ചില ചിരികൾക്ക് ആയിരം നക്ഷത്രങ്ങളുടെ തിളക്കമുണ്ട്, ചില രുചിക്കൂട്ടിന് സ്നേഹത്തിന്റെ മണമുണ്ട്, പലപ്പോളും ഒരു ഗ്ലാസ് വെള്ളത്തിന് പോലും സ്വാന്തനത്തിന്റെ തണുപ്പിറ്റിച്ചു തരുന്ന ചിലർ ജീവിതത്തിൽ അധികമുണ്ടാകില്ല. അങ്ങിനെ ലീമെറിക്കിലെ പ്രവാസികളുടെ തണൽ വൃക്ഷമായിരുന്ന ഏറ്റവും പ്രിയപ്പെട്ട സുജച്ചേച്ചി ഇനിയില്ല.
കഴിഞ്ഞ 20 വർഷത്തെ അയർലണ്ടിന്റെ ഇന്ത്യൻ പ്രവാസ ജീവിതത്തിനിടയിൽ ഇടപഴകിയ, തിരിച്ചറിഞ്ഞ, ഇഴപിരിക്കാനാവാത്ത വിധം സ്നേഹ സ്വാന്തനങ്ങളാൽ ഒപ്പം നിന്ന വളരെ ചുരുക്കം ആത്മബന്ധങ്ങളാണ് പൊതുവേ ഉണ്ടായിട്ടുള്ളത്. അതിൽ ഏറ്റവും പ്രിയപ്പെട്ടതാണ് ഇന്ന് കാഴ്ചയിൽ നിന്നും മറയുന്ന സുജ ചേച്ചി. ലീമെറിക്ക്‌കാർക്ക് മാത്രമല്ല തങ്ങൾ പരിചയപ്പെട്ടിട്ടുള്ള ഓരോ വ്യക്തിയും, കുടുംബവും അങ്ങേയറ്റത്തെ വേദനയോടെയല്ലാതെ സുജ പ്രദീപിനെ യാത്രയാക്കാനാവില്ല. അത്രമേൽ അനുഭവങ്ങൾ കൊണ്ട് ഒരു സമൂഹത്തിലാകെ ഇഴനെയ്തു കിടക്കുന്ന, തുറന്നസ്നേഹം കൊണ്ട് പരന്ന് കിടക്കുന്ന ജീവിതത്തിന്റെ ഉടമയായിരുന്നു സുജ പ്രദീപ്.
ഒരു ചെറുചിരി കൊണ്ടല്ലാതെ വരവേറ്റിട്ടില്ല, കുടിവെള്ളം തന്നുകൊണ്ടല്ലാതെ സംസാരിച്ചിട്ടില്ല, കുറഞ്ഞുപോയെന്ന് പരാതിയോടെയല്ലാതെ വിളമ്പിയിട്ടില്ല, ഇത്ര പെട്ടെന്ന് പോണോ എന്ന നീണ്ട പരിഭവത്തോടെയല്ലാതെ യാത്ര പറഞ്ഞിട്ടില്ല. ഏതു സന്തോഷത്തിലും, എത്ര വലിയ പ്രതിസന്ധിയിലും സമയമേതെന്ന് നോക്കാതെ കയറിച്ചെല്ലാൻ കഴിയുന്ന വീടിന്റെ നാഥയായിരുന്നു സുജ. ഏത് വിഷമത്തിലും സ്വാന്തനവുമായി ഓടിയെത്തുന്നവരിൽ പ്രധാനപ്പെട്ട സവിശേഷ വ്യക്തിത്വമായിരുന്നു. ഒരിക്കൽ പരിചയപ്പെട്ടവർ ഒരിക്കലും മറക്കാത്തത്ര ആഴത്തിൽ സ്നേഹംകൊണ്ട് മനസ്സിൽ സ്ഥാനം പിടിച്ചേ ചേച്ചി യാത്രയാക്കിയിട്ടുള്ളു. അവിടെ സുജയെന്നോ, ചേച്ചിയെന്നോ, അമ്മാജി എന്നോ സുജാജി എന്നോ ഉള്ള അനേകം ഓമനപ്പേരുകളിൽ പൊതിഞ്ഞിരുന്നത് അകമഴിഞ്ഞ സ്നേഹവും അങ്ങേയറ്റത്തെ ആർദ്രതയുമായിരുന്നു.
ഈ നൂറ്റാണ്ടിന്റെ തുടക്കം മുതലിങ്ങോട്ടുള്ള ലീമെറിക്കിലെ ഇന്ത്യൻ പ്രവാസികളുടെ സാമൂഹിക സാംസ്‌കാരിക ഇടങ്ങളെ സമ്പുഷ്ടമാക്കുന്നതിന് സുജ പ്രദീപ് വഹിച്ച പങ്ക് നിസ്തുലമാണ്. ഒരു സമൂഹത്തിന് എന്ത് നൽകണം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാകുകയാണ് സുജയുടെ ജീവിതം. കണ്ണീരുകൊണ്ടല്ലാതെ ആ സ്നേഹസ്വരൂപത്തെ ഈ സമൂഹത്തിന് യാത്രയാക്കാനാവില്ല. ഈ സമൂഹത്തിലെ ഓരോരുത്തർക്കും അത്രമേൽ പ്രയപ്പെട്ടതും, ഒപ്പം സ്നേഹവും ആർദ്രതയും കരുതലും നൽകിയ സുജയുടെ വിയോഗം താങ്ങാവുന്നതിലും അപ്പുറമാണ്.

സോനുവും, മീനുവും ഞങ്ങളുടെ കൂടി മക്കളാണ്. വിടർന്നു വരുന്ന ഓരോ മുകുളങ്ങൾക്കും വിരിഞ്ഞ പൂക്കൾ നൽകാറുള്ളത് സുഗന്ധം മാത്രമാണ്, ഒപ്പം മധുരവും. സുജയെന്ന സൗഗന്ധികത്തിന്റെ സുഗന്ധത്തിൽ വിരിഞ്ഞ നിങ്ങൾ, ആ മധു നുകർന്ന് വളർന്ന നിങ്ങൾ ഒരിക്കലും ജീവിതത്തിൽ ഒറ്റക്കാവില്ല. അതിലല്പം പങ്കുപറ്റിയ ഒരു വലിയ സമൂഹം നിങ്ങൾക്കൊപ്പമുണ്ട്. പ്രദീപ് രാംനാഥ് എന്ന മനുഷ്യന്റെ പതിറ്റാണ്ടുകൾ നീണ്ട യാത്രക്ക് പിന്നിലെ കരുത്താണ് ഇല്ലാതാവുന്നത്. ഇന്നലെ അവസാനമുണ്ടാക്കിയ ഭക്ഷണം രുചിച്ചപ്പോൾ പൊള്ളിയിറങ്ങിയത് കാൽ നൂറ്റാണ്ടിലെ ജീവിതത്തിന്റെ സ്മരണകളായിരുന്നെന്ന് ആ കണ്ണുനീർ പറയുന്നുണ്ടായിരുന്നു. ഒരാശ്വാസവാക്കുകളും അവിടെ പകരം വക്കാനില്ല, തോളുകളിൽ ആഞ്ഞൊന്നുമർത്താൻ പോലുമുള്ള ശേഷി ഒപ്പം നിൽക്കുന്നവരിൽ നിന്നൊഴുകിപ്പോകുന്നു. ചിമ്മുവിന് പകരം വക്കാൻ ഒന്നുമില്ലീ ഭൂമിയിൽ എന്ന തിരിച്ചറിവ് കണ്ണീർക്കണങ്ങളാക്കുന്നുണ്ട് ഞങ്ങളെയും.
സ്നേഹത്തിന്റെ പരിഭാഷപോലെ, ആർദ്രതയുടെ പര്യായം പോലെ, എതിരുട്ടിലും നിലാവിന്റെ നൈർമല്യം പോലെ, മരുഭൂമിയിലെ ഉച്ചയിൽ മഹാമേരു പോലെ സമൂഹത്തിനാകെ തണൽ പടർത്തിയാണ് സുജ യാത്രയാകുന്നത്. ആ ജീവിതത്തിൽ നിന്ന് അൽപ്പമെങ്കിലും പകർന്നുകിട്ടിയ ധന്യതയോടെ, കണ്ണീരോടെ നിർത്തുന്നു. വിട, അന്ത്യാഭിവാദ്യങ്ങൾ.
-രാജൻ ചിറ്റാർ