മനുഷ്യക്കടത്ത് തടയുന്നതിൽ അയർലണ്ട് പരാജയപ്പെടുന്നു; വിശദമായ റിപ്പോർട്ട് വായിക്കാം

മനുഷ്യക്കടത്ത് തടയുന്നതില്‍ അയര്‍ലണ്ട് പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് പുറത്തുവിട്ട ‘Trafficking in Persons’ റിപ്പോര്‍ട്ടിലാണ് മനുഷ്യക്കടത്ത് തടയുന്നതിനായി അയര്‍ലണ്ട് കൈക്കൊണ്ട നടപടികള്‍ ലക്ഷ്യം കാണാതെ പോകുന്നതായി പരാമര്‍ശമുള്ളത്. ലോകരാജ്യങ്ങള്‍ മനുഷ്യക്കടത്ത് തടയുന്നതിനായി എടുക്കുന്ന നടപടികള്‍ വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ടാണിത്.

പട്ടികയില്‍ രണ്ടാം ശ്രേണിയിലാണ് അയര്‍ലണ്ട് ഉള്‍പ്പെട്ടിരിക്കുന്നത്. മനുഷ്യക്കടത്ത് തടയുന്നതിനായി ഏറ്റവും കുറഞ്ഞ നടപടികളെങ്കിലും കൈക്കൊള്ളാത്ത രാജ്യങ്ങളാണ് രണ്ടാം ശ്രേണിയില്‍ വരുന്നത്. അതേസമയം ഇക്കാര്യത്തില്‍ നില മെച്ചപ്പെടുത്താനുള്ള പരിശ്രമം അയര്‍ലണ്ടിന്റെ ഭാഗത്തുനിന്ന് ഉണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ സംരക്ഷണത്തിനും, ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്തുന്നതിനുമായി അയര്‍ലണ്ട് ഈയിടെ കൂടുതല്‍ ഫണ്ട് വകയിരുത്തിയിരുന്നു. European Economic Area (EEA)-യ്ക്ക് പുറത്തുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക ജോലി അനുമതി (Atypical Working Scheme) അയര്‍ലണ്ട് എടുത്ത് കളയുകയും ചെയ്തിരുന്നു. ഈ അനുമതി മനുഷ്യക്കടത്തിന് സഹായമാകുന്നുവെന്ന് കണ്ടായിരുന്നു നടപടി.

അതേസമയം മനുഷ്യക്കടത്ത് നടത്തുന്നവരെ പിടികൂടി ശിക്ഷിക്കുക പോലുള്ള കാര്യങ്ങളില്‍ അയര്‍ലണ്ടിലെ സര്‍ക്കാര്‍ പരാജയമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആരെല്ലാമാണെന്ന് മനുഷ്യക്കടത്തിന് ഇരകളെന്ന് കണ്ടെത്തുന്നതിലും, ഇവര്‍ക്ക് സഹായമെത്തിക്കുന്നതിലും സര്‍ക്കാര്‍ വേണ്ടവിധം വിജയിച്ചിട്ടില്ല.

2022-ല്‍ 39 പേരെയാണ് അയര്‍ലണ്ടില്‍ മനുഷ്യക്കടത്തിന് ഇരകളായി കണ്ടെത്തിയത്. ഇതില്‍ 24 പേരെ ലൈംഗിക തൊഴിലിനായിരുന്നു എത്തിച്ചത്. 15 പേരെ മറ്റ് ജോലികള്‍ വഴി ചൂഷണം ചെയ്യുകയായിരുന്നു. നാല് പേര്‍ കുട്ടികളുമായിരുന്നു.

2017-ല്‍ 103 പേരെയും, 2018-ല്‍ 64 പേരെയും, 2019-ല്‍ 42 പേരെയും രക്ഷപ്പെടുത്തിയപ്പോള്‍ 2020-ല്‍ 38 പേരെയും, 2021-ല്‍ 44 പേരെയുമാണ് അയര്‍ലണ്ടില്‍ മനുഷ്യക്കടത്തിന് ഇരകളായി കണ്ടെത്തിയത്.

Share this news

Leave a Reply

%d bloggers like this: