കണ്ണക്കിൽപ്പെടാത്ത സ്വത്ത് സമ്പാദനം; അയർലണ്ടിൽ റവന്യൂ പിരിച്ചെടുത്തത് 783 മില്ല്യൺ

അയര്‍ലണ്ടില്‍ കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ പോയ വര്‍ഷം നടത്തിയ കേസ് ഒത്തുതീര്‍പ്പുകളിലായി റവന്യൂ വകുപ്പ് പിരിച്ചെടുത്തത് 783 മില്യണ്‍ യൂറോ. 55,000-ഓളം കമ്പനികളില്‍ നിന്നും, വ്യക്തികളില്‍ നിന്നുമായാണ് വെളിപ്പെടുത്താത്ത സ്വത്തുക്കളുടെ വമ്പന്‍ ടാക്‌സ് തുക റവന്യൂ വകുപ്പ് ഈടാക്കിയത്. വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകള്‍ വ്യക്തമായത്.

35,684 കമ്പനികളില്‍ നിന്നും വിവിധ ഇനങ്ങളിലായി 665 മില്യണ്‍ യൂറോയാണ് ലഭിച്ചത്. ഓരോന്നിലും ഏകദേശം 19,000 യൂറോ വീതമാണിത്.

ബാക്കി 103 മില്യണ്‍ യൂറോ വ്യക്തികളില്‍ നിന്നുമാണ് ലഭിച്ചത്. ഏകദേശം 6,000 യൂറോ വീതം ഓരോരുത്തരില്‍ നിന്നും ഈടാക്കി. സ്വത്ത് വെളിപ്പെടുത്താത്ത കേസുകളില്‍ 31 ശതമാനവും വ്യക്തികളുടെ പേരിലാണ്.

307 മില്യണ്‍ ടാക്‌സായി നല്‍കിയ ഐടി മേഖലയാണ് വെളിപ്പെടുത്താത്ത സ്വത്ത് സമ്പാദനത്തില്‍ മുന്നില്‍. ചില്ലറക്കച്ചവടക്കാര്‍ 77 മില്യണുമായി രണ്ടാം സ്ഥാനത്തുണ്ട്.

സ്വത്ത് വെളിപ്പെടുത്താത്ത ആകെ ടാക്‌സ് ഒത്തുതീര്‍പ്പുകളില്‍ 418 മില്യണ്‍ യൂറോയും 20 വ്യക്തികളില്‍ നിന്നോ, സ്ഥാപനങ്ങളില്‍ നിന്നോ ഈടാക്കിയതാണ്. ഇവരുടെ വ്യക്തിത്വം സംരക്ഷിക്കേണ്ടതിനാല്‍ മറ്റ് വിവരങ്ങളൊന്നും പുറത്തുവിടാനാകില്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.

അധികാരികളോട് വെളിപ്പെടുത്താത്ത സ്വത്തിന്മേല്‍ നികുതിയടയ്ക്കാന്‍ തയ്യാറാകുന്നവര്‍ക്ക് മിക്കപ്പോഴും ചെറിയ പിഴശിക്ഷ മാത്രമേ ലഭിക്കൂവെന്നും, അതിനാല്‍ അത്തരക്കാര്‍ സ്വത്ത് വെളിപ്പെടുത്താന്‍ തയ്യാറാകണമെന്നും റവന്യൂ വകുപ്പ് ഓര്‍മ്മിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: