അയർലണ്ടിൽ വീശിയടിച്ച് ആഗ്നസ് കൊടുങ്കാറ്റ്; കോർക്കിൽ കെട്ടിടത്തിന്റെ മേൽക്കൂര പാറിപ്പോയി

അയര്‍ലണ്ടില്‍ ഇന്നലെ (ബുധനാഴ്ച) വീശിയടിച്ച ആഗ്നസ് കൊടുങ്കാറ്റ് ഉണ്ടാക്കിയത് വ്യാപകനാശനഷ്ടം. ശക്തമായ മഴയ്‌ക്കൊപ്പമെത്തിയ കൊടുങ്കാറ്റ് പലയിടത്തും വെള്ളപ്പൊക്കത്തിനും, കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും കാരണമായി.

കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ, കില്‍ക്കെന്നി, കാര്‍ലോ എന്നിവിടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് ഇന്നലെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

കാറ്റ് വീശിയടിച്ചതോടെ ആയിരക്കണക്കിന് വീടുകളിലെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടതായി ESB പറഞ്ഞു. ഇത് പുനഃസ്ഥാപിക്കാനുള്ള ജോലികള്‍ ഇന്നലെ വൈകുന്നേരത്തോടെ തന്നെ കഴിവതും പൂര്‍ത്തിയാക്കുമെന്നും ESB അധികൃതര്‍ അറിയിച്ചിരുന്നു.

പ്രതികൂല കാലാവസ്ഥ ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിച്ചില്ലെങ്കിലും, കെറി എയര്‍പോര്‍ട്ടില്‍ നിന്നും വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ക്ക് ലാന്‍ഡിങ് സൗകര്യം ഒരുക്കേണ്ടതായി വന്നു. കോര്‍ക്ക് എയര്‍പോര്‍ട്ടിലും സര്‍വീസുകള്‍ക്ക് ചെറിയ തടസം നേരിട്ടു.

ഫെറി സര്‍വീസുകള്‍ക്ക് തടസം നേരിട്ടതോടെ വരും ദിവസങ്ങളിലെ സമയക്രമങ്ങള്‍ പരിശോധിച്ച ശേഷം മാത്രം യാത്രയ്‌ക്കൊരുങ്ങാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പല കൗണ്ടികളിലും മരങ്ങള്‍ കടപുഴകുകയും, കോര്‍ക്കിലെ Youghal-ല്‍ വീശിയടിച്ച കാറ്റില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോകുകയും ചെയ്തു. അതേസമയം ആര്‍ക്കും ജീവന് അപായമൊന്നും സംഭവിച്ചിട്ടില്ല.

Share this news

Leave a Reply

%d bloggers like this: