Dunnes Stores അടക്കം അയര്‍ലണ്ടിലെ വന്‍കിട സ്ഥാപനങ്ങളുടെ സഹഉടമയായ വ്യവസായി Ben Dunne അന്തരിച്ചു. 74 വയസായിരുന്നു. ഭാര്യ മേരിക്കും, നാല് മക്കള്‍ക്കുമൊപ്പാണ് Dunne കഴിഞ്ഞിരുന്നത്. ദുബായില്‍ വച്ചായിരുന്നു അന്ത്യം.
അയര്‍ലണ്ടിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ചെയ്‌നുകളിലൊന്നായ Dunnes Stores-ന്റെ മുന്‍ ഡയറക്ടറായിരുന്നു Ben Dunnes. ഫാമിലി ബിസിനസായാണ് ഇത് നടത്തുന്നത്.
രാജ്യത്തെ ഫിറ്റ്‌നസ് മേഖലയിലും കൈവച്ച Dunnes, Ben Dunne Gym എന്ന പേരില്‍ ജിം ശൃംഖലകളും ആരംഭിച്ചിരുന്നു.
ആറ് മക്കളില്‍ ഇളയവനായി 1949 മാര്‍ച്ച് 11-ന് കോര്‍ക്കിലാണ് ബെന്‍ ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് 1944-ലാണ് Dunnes Stores സ്ഥാപിച്ചത്.
1981-ല്‍ ബെന്നിനെ Irish Republican Army തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.
1992-ല്‍ ഫ്‌ളോറിഡയില്‍ വച്ച് കൊക്കെയ്‌നുമായി പിടിക്കപ്പെട്ടതാണ് Dunnes Stores-ന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അദ്ദേഹം പടിയിറങ്ങാന്‍ കാരണമായത്.