‘വിന്ററിൽ ഫ്യൂസ് ഊരരുത്’; അയർലണ്ടിൽ ഗ്യാസിനും വൈദ്യുതിക്കും മൊറട്ടോറിയം പ്രഖ്യാപിച്ച് അധികൃതർ

അയര്‍ലണ്ടില്‍ വിന്റര്‍ സീസണ്‍ വരുന്ന് പ്രമാണിച്ച് വീടുകളിലെ ഗ്യാസ്, വൈദ്യുതി എന്നിവയുടെ കണക്ഷന്‍ വിച്ഛേദിക്കുന്നതിന് വിലക്ക് (മൊറട്ടോറിയം). The Commission for Regulation of Utilities (CRU) ഉത്തരവ് പ്രകാരം വിന്ററില്‍ ഗ്യാസ്, വൈദ്യുതി എന്നിവയെ ആശ്രയിക്കേണ്ടത് അനിവാര്യമാണെന്ന് കാട്ടി രജിസ്റ്റര്‍ ചെയ്ത വീടുകളിലെ കണക്ഷന്‍, പണം അടച്ചില്ലെങ്കിലും വിച്ഛേദിക്കാന്‍ പാടില്ല. ഒക്ടോബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ് ഈ നിയന്ത്രണമുള്ളത്.

ജീവിക്കാന്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ അത്യന്താപേക്ഷിതമായവരുടെ വീടുകളിലെ കണക്ഷനും വിച്ഛേദിക്കുന്നതിന് വിലക്കുണ്ട്.

ഇതിന് പുറമെ രാജ്യത്തെ ഒരു വീടുകളിലെയും ഗ്യാസ്, വൈദ്യുതി എന്നിവ ക്രിസ്മസ് കാലമായ ഡിസംബര്‍ 1 മുതല്‍ ജനുവരി 31 വരെ ഒരു കാരണവശാലും വിച്ഛേദിക്കരുതെന്നും CRU ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം സാധാരണ ഉപഭോക്താക്കളുടെ കണക്ഷന്‍ വിച്ഛേദിക്കല്‍ നിയന്ത്രണം ജനുവരി 31-ന് ശേഷം നീട്ടില്ലെന്നും CRU വ്യക്തമാക്കി. അങ്ങനെ ചെയ്യുന്ന പക്ഷം ബില്‍ തുക കൂടിവരികയും, ഒടുവില്‍ ഒരുമിച്ച് അടയ്ക്കാന്‍ പറ്റാത്ത സ്ഥിതി വരികയും ചെയ്യും. ഒപ്പം മൊറട്ടോറിയം നിയന്ത്രണം നീക്കുന്നതോടെ പണമടയ്ക്കാത്തവരുടെ കണക്ഷന്‍ വിച്ഛേദിക്കാനുള്ള സാധ്യതയും കൂടുതലാണ്.

വിന്ററിനോട് അനുബന്ധിച്ച് ഊര്‍ജ്ജാവശ്യങ്ങളുടെ പണമടയ്ക്കാനുള്ള കാലാവധി നീട്ടുക, ഉപയോഗത്തിന് മാത്രം പണം നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് (pay-as-you-go) അധികബാധ്യതയില്ലാതാക്കാനുള്ള നടപടി സ്വീകരിക്കുക, സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവരെ സഹായിക്കുക തുടങ്ങിയവയ്ക്ക് പുറമെയാണ് CRU മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: