കോർക്കിൽ മലയാളിയായ ദീപ ദിനമണി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

കോര്‍ക്കിലെ Cardinal Court-ലുള്ള Wilton-ല്‍ മലയാളിയായ ദീപ ദിനമണി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രിയാണ് ദീപയെ (38) Wilton-ലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് റെജിൻ രാജനെയാണ് (41) ഗാര്‍ഡ അറസ്റ്റ് ചെയ്തത്.

Togher ഗാര്‍ഡ സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയ റെജിനെ, Wilton-ലെ Cardinal Court-ല്‍ ഹാജരാക്കി. റെജിന് വിഷാദരോഗമുണ്ടെന്നും, ജയിലില്‍ മാനസികരോഗവിദഗ്ദ്ധന്റെ ചികിത്സ ലഭ്യമാക്കണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ അഭ്യര്‍ത്ഥന കോടതി അംഗീകരിച്ചു. ഇയാള്‍ക്ക് വരുമാനമില്ലാത്തതിനാല്‍ സൗജന്യമായി ചികിത്സ ലഭ്യമാക്കണമെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചത്.

കൊലപാതക കുറ്റമായതിനാല്‍ ജില്ലാ കോടതിയില്‍ നിന്നും ജാമ്യം അനുവദിക്കാന്‍ സാധിക്കില്ല. തുടര്‍ന്ന് റിമാന്‍ഡില്‍ വിട്ട പ്രതിയെ, വ്യാഴാഴ്ച Cork District Court-ല്‍ വീഡിയോ ലിങ്ക് വഴി ഹാജരാക്കും.

ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന ദീപ ദിനമണി, കോര്‍ക്കിലെ എയര്‍പോര്‍ട്ട് ബിസിനസ് പാര്‍ക്കിലുള്ള Alter Domus Fund Services-ല്‍ സീനിയര്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇവര്‍ കോര്‍ക്കിലെത്തിയത്. നേരത്തെ ബാംഗ്ലൂരിലെ Apex Fund Services-ല്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായിരുന്ന ദീപയ്ക്ക്, 10 വര്‍ഷത്തിലേറെ ജോലിപരിചയമുണ്ട്.

കൊലപാതകസമയത്ത് ഇവരുടെ അഞ്ച് വയസുകാരനായ മകന്‍ വീട്ടിലുണ്ടായിരുന്നില്ല. സുഹൃത്തിന്റെ വീട്ടില്‍ നോക്കാനേല്‍പ്പിച്ച മകനെ കൂട്ടാനായി ദീപ വരാത്തതിനെത്തുടര്‍ന്ന് സുഹൃത്ത് ഇവിടെയെത്തിയപ്പോഴാണ് ദീപയ്ക്ക് കുത്തേറ്റതായി അറിഞ്ഞത്. അലാറം വഴി വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഗാര്‍ഡ, വീട്ടിലെ ബെഡ്‌റൂമില്‍ ദീപയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ദീപയുടെ ശരീരം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

വിദേശകാര്യമന്ത്രാലയവും, ഇന്ത്യന്‍ എംബസിയും ദീപയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്തുനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: