കുട്ടികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുന്നില്ല; ടിക്ടോക്കിന് 390 മില്യൺ പിഴയിട്ട് അയർലണ്ട്

കുട്ടികളുടെ അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് പ്രമുഖ വീഡിയോ ഷെയറിങ് ആപ്പായ ടിക്‌ടോക്കിന് 345 മില്യണ്‍ യൂറോ പിഴ. 2020 ജൂലൈ 31 മുതല്‍ ഡിസംബര്‍ 31 വരെ നടത്തിയ അന്വേഷണത്തില്‍, ഇയു ഡാറ്റ പ്രൊട്ടക്ഷന്‍ നിയന്ത്രണങ്ങള്‍ ആപ്പ് ലംഘിച്ചുവെന്ന് വ്യക്തമാക്കിയാണ് അയര്‍ലണ്ടിലെ Data Protection Commission (DPC) ഭീമന്‍ തുക പിഴയിട്ടത്. മൂന്ന് മാസത്തിനകം പ്രശ്‌നം പരിഹരിക്കാനുള്ള നടപടികളെടുക്കണമെന്നും കമ്പനിക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്.

ചൈനീസ് കമ്പനിയായ TikTok Technology Limited (TTL) ആണ് ടിക്‌ടോക്കിന്റെ ഉടമകള്‍.

കുട്ടികള്‍ ടിക് ടോക്കില്‍ അക്കൗണ്ട് എടുത്താല്‍ അവരുടെ പ്രൊഫൈലുകള്‍ ഡിഫോള്‍ട്ടായി പബ്ലിക് ആകുന്ന രീതിയിലാണ് ആപ്പിന്റെ സെറ്റിങ്‌സും, ഫീച്ചറുകളുമെന്ന് DPC പറയുന്നു. ഇത് കാരണം മുതിര്‍ന്നവര്‍ക്ക് ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്ത്, കുട്ടികളുമായി മെസേജ് അയച്ച് സൗഹൃദം സ്ഥാപിക്കാന്‍ സാധിക്കും. ആപ്പിലെ Family Pairing feature വഴി, വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകളുമായി കുട്ടികളുടെ അക്കൗണ്ട് പെയര്‍ ചെയ്യാനും സാധിക്കും. ഇതെല്ലാം കുട്ടികളുടെ സുരക്ഷയ്ക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നതായും, ഇയു നിയമങ്ങള്‍ക്ക് എതിരാണെന്നും DPC വ്യക്തമാക്കി.

അതേസമയം ഇതെല്ലാം മൂന്ന് വര്‍ഷം മുമ്പുള്ള സെറ്റിങ്‌സും, ഫീച്ചേഴ്‌സും ആയിരുന്നുവെന്നും, ഇതിലെല്ലാം മാറ്റങ്ങള്‍ വരുത്തി കുട്ടികള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന തരത്തില്‍ ആക്കിയിട്ടുണ്ടെന്നും ടിക് ടോക്ക് പ്രതികരിച്ചു. DPC നടപടിയോട്, പ്രത്യേകിച്ച് ഇത്രയും വലിയ തുക പിഴ ചുമത്തിയതിനോട് ബഹുമാനപൂര്‍വ്വം വിയോജിക്കുന്നതായും കമ്പനി പറഞ്ഞു.

ഇയു നിയമങ്ങള്‍ അനുസരിക്കാത്തതില്‍ ഫേസ്ബുക്ക് ഉടമകളായ മെറ്റയ്ക്ക് ഈ വര്‍ഷം 390 മില്യണ്‍ പിഴ DPC വിധിച്ചിരുന്നു. ജനുവരിയില്‍ വാട്‌സാപ്പിന് 5 മില്യണ്‍ യൂറോയും, കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റാഗ്രാമിന് 405 മില്യണ്‍ യൂറോയും ഇയു നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് DPC പിഴയിട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: