എയർ ഇന്ത്യ വിമാനത്തിലെ പ്രസവരക്ഷയിൽ പങ്കാളിയായ മലയാളി നഴ്സ് പ്രതിഭ കേശവൻ ക്രേംബ്രിഡ്ജിൽ അന്തരിച്ചു

രണ്ടു വര്‍ഷം മുമ്പ് എയര്‍ ഇന്ത്യ വിമാനത്തിലെ പ്രസവ രക്ഷ ദൗത്യത്തില്‍ പങ്കാളിയായി വാര്‍ത്തകളില്‍ ഇടം നേടിയ കേംബ്രിഡ്ജിലെ മലയാളി നഴ്‌സ് വീട്ടില്‍ മരിച്ച നിലയില്‍. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായ പ്രതിഭ കേശവനാണ് അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന. ഇടതുപക്ഷ സാംസ്കാരിക സംഘടനയായ കൈരളി യുകെയുടെ ദേശീയ കമ്മിറ്റി അംഗവും കേബ്രിഡ്ജ് യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. യുകെയിലെ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.

രണ്ടു വര്‍ഷം മുമ്പാണ് കുമരകം സ്വദേശിനിയായ പ്രതിഭ നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പിന്റെ സുഖപ്രസവത്തിന് തുണയായി ഒപ്പം നിന്നത്. 2021 ഒക്ടോബര്‍ അഞ്ചിനായിരുന്നു ആ സംഭവം. രാത്രി ലണ്ടനില്‍നിന്നും കൊച്ചിയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനത്തില്‍ യാത്രക്കായായിരുന്നു പ്രതിഭയും മരിയയും മറ്റും. ഏഴാം മാസമായിരുന്നു മരിയയ്ക്ക്. ബെഡ് റെസ്റ്റും മരിയയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ വിമാനം ലണ്ടനില്‍നിന്നും പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളില്‍ത്തന്നെ മരിയാ ഫിലിപ്പിനു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. കാബിന്‍ ജീവനക്കാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയും നാലു നഴ്‌സുമാരും യുവതിയെ സഹായിക്കാനായെത്തി. ഇവരില്‍ ഒബ്‌സ്ട്രറ്റിക് തിയേറ്റര്‍ പരിചയമുണ്ടായിരുന്നത് പ്രതിഭയ്ക്കു മാത്രമായിരുന്നു. തുടര്‍ന്നു യാത്രക്കാരിയുടെ പ്രസവ സഹായത്തിനു പ്രതിഭ നേതൃത്വം നല്‍കുകയായിരുന്നു.

വിമാനത്തില്‍ താല്‍ക്കാലിക മുറി ഒരുക്കിയായിരുന്നു പ്രസവത്തിന്റെ സജ്ജീകരണം. യുവതിക്കും തൂക്കം കുറവായിരുന്ന ആണ്‍ കുഞ്ഞിനും അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമായതിനാല്‍ വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇറക്കി. അവിടെ ഏഴാഴ്ചയോളം കഴിഞ്ഞതിനു ശേഷമാണ് അമ്മയും കുഞ്ഞും തിരികെ നാട്ടിലേക്ക് മടങ്ങിയത്.

അടിയന്തിര വൈദ്യസഹായം നല്‍കിയ പ്രതിഭ അടക്കമുള്ള മെഡിക്കല്‍ സംഘത്തിന് കൊച്ചിയിലെത്തിയപ്പോള്‍ അഭിനന്ദന പ്രവാഹമായിരുന്നു. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി മുന്‍പും ജനശ്രദ്ധ നേടിയിട്ടുള്ള പ്രതിഭയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരെല്ലാം.

ഭർത്താവ്: പ്രസാദ് അമ്മങ്കരി. മക്കൾ: ശ്രേയ, ശ്രേഷ്ഠ

പിതാവ് കുമരകം കദളിക്കാട്ടുമാലിയില്‍ കെ. കേശവന്‍ റിട്ടയേര്‍ഡ് അധ്യാപകനാണ്. കുമരകം നോര്‍ത്ത് സിപിഎം ലോക്കല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം.

Share this news

Leave a Reply

%d bloggers like this: