം.

ഇത്തരം മെസേജുകള്‍ ലഭിച്ചാല്‍, അയച്ചത് എവിടെ നിന്നാണോ, അവരുടെ ഓദ്യോഗിക ഓഫിസുമായി ഫോണിലോ, നേരിട്ടോ ബന്ധപ്പെട്ട് മെസേജിന്റെ സത്യസന്ധത ഉറപ്പുവരുത്തണം.

സംശയാസ്പദമായ മെസേജുകളോ, മെയിലുകളോ ലഭിച്ചാല്‍ 365Security@boi.com എന്ന ഇമെയില്‍ വിലാസത്തില്‍ സ്‌ക്രീന്‍ഷോട്ട് അയച്ച ശേഷം, മെസേജ് ഡിലീറ്റ് ചെയ്യണം. Bank of Ireland-നെ 24 മണിക്കൂറും ബന്ധപ്പെടാനായി 1800 946 764 എന്ന സൗജന്യ ടെലിഫോണ്‍ സേവനം ഉപയോഗിക്കാം. ബാങ്കിങ് വിവരങ്ങള്‍ ഏതെങ്കിലും വെബ്‌സൈറ്റില്‍ നല്‍കാന്‍ ആവശ്യപ്പെട്ട് മെസേജുകളോ, മെയിലുകളോ തങ്ങള്‍ അയയ്ക്കില്ലെന്ന് ബാങ്കുകള്‍ ആവര്‍ത്തിക്കുന്നു. വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫോണ്‍ ചെയ്യുകയും ഇല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്: boi.com/security
www.fraudsmart.ie

നേരത്തെ സര്‍ക്കാര്‍ ഏജന്‍സികളുടെയും, ഗാര്‍ഡയുടെയും പേരില്‍ ഇത്തരം മെസേജുകളും, ഇമെയിലുകളും അയച്ച് തട്ടിപ്പുകാര്‍ രംഗത്തെത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: