കനത്ത മഴ; ഡബ്ലിനിലും കെറിയിലും വെള്ളപ്പൊക്കം; റോഡ്-റെയിൽ ഗതാഗതം തടസപ്പെട്ടു

കനത്ത മഴയെ തുടര്‍ന്ന് ഡബ്ലിനിലും കെറിയിലും വെള്ളപ്പൊക്കം.

ഇടിമിന്നലും, കൊടുങ്കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ചൊവ്വാഴ്ച കെറിയിലെ പട്ടണമായ Killarney-ല്‍ മഴയ്‌ക്കൊപ്പം വെള്ളപ്പൊക്കവും ഉണ്ടായത്. വൈകുന്നേരം 4 മണിയോടെ പെയ്ത ശക്തമായ മഴയില്‍ റോഡുകളില്‍ വെള്ളം കയറിയതോടെ യാത്ര ദുഷ്‌കരമായി.

Killarney-യിലെ Park Road-ലുള്ള പ്രധാന റെയില്‍വേ പാലത്തിന് താഴെയുള്ള റോഡ് അടക്കം പലയിടത്തും വെളളക്കെട്ട് രൂപപ്പെട്ടു. തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവയ്‌ക്കേണ്ടതായും വന്നു. സിഗ്നലിങ് സംവിധാനം തകരാറിലായതിനെത്തുടര്‍ന്ന് റെയില്‍ ഗതാഗതവും നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.

Countess Road, Muckross Road, Flesk bridge, Loretto Cross, Abbey Cross പ്രദേശങ്ങളിലും വെള്ളം കയറി.

Park Road-ലെ ഒരു വീട്ടിലുണ്ടായ തീപിടിത്തം മിന്നലേറ്റത് കാരണമാണെന്ന് സംശയമുണ്ട്.

വെള്ളപ്പൊക്കവും മഴയും കാരണം 2,000-ലേറെ വീടുകളില്‍ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. ജലവിതരണത്തിലും ബുദ്ധിമുട്ടുണ്ടായി.

ശനിയാഴ്ച മുതല്‍ Kerry-യില്‍ കനത്ത വെള്ളപ്പൊക്കം ഉണ്ടാകുന്നുണ്ട്. പ്രദേശത്തെ മലിനജല കനാലുകള്‍ നവീകരിച്ച് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിടാന്‍ സൗകര്യം ചെയ്യണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പെയ്ത മഴയില്‍ ഡബ്ലിനിലെ പല പ്രദേശങ്ങളിലും വെള്ളം കയറി. ഡബ്ലിന്‍ 12, ഡബ്ലിന്‍ 8 പ്രദേശങ്ങളെ കാര്യമായി ബാധിച്ച വെള്ളപ്പൊക്കത്തില്‍, ഏതാനും മാന്‍ഹോളുകള്‍ പൊട്ടി തുറക്കപ്പെടുകയും ചെയ്തു. ഗതാഗതവും ദുഷ്‌കരമായി.

Crumlin പ്രദേശത്ത് 5 മിനിറ്റിനിടെ 12 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.

Share this news

Leave a Reply

%d bloggers like this: