ബാങ്ക് ഓഫ് അയർലണ്ടിന്റെ സോഫ്റ്റ്‌വെയർ പ്രശ്നം; അക്കൗണ്ടിൽ പണമില്ലാത്തവർക്കും 1,000 യൂറോ ലഭിക്കും; എടിഎമ്മിന് മുമ്പിൽ വൻ ക്യൂ

സോഫ്റ്റ്‌വെയർ പ്രശ്നം മൂലം ബാങ്ക് ഓഫ് അയർലണ്ടിൽ അക്കൗണ്ട് ഉള്ളവർക്ക്, അക്കൌണ്ടിൽ പണം ഇല്ലെങ്കിലും 1,000 യൂറോ വരെ പിൻവലിക്കാം എന്ന സ്ഥിതികാരണം അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ എടിഎമ്മിന് മുന്നിൽ വൻ ക്യൂ. പലയിടങ്ങളിലും ക്യൂ നിയന്ത്രിക്കാൻ ഗാർഡയ്ക്ക് ഇടപെടേണ്ട സ്ഥിതിയാണ് ഞായറാഴ്ച അർദ്ധരാത്രിയിലും ഉണ്ടായത്.

ബാങ്ക് ഓഫ് അയർലണ്ടിന്റെ മൊബൈൽ ആപ്പുകളും ഓൺലൈൻ വെബ്സൈറ്റും വഴിയുള്ള എല്ലാ ഇടപാടുകളും ഫ്രീസായ അവസ്ഥയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് സോഫ്റ്റ്‌വെയറിൽ ഉണ്ടായ തകരാർ മൂലമാണ് അക്കൗണ്ടിൽ പണം ഇല്ലാത്തവർക്ക് പോലും 1,000 യൂറോ വരെ പിൻവലിക്കാം എന്ന സ്ഥിതി ഉണ്ടാക്കിയത്. വാർത്ത പുറത്തുവന്നതോടെ നൂറുകണക്കിന് ആളുകളാണ് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനായി വന്നത്.

റെവല്യൂട്ട് ആപ്പ് വഴിയും നിരവധി പേർ പണം പിൻവലിച്ചു. പലയിടത്തും ക്യൂ നിയന്ത്രണാതീതമായതോടുകൂടി ഗാർഡ ഇടപെടേണ്ട സ്ഥിതിയിലേക്ക് എത്തിച്ചേർന്നു. പ്രശ്നം പരിഹരിക്കാൻ ബാങ്ക് അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും ഞായറാഴ്ച അർദ്ധരാത്രിയായിട്ടും പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല.

രാത്രി പന്ത്രണ്ട് മണിക്ക് ശേഷം വീണ്ടും 1,000 യൂറോ പിൻവലിച്ചവരും ഉണ്ട്. അങ്ങനെ ഉള്ളവർക്ക് രണ്ടു ദിവസമായി മൊത്തം 2,000 യൂറോ വരെ പിൻവലിക്കാൻ ആയി.

കഴിഞ്ഞ ദിവസമാണ് ഒരു ബില്യൺ യൂറോ കഴിഞ്ഞ അർദ്ധ വാർഷികത്തിൽ ബാങ്ക് ഓഫ് അയർലണ്ട് ലാഭമുണ്ടാക്കിയ വാർത്ത പുറത്തുവന്നത്. പണം പിൻവലിച്ചവർ പിന്നീട് പണം തിരികെ നൽകേണ്ടി വരുമെന്നും ഡെബിറ്റായി കണക്കാക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: