അയർലണ്ടിലേയ്ക്കുള്ള കുടിയേറ്റം വർദ്ധിച്ചു;. രാജ്യത്തെ ജനസംഖ്യ 5.2 ദശലക്ഷം ആയി ഉയർന്നു

16 വര്‍ഷത്തിനിടെ അയര്‍ലണ്ടിലേയ്ക്ക് ഏറ്റവുമധികം പേര്‍ കുടിയേറിയത് കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെയെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022 ഏപ്രില്‍ മുതല്‍ 2023 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 141,000-ല്‍ അധികം പേരാണ് മെച്ചപ്പെട്ട ജീവിതം തേടി അയര്‍ലണ്ടിലെത്തിയത്. ഇതില്‍ 42,000 പേര്‍ യുദ്ധം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉക്രെയിനില്‍ നിന്നും പലായനം ചെയ്ത് എത്തിയവരുമാണ്.

രാജ്യത്തേയ്ക്ക് കഴിഞ്ഞ 12 മാസത്തിനിടെ കുടിയേറിയവരില്‍ 29,600 പേര്‍ പുറംരാജ്യങ്ങളിലെ താമസം മതിയാക്കി സ്വരാജ്യത്തേയ്ക്ക് തിരികെയെത്തിയ ഐറിഷ് പൗരന്മാരാണ്. മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും 26,100 പേരും, 4,800 യു.കെ പൗരന്മാരും ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടിലേയ്ക്ക് കുടിയേറി പാര്‍ത്തിട്ടുണ്ട്. ബാക്കിയുള്ള 81,100 പേര്‍ ഇയുവിന് പുറത്തെ വിവിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 42,000 ഉക്രെയിന്‍കാരും ഇതില്‍ പെടുന്നു.

2007 ഏപ്രിലിന് ശേഷം ഇത്രയുമധികം പേര്‍ അയര്‍ലണ്ടിലേയ്ക്ക് കുടിയേറുന്നത് ഇതാദ്യമാണ്. മാത്രമല്ല തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് രാജ്യം 100,000-ലധികം കുടിയേറ്റക്കാരെ സ്വീകരിക്കുന്നത്.

അയര്‍ലണ്ടില്‍ നിന്നും മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറിപ്പോയവരുടെ എണ്ണവും CSO പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2023 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 64,000 അയര്‍ലണ്ടുകാര്‍ രാജ്യം വിട്ടുപോയി. ഒരു വര്‍ഷം മുമ്പ് ഇത് 56,100 ആയിരുന്നു. സമീപവര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്രയും പേര്‍ രാജ്യം വിട്ടുപോകുന്നതും ആദ്യമാണ്.

കുടിയേറ്റം വര്‍ദ്ധിച്ചതോടെ അയര്‍ലണ്ടിലെ ആകെ ജനസംഖ്യ 5.28 ദശലക്ഷമായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കുടിയേറ്റക്കാരുടെയും, രാജ്യം വിട്ടുപോയവരുടെ കണക്കുകള്‍ക്ക് പുറമെ 55,000 ജനനങ്ങളും, 35,500 മരണങ്ങളുമാണ് ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടില്‍ രേഖപ്പെടുത്തിയത്. അതായത് ആകെ ജനസംഖ്യ 97,600-ഓളം ഒരു വര്‍ഷത്തിനിടെ ഉയര്‍ന്നു. 2008-ന് ശേഷം ജനസംഖ്യയില്‍ ഇത്രയധികം വാര്‍ഷിക വര്‍ദ്ധനയുണ്ടാകുന്നതും ആദ്യമാണ്.

ആകെ ജനസംഖ്യയിലെ 806,300 പേര്‍ 65-ന് വയസിന് മേല്‍ പ്രായമുള്ളവരാണ്. അതായത് 15.3%.

അയര്‍ലണ്ടിന്റെ തലസ്ഥാനം സ്ഥിതി ചെയ്യുന്ന ഡബ്ലിനില്‍ ജീവിക്കുന്നവരുടെ എണ്ണം 2011-ല്‍ ആകെ ജനസംഖ്യയുടെ 27.6% ആയിരുന്നെങ്കില്‍, 2023-ലേയ്ക്ക് എത്തുമ്പോള്‍ അത് 28.4% ആയി ഉയര്‍ന്നു. അതായത് ജനസംഖ്യയില്‍ 1,501,500 പേരും ജീവിക്കുന്ന ഡബ്ലിനിലാണ്.

Share this news

Leave a Reply

%d bloggers like this: