ഡബ്ലിനിൽ ഖനനസ്ഥലത്തു നിന്നും കണ്ടെടുത്തത് 1,000 വർഷത്തിലേറെ പഴക്കമുള്ള അസ്ഥികൂടങ്ങൾ

ഡബ്ലിനിലെ Capel Street-ല്‍ ഹോട്ടല്‍ നിര്‍മ്മാണസ്ഥലത്ത് ഖനനം നടത്തിയ പുരവാസ്തു ഗവേഷകര്‍ കണ്ടെടുത്തത് 100-ലധികം മനുഷ്യരുടെ അസ്ഥികൂടങ്ങള്‍. ഇതില്‍ പലതിനും 1,000 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് അനുമാനം.

Abbey Street, Mary’s Lane എന്നിവയ്ക്കിടയിലായി നിര്‍മ്മിക്കുന്ന Bullitt Hotel-ന്റെ സ്ഥലത്താണ് പുരാവ്‌സ്തുഖനനത്തിനിടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. ഇവിടെ മുമ്പ് ഒരു ക്രിസ്ത്യന്‍ ചര്‍ച്ച് ഉണ്ടായിരുന്നതായാണ് നിഗമനം. നഗരത്തില്‍ വൈക്കിങ്ങുകളുടെ കാലശേഷം നിര്‍മ്മിക്കപ്പെട്ട ഏറ്റവും പഴക്കമേറിയ സന്യാസിമഠം St Mary’s Abbey ആണെന്ന് വിശ്വസിച്ചിരിക്കേയാണ് അതിലും പഴക്കമേറിയ പള്ളി ഇവിടെ ഉണ്ടായിരുന്നതായി തെൡുകള്‍ ലഭിക്കുന്നത്.

ഈ പ്രദേശത്ത് 12-ആം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു മൊണാസ്റ്ററിയുടെയും, 17, 18 നൂറ്റാണ്ടുകളിലെ നിര്‍മ്മിതിയായ ഒരു പുരോഹിതസഭാ കെട്ടിടത്തിന്റെയും മറ്റും അവശിഷ്ടങ്ങള്‍ ഉണ്ട്. ഇതിന് പുറമെ 1700-കളില്‍ Dutch Billy ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു വ്യാപാരശാലയുടെ ബാക്കിയും നിലനില്‍ക്കുന്നു.

1139-ല്‍ നിര്‍മ്മിക്കപ്പെട്ട St Mary’s Abbey-യുടെ ഭാഗമായിരുന്നു ഈ സ്ഥലം. അതിനാല്‍ത്തന്നെ ഇവിടെ ഖനനം നടത്തിയ പുരാവസ്തുഗവേഷകര്‍, ഈ കാലഘട്ടത്തിലെ ശവകുടീരങ്ങള്‍ കണ്ടെത്തിയേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ശരീരങ്ങള്‍ അടക്കിയിരിക്കുന്ന രീതി വച്ചാണ് ഇവര്‍ ക്രിസ്തീയ മത വിശ്വാസക്കാരായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നത്. മിക്ക അസ്ഥികൂടങ്ങളും 1200-1540 കാലഘട്ടത്തില്‍ ജീവിച്ചവരുടെയാണെങ്കിലും, കുറഞ്ഞത് രണ്ടെണ്ണമെങ്കിലും 1000-ലേറെ വര്‍ഷം പഴക്കമുള്ളതാണ്.

St Mary’s Abbey നിര്‍മ്മിക്കുന്നതിനും മുമ്പാണ് ഇവരെ അടക്കം ചെയ്തതെന്നതിനാലാണ് ഇവിടെ Abbey-ക്കും മുമ്പ് വളരെ പ്രാചീനമായ ഒരു പള്ളി ഉണ്ടായിരുന്നിരിക്കാം എന്ന സംശയം ജനിക്കുന്നത്. മധ്യകാലഘട്ടത്തില്‍ അയര്‍ലണ്ടിലുണ്ടായിരുന്ന ഏറ്റവും വലുതും, സമ്പന്നവുമായി സന്യാസിമഠമായിരുന്നു St Mary’s Abbey. പിന്നീട് 1539-ല്‍ സന്യാസിമഠങ്ങള്‍ പിരിച്ചുവിടുന്നതിന്റെ ഭാഗമായി ഇവിടം പൊളിക്കുകയായിരുന്നു.

ഇവിടെ നിന്നും കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ കൂടുതല്‍ പഠനവിധേയമാക്കുകയും പിന്നീട് ദേശീയശേഖരം എന്ന നിലയ്ക്ക് നാഷണല്‍ മ്യൂസിയത്തിന് കൈമാറുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: