ഈ മരുന്നുകൾ കഴിച്ച് കാറോടിക്കല്ലേ… അപകടങ്ങൾക്ക് കാരണമായേക്കാം!

ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന ചില മരുന്നുകള്‍ കഴിച്ചാല്‍ ഡ്രൈവിങ്ങിനിടെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുമെന്നും, ഗാര്‍ഡയുടെ മയക്കുമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടേക്കാമെന്നും മുന്നറിയിപ്പ്. കാഴ്ച മങ്ങുക, കൈകള്‍ക്ക് വിറയല്‍ അനുഭവപ്പെടുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മനസിലാക്കാതെയാണ് പലരും ഇത്തരം മരുന്നുകള്‍ കഴിക്കുകയും, ഡ്രൈവ് ചെയ്യുകയും ചെയ്യുന്നതെന്നും ഡോക്ടര്‍ Maire Finn, RTE Radio-യില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ വ്യക്തമാക്കി.

മാരകമായ രോഗങ്ങള്‍ക്കോ, വിഷാദത്തിനോ, ഉത്കണ്ഠയ്‌ക്കോ ഒക്കെയാണ് ഇത്തരം മരുന്നുകള്‍ പൊതുവെ കുറിച്ചുനല്‍കുന്നത്. ഇതിന്റെ പാര്‍ശ്വഫലങ്ങളെ പറ്റി കഴിക്കുന്നവര്‍ക്ക് അറിയില്ല എന്നതിനാല്‍, ഇവ കുറിച്ചുനല്‍കുന്ന ഡോക്ടര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും Dr. Finn ഓര്‍മ്മിപ്പിച്ചു.

ഇത്തരത്തിലുള്ള പല മരുന്നുകളും അഡിക്ഷന്‍ ഉണ്ടാക്കുന്നവയാണ്. കൂട്ടുകാര്‍ക്കോ, ബന്ധുക്കള്‍ക്കോ കുറിച്ചുനല്‍കിയ മരുന്ന് വാങ്ങി സ്വയം ചികിത്സ നടത്തുന്നവരും ഉണ്ട്. ഹെറോയിന്‍ പോലെ മാരകമല്ലെങ്കിലും, ഡ്രൈവിങ് പോലുള്ളവ ചെയ്യുമ്പോള്‍ ശ്രദ്ധ നഷ്ടപ്പെടുന്ന തരത്തില്‍ ശരീരത്തെ ബാധിക്കുന്നവയാണ് benzodiazepines എന്ന് വിളിക്കപ്പെടുന്ന ഇവ. ഗാര്‍ഡ ചെക്കിങ്ങില്‍ ലഹരിയുപയോഗിച്ചു എന്ന് തെറ്റിദ്ധരിച്ച് പിടിക്കപ്പെടുകയും ചെയ്‌തേക്കാം.

തങ്ങള്‍ക്ക് ലഭിക്കുന്ന മരുന്നുകള്‍ക്ക് ഇത്തരം പാര്‍ശ്വഫലങ്ങളുണ്ടോ എന്ന് ഡോക്ടറോടും, ഫാര്‍മസിസ്റ്റിനോടും ചോദിച്ച് മനസിലാക്കണമെന്നും Dr. Finn ഓര്‍മ്മിപ്പിച്ചു. പുതുതായി നിര്‍ദ്ദേശിക്കപ്പെട്ട നിയമമാറ്റം ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു.

Share this news

Leave a Reply

%d bloggers like this: