കേരളത്തിൽ തരംഗം തീർക്കുന്ന ‘ആർഡിഎക്സ്’ ഇനി അയർലണ്ടിൽ

ഓണത്തിന് റിലീസ് ആയി കേരളത്തില്‍ തരംഗം സൃഷ്ടിച്ച് പ്രദര്‍ശനം തുടരുന്ന ചിത്രം ‘ആര്‍ഡിഎക്സ്’ ഇനി അയര്‍ലണ്ടിലും. ആന്‍റണി വര്‍ഗീസ്‌, ഷെയ്ന്‍ നിഗം, നീരജ് മാധവ്, എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗത സംവിധായകനായ നഹാസ് ഹിദായത്ത് ഒരുക്കിയ ചിത്രം തീയേറ്ററില്‍ നിറഞ്ഞ കയ്യടികള്‍ ഏറ്റുവാങ്ങി മുന്നേറുകയാണ്.

ബോക്സിംഗ്,കരാട്ടെ,നഞ്ചക്ക് എന്നീ മാര്‍ഷ്യല്‍ ആര്‍ട്ട്സ് ചേര്‍ത്ത് കൊറിയോഗ്രാഫ് ചെയ്ത ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ‘കെജിഎഫ്’ ‘വിക്രം’ എന്നിവയുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്ത അന്‍പറിവ് സഹോദരങ്ങളാണ് ഈ ചിത്രത്തിന്‍റെയും ആക്ഷന്‍ കോറിയോഗ്രഫി ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ വില്ലന്മാരായി എത്തിയ വിഷ്ണു അഗസ്ത്യ, സന്ദീപ്‌, സിറാജ്, ദിനീഷ്, മിഥുന്‍ വേണുഗോപാല്‍, ഹരിശങ്കര്‍ എന്നിവരും മികച്ച അഭിനയമാണ് കാഴ്ച്ചവയ്ക്കുന്നത്. ആക്ഷന്‍, ഫാമിലി, ഇമോഷന്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ്.

ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സാം.സി.എസ്സും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അലക്സ് ജെ പുളിക്കലുമാണ്. വീക്കെന്റ് ബ്ലോക്ക്ബസ്റ്ററിന്‍റെ ബാനറില്‍ മിന്നല്‍ മുരളി, ബാംഗ്ലൂര്‍ ഡെയ്സ് എന്നിവയുടെ നിര്‍മാണം നിര്‍വഹിച്ച സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: