അയർലണ്ടിൽ സ്വവർഗാനുരാഗത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട പുരുഷന്മാരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്നും നീക്കം ചെയ്യും

അയര്‍ലണ്ടില്‍ മുന്‍കാലത്ത് പുരുഷന്മാര്‍ തമ്മിലുള്ള സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ വിവരങ്ങള്‍ ഔദ്യോഗിക രേഖകളിൽ നിന്നും നശിപ്പിക്കാന്‍ സര്‍ക്കാര്‍. ഉഭയസമ്മതപ്രകാരം പുരുഷന്മാര്‍ തമ്മില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ക്ക് മേല്‍ കുറ്റം ചുമത്തിയതും, ശിക്ഷിക്കപ്പെട്ടതമായി രേഖകളാണ് നീക്കം ചെയ്യുക. ഒപ്പം സ്വവര്‍ഗാനുരാഗികളായ ആളുകളുടെ ലൈംഗിക ചായ്‌വ് (Sexual Orientation) മാറ്റിക്കുന്ന Conversion Therapy-ക്ക് നിരോധനമേര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

1993 വരെ അയര്‍ലണ്ടില്‍ സ്വവര്‍ഗരതി കുറ്റകരമായിരുന്നു. ഇക്കാലയളവ് വരെ 941 പുരുഷന്മാരെ ഇതിന്റെ പേരില്‍ ശിക്ഷിച്ചിട്ടുണ്ട്.

ഇവരുടെ ശിക്ഷാരേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനായി നീതിന്യായ വകുപ്പ് ഒരു സംഘത്തെ നിയോഗിച്ചിരുന്നു. സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരം ശിക്ഷകളുടെ രേഖകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.

സ്വവര്‍ഗാനുരാഗികളായതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട പുരുഷന്മാരോട് അഞ്ച് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഔദ്യോഗികമായി മാപ്പ് ചോദിച്ചിരുന്നു. 2018-ല്‍ ലേബര്‍ പാര്‍ട്ടിയാണ് മാപ്പ് ചോദിക്കണമെന്ന നിര്‍ദ്ദേശം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മുക്തകണ്ഠമായി ഇതിനെ അനുകൂലിച്ചു.

അടുത്തയാഴ്ച നടക്കാനിരിക്കുന്ന Pride Week-ന് മുന്നോടിയായി LGBTQI+ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.

കാലഹരണപ്പെട്ട നിയമങ്ങള്‍ കാരണം ദുരിതമനുഭവിച്ചവരെ നിരപരാധികളാണെന്ന് പ്രഖ്യാപിക്കുന്ന സുപ്രധാന ദിനമാണിതെന്ന് നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ പറഞ്ഞു.

Conversion Therapy നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള നിയമം 2024-ഓടെ നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് Minister for Children, Equality, Disability, Integration and Youth Roderic O’Gorman പറഞ്ഞു. അതേസമയം കുട്ടിയുടെ ലൈംഗിക ചായ്‌വിനെയും, ലൈംഗിക സ്വത്വത്തെയും കുറിച്ച് മാതാപിതാക്കള്‍ അവരുമായി സംഭാഷണത്തിലേര്‍പ്പെടുന്നത് ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

HIV ബാധിക്കാന്‍ സാധ്യതയുള്ളവര്‍ക്കുള്ള pre-exposure prophylaxis (PrEP) എന്ന മരുന്ന് ഉപയോഗിക്കുന്നവര്‍ക്കായി പുതിയ ആപ്പിന് രൂപം നല്‍കാന്‍ 233,000 യൂറോ ഫണ്ട് വകയിരുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന് പുറമെ HIV Ireland-നായി 30,000 യൂറോയും വകയിരുത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: