അയർലണ്ടിലെ റോഡുകളിൽ ജൂലൈ 1 മുതൽ ടോളുകൾ വർദ്ധിക്കും

അയര്‍ലണ്ടിലെ റോഡുകളില്‍ ജൂലൈ 1 മുതല്‍ ടോളുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് Department of Transport and Transport Infrastructure Ireland (TII). ആറ് മാസത്തേയ്ക്ക് ടോളുകള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനം ജൂണ്‍ 30-ഓടെ അവസാനിക്കുകയാണ്. ഇതോടെ തൊട്ടടുത്ത ദിവസം മുതല്‍ ടോളുകളില്‍ വര്‍ദ്ധനയുണ്ടാകും.

നിലവിലെ പണപ്പെരുപ്പമാണ് ടോള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമായി TII പറയുന്നത്. 2021 ഓഗസ്റ്റിനും, 2022 ഓഗസ്റ്റിനുമിടെ പണപ്പെരുപ്പം (current rate of inflation (CPI) ) 8.6% വര്‍ദ്ധിച്ചതായി TII വ്യക്തമാക്കി.

അയര്‍ലണ്ടിലെ ദേശീയറോഡ് ശൃംഖലയില്‍ ആകെ 10 ടോള്‍ റോഡുകളാണുള്ളത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ഇതില്‍ എട്ടെണ്ണം പ്രവര്‍ത്തിക്കുന്നത്. രണ്ടെണ്ണം TII നേരിട്ട് പ്രവര്‍ത്തിപ്പിക്കുന്നതാണ്. M50, Dublin Port Tunnel എന്നിവയാണത്. Dublin Port Tunnel-ല്‍ പക്ഷേ ടോള്‍ വര്‍ദ്ധിപ്പിക്കില്ല.

M50-യില്‍ ടാഗുകള്‍ ഇല്ലാത്ത കാറുകള്‍ക്ക് ടോള്‍ 30 സെന്റ് വര്‍ദ്ധിച്ച് 3.50 യൂറോ ആകും. വീഡിയോ ഉള്ള കാറുകള്‍ക്ക് 2.70 യൂറോയില്‍ നിന്നും 2.90 ആയി ടോള്‍ ഉയരും. ടാഗ് ഉള്ള കാറുകളുടെ ടോള്‍ 20 സെന്റ് വര്‍ദ്ധിച്ച് 2.30 യൂറോ ആകും.

കഴിഞ്ഞ 10 വര്‍ഷമായി ടാഗുകളുള്ള രജിസ്റ്റേര്‍ഡ് കാറുകള്‍ക്ക് M50-യില്‍ ടോള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് TII വ്യക്തമാക്കി.

വാട്ടര്‍ഫോര്‍ഡിലെ M1,M7,M8,N6,N25 എന്നിവയിലും, Limerick Tunnel-ലെ N18-ലും കാറുകള്‍ക്ക് ടോള്‍ 2-ല്‍ നിന്നും 2.10 യൂറോ ആയി ഉയരും. M3-യില്‍ 10 സെന്റ് വര്‍ദ്ധിച്ച് ജൂലൈ 1 മുതല്‍ 1.60 യൂറോ ടോള്‍ നല്‍കേണ്ടിവരും.

M4-ല്‍ 20 സെന്റ് ടോള്‍ ഉയരുന്നതോടെ 3.20 യൂറോ ആകും ചാര്‍ജ്ജ്.

ജീവിതച്ചെലവ് വര്‍ദ്ധിച്ചതിനിടെ ടോള്‍ വര്‍ദ്ധനാ നിര്‍ദ്ദേശം കൊണ്ടുവന്നത് കഴിഞ്ഞ നവംബറില്‍ സര്‍ക്കാരിനുള്ളില്‍ അഭിപ്രായഭിന്നതയ്ക്ക് കാരണമായിരുന്നു.

ടോള്‍ വരുമാനം രാജ്യത്തെ റോഡുകള്‍ നവീകരിക്കാനും, സംരക്ഷിക്കാനുമാണ് ഉപയോഗിക്കുന്നതെന്ന് TII വ്യക്തമാക്കി. ജീവനക്കാരുടെയും മറ്റും ടോള്‍ പിരിവ് ചെലവുകളും ഇതില്‍ പെടും.

Share this news

Leave a Reply

%d bloggers like this: