അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് ഫുട്ബോളിന്റെ അവേശ നിമിഷങ്ങൾ സമ്മാനിച്ച് വാട്ടർഫോർഡ് ടൈഗേർസ് സംഘടിപ്പിച്ച അഞ്ചാമത് സെവൻസ് ഫുട്ബോൾ മേളയുടെ കൊടിയിറങ്ങി.
ബാലി ഗണ്ണർ ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രിയും പകലുമായി നടന്ന മൽസരങ്ങൾ കാണാൻ നൂറു കണക്കിന് പ്രവാസി മലയാളികളാണ് കുടുംബ സമേതം എത്തിയത്. അണ്ടർ 30 , 30 പ്ലസ് വിഭാഗങ്ങളിലായി 16 ടീമുകളാണ് ഏറ്റുമുട്ടിയത്.

അണ്ടർ 30 വിഭാഗത്തിലെ വാശിയേറിയ മൽസരത്തിൽ ഗോൾവേ ഗ്യാലക്സിയെ ഷൂട്ടൗട്ടിൽ മറികടന്ന് ഡബ്ലിൻ സ്ട്രൈക്കേർസ് ജേതാക്കളായി. മുഴുവൻ സമയത്ത് ഓരോ ഗോളുകൾ വീതം നേടി ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു.



ഈ വിഭാഗത്തിലെ മികച്ച കളിക്കാരനായി ഗോൾവേ ഗാലക്ക്സിയുടെ അമലിനെ തിരഞ്ഞെടുത്തു.മികച്ച പ്രതിരോധനിര താരമായി ഡബ്ലിൻ സ്ട്രൈക്കേഴ്‌സിന്റെ റോണിത് ജെയിനിനെയും,മികച്ച കീപ്പറായി ഗോൾവേ ഗാലക്ക്സിയുടെ സണ്ണി എബ്രഹാമിനെയും തിരഞ്ഞെടുത്തു.

30 പ്ലസ് വിഭാഗത്തിൽ ഡബ്ലിൻ യുണൈറ്റഡ് ജേതാക്കളായി. ആവേശകരമായ കലാശ പോരാട്ടത്തിൽ ഐറിഷ് ടസ്‌ക്കേഴ്‌സിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക്പ രാജയപ്പെടുത്തിയാണ് ഡബ്ലിൻ യുണൈറ്റഡ് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്.


മികച്ച താരമായി ഡബ്ലിൻ യുണൈറ്റഡിന്റെ ഹാദിയെയും,മികച്ച പ്രതിരോധ നിര താരമായി വാട്ടർഫോഡ് ടൈഗേഴ്‌സിന്റെ ജിബിൻ ആന്റണിയെയും , മികച്ച കീപ്പറായി കാർത്തിക് കമ്മത്തിനെയും തിരഞ്ഞെടുത്തു.


അഞ്ചാം തവണയും സെവൻസ് മേള വിജയമാക്കിയ എല്ലാ പ്രവാസി മലയാളികളോടും സംഘാടകർ നന്ദിയും പറയുകയുണ്ടായി.