അയര്‍ലണ്ടിലും യു.കെയിലും ബോക്‌സ്ഓഫീസ് കളക്ഷനുകള്‍ വാരിക്കൂട്ടി ബാര്‍ബി. പുതിയ കണക്കുകള്‍ അനുസരിച്ച് അയര്‍ലണ്ടിലും യു.കെയിലും ഈ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും മികച്ച ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയില്‍ ബാര്‍ബി ഒന്നാം സ്ഥാനത്തെത്തി.
54.6 മില്യണ്‍ പൗണ്ട് കളക്ഷന്‍ നേടിയ ചിത്രം ‘ദ സൂപ്പര്‍ മാരിയോ ബ്രോസ്’-നെ, ആദ്യ മൂന്ന് വാരങ്ങളിലെ 67.5 മില്യണ്‍ പൗണ്ട് എന്ന കളക്ഷന്‍ കൊണ്ട് പിന്‍തള്ളിയാണ് ബാര്‍ബി ഈ നേട്ടം സ്വന്തമാക്കിയത്. ബാര്‍ബിയുടെ കളക്ഷന്‍ ഈ നിലയില്‍ തുടരുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയം നേടിയ പടം ‘ടോപ് ഗണ്‍ : മാവെറിക്ക്’ ന്റെ 83.7 മില്യണ്‍ പൗണ്ട് എന്ന റെക്കോര്‍ഡ് ഉടന്‍ മറികടക്കും. അങ്ങനെ മറികടക്കുകയോ അല്ലെങ്കില്‍ തത്തുല്യ കളക്ഷന്‍ നേടുകയോ ചെയ്‌തെങ്കില്‍ അയര്‍ലണ്ടിലെ എക്കാലത്തെയും പണംവരിക്കൂട്ടിയ 10 ചിത്രങ്ങളുടെ പട്ടികയില്‍ ബാര്‍ബിയും ചേര്‍ക്കപ്പെടും
ഗ്രെറ്റ ഗെര്‍വിഗ്ഗ് സംവിധാനം നിര്‍വഹിച്ച് കോമഡി, ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍, പ്രധാന കഥാപാത്രമായ ബാര്‍ബി ഡോള്‍ ആയി വേഷമിടുന്നത് മാര്‍ഗോ റോബി ആണ്.
ഒപ്പം ഈ വേനലില്‍ പുറത്തിറങ്ങിയ ‘ഓപ്പണ്‍ഹൈമറും’ പണംവാരി പടങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇറങ്ങി രണ്ടാഴ്ചയില്‍ തന്നെ അയര്‍ലണ്ടിലും യു.കെയിലുമായി 39.2 മില്യണ്‍ പൗണ്ട് നേടിയ ‘ഓപ്പണ്‍ഹൈമര്‍’ മാര്‍വല്‍ ചിത്രമായ ‘ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്‌സി- വോളിയം 3’ (36.7) യെയും സ്പൈഡര്‍മാന്‍ – എക്രോസ്സ് ദി സ്പൈഡര്‍വേഴ്‌സ് (30.4) നെയും മറികടന്നുകൊണ്ട് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ആറ്റമിക് ബോംബ് രൂപകല്പനയില്‍ സുപ്രധാന പങ്ക് വഹിച്ച അമേരിക്കന്‍ ഫിസിസിസ്റ്റായ ജെ. റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവചരിത്രം പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ക്രിസ്റ്റഫര്‍ നോളനാണ്. ഐറിഷ് ആക്റ്റര്‍ കിലിയന്‍ മര്‍ഫി ആണ് പ്രധാന കഥാപാത്രമായ ഓപ്പണ്‍ഹൈമറായി വേഷമിടുന്നത്.