ഇറ്റലിയിലേക്ക് 1,250 യൂറോയ്ക്ക് ടൂർ പാക്കേജ്; അയർലണ്ടിലെ മലയാളി യുവാവിനെ മറ്റൊരു മലയാളി പറ്റിച്ചത് ഇങ്ങനെ…

ഇറ്റലിയിലേയ്ക്ക് വിനോദയാത്ര പോയി പറ്റിക്കപ്പെട്ട കഥയുമായി ഒരു അയര്‍ലണ്ട് മലയാളി. മനോഹര കാഴ്ചകളാല്‍ സമ്പന്നമായ ഇറ്റാലിയന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക എന്ന മോഹവുമായി ചെന്ന്, ഒരു മലയാളിയാല്‍ തന്നെ പറ്റിക്കപ്പെട്ട കഥയാണ് ഏറെക്കാലമായി അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയ ജോബി (പേര് സാങ്കല്‍പ്പികം) എന്ന യുവാവിന് പറയാനുള്ളത്.

ഇറ്റലിയിലെ ഭൂരിഭാഗം പേര്‍ക്കും ഇംഗ്ലിഷ് ഭാഷ വശമില്ല എന്നത് മുന്‍നിര്‍ത്തിയാണ് ടൂര്‍ അറേഞ്ച് ചെയ്യുന്ന ആരെയെങ്കിലും ബന്ധപ്പെട്ട് ഫാമിലിയോടൊപ്പം ഇറ്റലി സന്ദര്‍ശിക്കാമെന്ന് ജോബി തീരുമാനിക്കുന്നത്. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ വഴി മലയാളിയായ ഒരു ഇറ്റാലിയന്‍ പ്രവാസിയെ ഇതിനായി ബന്ധപ്പെടുന്നത്. ഇറ്റലിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഇദ്ദേഹം പാക്കേജ് ടൂര്‍ ഏര്‍പ്പാട് ചെയ്ത് നല്‍കുന്നയാളുമായിരുന്നു.

1,250 യൂറോ ആണ് ടൂര്‍ പാക്കേജ് തുകയായി ഇദ്ദേഹം ജോബിയോട് പറഞ്ഞത്. ഇറ്റലിയിലെ സ്ഥലങ്ങള്‍ കാണിക്കുക, താമസം, ബ്രേക്ക്ഫാസ്റ്റ്, വീട്ടില്‍ നിന്നുമെത്തിക്കുന്ന ഡിന്നര്‍ എന്നിവയാണ് പാക്കേജില്‍ അടങ്ങിയിരുന്നത്. വെനീസിലേയ്ക്ക് പോകുന്നതിന് മാത്രം വേറെ തുക നല്‍കണം.

അയര്‍ലണ്ടിലെ ജോലിക്കിടെയുള്ള ടെന്‍ഷനില്‍ നിന്നും രക്ഷ നേടാനായി ടൂര്‍ പ്ലാന്‍ ചെയ്ത് ഇറ്റലിയിലെത്തിയ ജോബി, ആദ്യത്തെ രണ്ട് ദിവസങ്ങള്‍ ഫാമിലിയോടൊപ്പം നന്നായി ആസ്വദിച്ചു. മൂന്നാം ദിവസം വെനീസിലെത്തി താമസത്തിനുള്ള തുക നല്‍കാന്‍ തുടങ്ങിയപ്പോഴാണ് മലയാളിയായ ടൂര്‍ മാനേജര്‍ കളം മാറ്റി ചവിട്ടിയത്. 1,250 അല്ല 1,750 യൂറോ ആണ് പാക്കേജായി താന്‍ പറഞ്ഞതെന്നായിരുന്നു ഇദ്ദേഹത്തിന്റെ പക്ഷം. 1,250 ആണ് പറഞ്ഞതെന്ന് ജോബിക്കും, ഭാര്യയ്ക്കും ഉറപ്പായിരുന്നു. അതുകൊണ്ടാണ് ടൂറിന് ഇറങ്ങിപ്പുറപ്പെട്ടതു തന്നെ.

പക്ഷേ അത് തെളിയിക്കാനായി വാട്‌സാപ്പ് സന്ദേശമോ, മറ്റ് രേഖകളോ ഒന്നും ജോബിയുടെ കൈയില്‍ ഉണ്ടായിരുന്നില്ല. തുക അടക്കം എല്ലാ കാര്യങ്ങളും ഫോണ്‍ വഴി നേരിട്ട് വിളിച്ച് സംസാരിക്കുകയാണ് ഉണ്ടായത്. പണം വാങ്ങുന്നതും നേരിട്ടായതിനാല്‍ അതിനും രേഖയില്ല. മലയാളിയായതിനാലാണ് ടൂര്‍ മാനേജറെ താന്‍ ഇക്കാര്യത്തിലെല്ലാം വിശ്വസിച്ചതെന്നും ജോബി പറയുന്നു.

ഈ സാഹചര്യത്തില്‍ ഇറ്റാലിയന്‍ ഭാഷ വശമില്ലാത്തതിനാലും, അവിടെ മറ്റ് പരിചയങ്ങളൊന്നും ഇല്ലാത്തതിനാലും ഒടുവില്‍ ടൂര്‍ മാനേജറിന്റെ വാശിക്ക് വഴങ്ങി 1,650 യൂറോ ജോബി നല്‍കി. ശേഷം രണ്ട് ദിവസം കൂടി ഇറ്റലി സന്ദര്‍ശനം തുടര്‍ന്നെങ്കിലും, പറ്റിക്കപ്പെട്ടു എന്ന തോന്നലില്‍ ഒന്നും ആസ്വദിക്കാന്‍ കഴിയാതെ ദുഃഖത്തോടെയാണ് ജോബിയും കുടുംബവും അയര്‍ലണ്ടിലേയ്ക്ക് മടങ്ങിയത്.

ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തുടര്‍ന്നും നടക്കാമെന്നും, മലയാളി അല്ലെങ്കില്‍ ഇന്ത്യക്കാരനാണ് ടൂര്‍ മാനേജര്‍ എന്നതിനാല്‍ നമ്മള്‍ അയാളെ പൂര്‍ണ്ണമായും വിശ്വസിക്കുന്നത് കാരണം തട്ടിപ്പുകള്‍ നടത്താന്‍ അവര്‍ക്ക് എളുപ്പമാണെന്നും ജോബി പറയുന്നു. ടൂര്‍ പാക്കേജ് തുക കൃത്യമായി എഴുതി വാങ്ങുക, അതല്ലെങ്കില്‍ വാട്‌സാപ്പ് സന്ദേശമായി മേടിക്കുക, പണം ഓണ്‍ലൈന്‍ വഴി മാത്രം അയച്ചുനല്‍കുക എന്നിവയാണ് ഇത്തരം തട്ടിപ്പില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലായി ചെയ്യേണ്ടത്. മലയാളിയാണെന്ന് കരുതി അവരെ ഒരു കാരണവശാലും കണ്ണടച്ച് വിശ്വസിക്കുകയുമരുത്.

ഇറ്റലിക്കാര്‍ക്ക് പൊതുവെ ഇംഗ്ലിഷ് നന്നായി കൈകാര്യം ചെയ്യാന്‍ അറിയില്ലെങ്കിലും, നമ്മള്‍ ഇംഗ്ലിഷില്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ക്ക് മനസിലാകുമെന്നും, അവര്‍ തിരികെ മുറി ഇംഗ്ലിഷിലും, ഇറ്റാലിയനിലുമായി പറയുന്നത് നമുക്കും മനസിലാകുമെന്നും തന്റെ അനുഭവത്തില്‍ നിന്നും ജോബി പറയുന്നു. അതിനാല്‍ ഭാഷയറിയില്ല എന്ന കാരണം കൊണ്ട് മാത്രം ഇത്തരം ടൂര്‍ മാനേജര്‍മാരെ ആശ്രയിക്കേണ്ടതില്ല. പകരം അംഗീകൃത ടൂര്‍ മാനേജര്‍മാരെ ബന്ധപ്പെട്ടോ, അതല്ലെങ്കില്‍ സ്വയം യാത്ര ചെയ്യുകയോ ചെയ്യുക.

ഇറ്റലി പോലെ ഭാഷ വശമില്ലാത്ത മറ്റ് രാജ്യങ്ങളിലേയ്ക്ക് ടൂര്‍ പോകുമ്പോള്‍, മലയാളി ആണെങ്കിലും ടൂര്‍ മാനേജറെ മാത്രം വിശ്വസിച്ച് യാത്ര പുറപ്പെടേണ്ടതില്ലെന്ന് ചുരുക്കം.

Share this news

Leave a Reply

%d bloggers like this: