ഇ-സിഗരറ്റ് വഴി മയക്കുമരുന്ന് കലർത്തുന്നു; അയർലണ്ടുകാർ ജാഗ്രതൈ!

ഇ-സിഗരറ്റ് അഥവാ വേപ്പറുകള്‍ (vapers) വഴി മയക്കുമരുന്ന് കലര്‍ത്തി തട്ടിപ്പ്. National College of Ireland’s Student Union ആണ് ഇത്തരം നിരവധി സംഭവങ്ങള്‍ ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ നടന്നുവരുന്നതായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വൈകാതെ അയര്‍ലണ്ടിലും ഇവ വ്യാപിച്ചേക്കാമെന്നാണ് ആശങ്ക.

അപരിചിതരില്‍ നിന്നോ, ക്ലബ്ബുകളില്‍ വച്ചും മറ്റും പരിചയപ്പെടുന്നവരില്‍ നിന്നോ വേപ്പര്‍ ഉപയോഗിച്ച് പുകയെടുത്താല്‍ ബോധം മറയുന്ന രീതിയിലാണ് തട്ടിപ്പ്. ജൂണ്‍ 17-ന് ഇംഗ്ലണ്ടിലെ Wight festival-ല്‍ വച്ച് 26-കാരിയായ ഒരു യുവതിക്ക് ഇത്തരമൊരു അനുഭവമുണ്ടായി. അപരിചിതനായ ഒരാളില്‍ നിന്നും വേപ്പര്‍ വാങ്ങി പുകയെടുത്ത ഇവര്‍ മയങ്ങിവീഴുകയായിരുന്നു. മയക്കത്തില്‍ ശരീരത്തില്‍ സിറിഞ്ചുകള്‍ കുത്തിയിറക്കുന്നത് ഇവര്‍ അറിയുന്നുണ്ടായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ച ശേഷം യുവതി 16 മണിക്കൂറോളം ഛര്‍ദ്ദിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 51-കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2019-ലാണ് ഇ-സിഗരറ്റ് വേപ്പറുകള്‍ വഴി സ്‌പൈക്കിങ് (spiking) എന്നറിയപ്പെടുന്ന ഇത്തരം സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈയിടെയായി ഇവ വര്‍ദ്ധിച്ചുവരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മദ്യത്തിലും മറ്റ് പാനീയങ്ങളിലും മയക്കുമരുന്ന് കലര്‍ത്തി പീഡനം നടത്തുന്നതും, പണം മോഷ്ടിക്കുന്നതുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് പുതിയ ഭീഷണി. കൃത്രിമ കഞ്ചാവ്, വേദനസംഹാരികള്‍, LSD മുതലായവയാണ് ആളുകളെ മയക്കാനായി വേപ്പറുകളില്‍ കലര്‍ത്തുന്നത്.

അയര്‍ലണ്ടില്‍ സ്‌പൈക്കിങ് നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. അതേസമയം പാനീയങ്ങളില്‍ കലര്‍ത്തി നല്‍കുന്നതോ, ശരീരത്തില്‍ സിറിഞ്ച് വഴി നേരിട്ട് കുത്തിവയ്ക്കുന്നതോ ആയ സംഭവങ്ങള്‍ മാത്രമാണ് ഈ നിയമത്തിന്റെ പരിധിയില്‍ വരിക. അതിനാല്‍ വേപ്പറുകളെ കൂടി ഉള്‍പ്പെടുത്തി നിയമം പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.

അപരിചതര്‍ നല്‍കുന്ന വേപ്പറുകളുപയോഗിച്ച് പുകവലിക്കാതിരിക്കുക, തങ്ങളുടെ വേപ്പറുകള്‍ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക, മറ്റുള്ളവര്‍ക്ക് മയക്കുമരുന്ന് കലര്‍ത്താന്‍ പാകത്തില്‍ വേപ്പറുകള്‍ അലക്ഷ്യമായി വയ്ക്കാതിരിക്കുക, അംഗീകൃത കടകളില്‍ നിന്നുമാത്രം വേപ്പറുകള്‍ വാങ്ങുക എന്നിവയാണ് ഇത്തരം സംഭവങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം.

Share this news

Leave a Reply

%d bloggers like this: