പോളണ്ടിൽ ലീജനയേഴ്സ് രോഗം പടരുന്നു; 14 മരണം

പോളണ്ടില്‍ ലീജനയേഴ്‌സ് (Legionnaires’) അസുഖം ബാധിച്ച് 14 മരണം. 150-ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഒമ്പത് പേര്‍ക്ക് രോഗബാധയുണ്ടായി. ലീജനയേഴ്‌സ് ബാധിച്ച പലരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ലീജനല്ല (legionella) ബാക്ടീരിയയാണ് ലീജനയേഴ്‌സ് രോഗം ഉണ്ടാക്കുന്നത്. തെക്ക്കിഴക്കന്‍ പോളണ്ടിലെ റെഷോയിലുള്ള ജലവിതരണശൃംഖലയില്‍ ഈ ബാക്ടീരിയ എത്തരത്തില്‍ എത്തി എന്ന് അന്വേഷണം നടക്കുകയാണ്.

ഉക്രെയിന് മാനുഷിക, സൈനിക സഹായമെത്തിക്കുന്നതും, യുഎസ് സൈനികരുടെ സാന്നിദ്ധ്യവുമുള്ളതുമായ പ്രദേശമാണ് റെഷോ എന്നതിനാല്‍ അട്ടിമറി ആശങ്കയുയര്‍ന്നെങ്കിലും അത്തരത്തിലുള്ള തെളിവുകളൊന്നും ഇതുവരെ ലഭ്യമല്ലെന്ന് പോളിഷ് അധികൃതര്‍ അറിയിച്ചു.

ബാക്ടീരിയ കലര്‍ന്ന വെള്ളത്തിന്റെ കണികകള്‍ ശ്വസനത്തിലൂടെ ശരീരത്തിലെത്തുകയും, ഇത് ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുകയുമാണ് ചെയ്യുന്നത്. കുളിക്കുക, ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുക, എസിയിലെ വായു ശ്വസിക്കുക എന്നിവ വഴി ബാക്ടീരിയ ശരീരത്തിലെത്താം. അതേസമയം ഈ വെള്ളം കുടിക്കുന്നത് രോഗബാധയ്ക്ക് കാരണമാകില്ല.

ജലദോഷപ്പനിയായി തുടങ്ങുന്ന രോഗം, പ്രതിരോധശേഷി കുറഞ്ഞവരെയും, 50-ന് മേല്‍ പ്രായമുള്ളവരെയുമാണ് കാര്യമായും ബാധിക്കുക. പോളണ്ടില്‍ മരിച്ചവരില്‍ ഭൂരിഭാഗവും പ്രായമേറിയവരാണ്.

സംഭവത്തെത്തുടര്‍ന്ന് വെള്ളത്തില്‍ കൂടുതല്‍ ക്ലോറിന്‍ കലര്‍ത്തിയ അധികൃതര്‍, വെള്ളം തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലീജനയേഴ്‌സ് രോഗം ആന്റിബയോട്ടിക്‌സ് ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: