യൂറോപ്യൻ യൂണിയനിൽ കാൻസർ ബാധിക്കുന്നവർ ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നായി അയർലണ്ട്. യൂറോപ്യൻ കമ്മീഷൻ പുറത്തുവിട്ട 2022-ലെ റിപ്പോർട്ട് പ്രകാരം ഡെന്മാർക് കഴിഞ്ഞാൽ ഇയുവിൽ ഏറ്റവുമധികം കാൻസർ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അയർലണ്ടിലാണ്.
റിപ്പോർട്ട് പ്രകാരം അയർലണ്ടിലെ 1 ലക്ഷം ആളുകളിൽ 641.6 പേർക്ക് വീതം കാൻസർ ബാധിക്കുന്നു. ഇയു ശരാശരിയേക്കാൾ 12.1% മുകളിലാണിത്.
1 ലക്ഷത്തിൽ 728.5 പേർക്ക് കാൻസർ ബാധിക്കുന്ന ഡെന്മാർക് ആണ് പട്ടികയിൽ ഒന്നാമത്. ഇക്കാര്യത്തിൽ ഏറ്റവും താഴെ ബൾഗേറിയ ആണ്- 422.4.
അതേസമയം അയർലണ്ടിൽ സർവ്വ സാധാരണമായ തൊലിപ്പുറത്തെ കാൻസർ (non-melanoma skin cancer) കൂടാതെയുള്ള കണക്കാണിത്.
രോഗബാധിതരുടെ എണ്ണം കൂടുതൽ ആണെങ്കിലും കാൻസർ മരണങ്ങളുടെ കാര്യത്തിൽ 27 അംഗ ഇയു രാജ്യങ്ങളിൽ 15 ആം സ്ഥാനത്താണ് അയർലണ്ട്. 1 ലക്ഷത്തിൽ 260.1 പേരാണ് രാജ്യത്ത് കാൻസർ ബാധിച്ച് മരിക്കുന്നത്. മെച്ചപ്പെട്ട കാൻസർ ചികിത്സ ഇവിടെ ലഭ്യമാണെന്നതാണ് മരണങ്ങൾ കുറയാൻ കാരണം. ഇയുവിലെ ശരാശരിയാകട്ടെ 264.3 ആണ്.
ഇയുവിൽ ഏറ്റവുമധികം കാൻസർ മരണങ്ങൾ ഉണ്ടാകുന്നത് പോളണ്ടിൽ (330.5) ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2022 ൽ 26,900 ഓളം പേർക്ക് അയർലണ്ടിൽ പുതുതായി കാൻസർ സ്ഥിരീകരിച്ചപ്പോൾ 10,310 പേർ രോഗം ബാധിച്ചു മരിച്ചു .
ഇയുവിൽ അഞ്ചിൽ ഒന്ന് മരണങ്ങൾക്കും കാരണമാകുന്ന കാൻസർ ശ്വാസകോശത്തെ ബാധിക്കുന്നതാണ്. അഞ്ചിൽ ഒന്ന് കാൻസർ മരണങ്ങളും ഇത് കാരണമാണ്. Colorectal cancer (12.3% per cent), breast cancer (7.5%) pancreatic cancer (7.4%) എന്നിവയാണ് പിന്നാലെ.
മിക്ക കാൻസറുകളും നേരത്തെ കണ്ടെത്തിയാൽ ഭേദമാക്കാമെന്നിരിക്കെ ഇടയ്ക്കിടെ പരിശോധന നടത്തി മുൻകരുതൽ എടുക്കുന്നത് നല്ലതാണ്.