10 വർഷത്തിനിടെ ഇതാദ്യമായി അയർലണ്ടിന്റെ ജിഡിപി കുറയുമെന്ന് The Economic and Social Research Institute (ESRI). രാജ്യത്തെ ബഹുരാഷ്ട്ര കമ്പനികളുടെ പ്രവർത്തനം മന്ദഗതിയിലായത് 2012- ന് ശേഷം ആദ്യമായി ജിഡിപി 1.6% കുറയാൻ കാരണമാകും. ഇതിന്റെ സൂചനയായി ഈ വർഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിലും ജിഡിപിയിൽ കുറവ് വന്നിട്ടുണ്ട്.
ഒരു രാജ്യത്തെ സാധനങ്ങൾ, സേവനങ്ങൾ എന്നിവയുടെ ആകെ മൂല്യത്തെയാണ് ഗ്രോസ്സ് ഡൊമസ്റ്റിക് പ്രോഡക്റ്റ് അഥവാ ജിഡിപി എന്ന് പറയുന്നത്.
വിദേശരാജ്യങ്ങളിൽ ഉടമസ്ഥരുള്ള അയർലണ്ടിലെ ബഹുരാഷ്ട്ര കമ്പനികളിൽ നിന്നാണ് സർക്കാരിന് കോർപ്പറേറ്റ് ടാക്‌സിന്റെ വലിയൊരു വിഹിതവും ലഭിക്കുന്നത്. ഇവയുടെ പ്രവർത്തനം മന്ദഗതിയിലായത് സർക്കാരിന്റെ ടാക്സ് വരുമാനത്തെയും ബാധിക്കും.
2021-ൽ രാജ്യത്തെ പ്രധാനപ്പെട്ട 3 ബഹുരാഷ്ട്ര കമ്പനികൾ സർക്കാരിൽ അടച്ച നികുതി 5.2 ബില്യൺ യൂറോ ആണ്. ആ വർഷത്തെ ആകെ ടാക്സ് വരുമാനത്തിന്റെ 8% ആയിരുന്നു ഇത്.
അതേസമയം ജിഡിപിയിൽ കുറവ് സംഭവിക്കുമെങ്കിലും അയർലണ്ടിന്റെ സമ്പദ് വ്യവസ്ഥ ഈ വർഷവും അടുത്ത വർഷവും വളർച്ച തുടരുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.