അയർലണ്ടിൽ വാടകനിരക്ക് വീണ്ടും ഉയർന്നു; നിലവിലെ ശരാശരി മാസവാടക എത്ര?

ഭവനപ്രതിസന്ധി തുടരുന്ന അയര്‍ലണ്ടില്‍ വീട്ടുവാടക വീണ്ടും മേല്‍പോട്ട്. നിലവില്‍ മാസം 1,825 യൂറോയോളമാണ് അയര്‍ലണ്ടിലെ ശരാശരി വാടകനിരക്ക്. 2011 അവസാനകാലത്ത് ഇത് മാസം 765 യൂറോ ആയിരുന്നു. അതേസമയം കോവിഡ് ലോക്ക്ഡൗണിന് ശേഷമുള്ള മാസങ്ങളെക്കാള്‍ വാടകമേഖലയില്‍ നിലവില്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, 2023-ന്റെ രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍) രാജ്യവ്യാപകമായി വാടകനിരക്ക് ഉയര്‍ന്നത് ശരാശരി 1.8% ആണ്.

അതേസമയം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഡബ്ലിനില്‍ 0.4% മാത്രമാണ് മൂന്ന് മാസത്തിനിടെയുള്ള വര്‍ദ്ധന. കൂടുതല്‍ വാടകവീടുകള്‍ ലഭ്യമായതാണ് ഇതിന് കാരണം. നവംബര്‍ 1-ലെ കണക്കനുസരിച്ച് 1,800 വീടുകളായിരുന്നു രാജ്യമങ്ങുമായി വാടകയ്ക്ക് ലഭ്യമായിരുന്നത്. ഒരു വര്‍ഷം മുമ്പ് ഇത് 1,100 ആയിരുന്നു. 700 വാടകവീടുകളുടെ വര്‍ദ്ധനയില്‍ 600 എണ്ണവും ഡബ്ലിനിലാണെന്നതും ഇതോടൊപ്പം കൂട്ടി വായിക്കണം.

അതേസമയം ഒരു വര്‍ഷത്തിനിടെ ഡബ്ലിനിലെ വാടകനിരക്ക് 4.3% വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡബ്ലിന് പുറത്ത് ഇത് 7.8% ആണ്.

ഡബ്ലിന് പുറത്തുള്ള പ്രധാന നഗരങ്ങളായ കോര്‍ക്ക്, ലിമറിക്ക്, ഗോള്‍വേ, വാട്ടര്‍ഫോര്‍ഡ് എന്നീ നഗരങ്ങളിലും 2023-ന്റെ മൂന്നാം പാദത്തില്‍ വാടകനിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. കോര്‍ക്കില്‍ 5%, ലിമറിക്കില്‍ 7.2%, ഗോള്‍വേ സിറ്റിയില്‍ 6.2%, വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ 5.4% എന്നിങ്ങനെയാണ് മൂന്ന് മാസത്തിനിടെയുള്ള വര്‍ദ്ധന.

Share this news

Leave a Reply

%d bloggers like this: