ഡബ്ലിനിൽ നടന്ന കലാപത്തിൽ അക്രമികൾ നശിപ്പിച്ചത് മലയാളിയുടെ കട; ഭീതിത ദിനം വിവരിച്ച് കട ഉടമ 

ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയര്‍ ഈസ്റ്റില്‍ ഒരാഴ്ച മുമ്പ് നടന്ന കലാപത്തിനിടെ വ്യാപക നഷ്ടം നേരിട്ട കടകളില്‍ ഒന്ന് മലയാളിയുടേത്. Lower Abbey Street-ലെ The Gala Express എന്ന കടയുടെ സഹഉടമയും, മലയാളിയുമായ റെജി യോഹന്നാന്‍, ഭയത്തോടെയാണ് ആ ദിവസത്തെ കുറിച്ച് ഓര്‍ക്കുന്നത്.

പ്രദേശത്തെ സ്‌കൂളിന് സമീപം ഒരു അക്രമി, മൂന്ന് കുട്ടികളടക്കം നാല് പേരെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അക്രമി കുടിയേറ്റക്കാരനാണെന്നത് പുറത്തുവന്നതോടെ തീവ്രവലതുപക്ഷ വാദികള്‍ നഗരത്തില്‍ കലാപവും, ആക്രമണവും അഴിച്ചുവിടുകയായിരുന്നു. കലാപത്തില്‍ 13 ഗാര്‍ഡ വാഹനങ്ങള്‍, ഒരു ബസ്, ലുവാസ് എന്നിവ തീവച്ചും മറ്റും നശിപ്പിക്കുകയും, റെജിയുടേത് അടക്കം 13 കടകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു. ഏതാനും ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്കും അക്രമങ്ങളില്‍ പരിക്കേറ്റിരുന്നു. തുടര്‍ന്ന് 34 പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി അയര്‍ലണ്ടില്‍ പ്രവാസിയാണ് റെജി യോഹന്നാന്‍. The Gala Express കടയുടെ സഹ ഉടമയായ ഇദ്ദേഹത്തിന് ഏകദേശം 80,000 യൂറോയുടെ നഷ്ടമാണ് നവംബര്‍ 23-ന് നടന്ന കലാപത്തില്‍ സംഭവിച്ചത്.

ചുറ്റികകളും, കത്തികളുമായാണ് രാത്രി 8 മണിയോടെ ഒരുപറ്റം അക്രമികള്‍ കടയിലേയ്ക്ക് കയറിയതെന്നും, തുടര്‍ന്ന് സാധനങ്ങള്‍ തല്ലിത്തകര്‍ത്ത അവര്‍, പണം, മദ്യം, സിഗരറ്റ്, വേപ്പര്‍ എന്നിവ മോഷ്ടിച്ചുവെന്നും റെജി പറയുന്നു. ഇത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അക്രമികള്‍ കടയിലേയ്ക്ക് കയറിയതും, മറ്റ് രണ്ട് ജീവനക്കാരോടൊപ്പം റെജി, ബേസ്‌മെന്റില്‍ പോയി ഒളിച്ചു. ഇതിനിടെ 20 തവണയോളം ഗാര്‍ഡയെ ഫോണ്‍ ചെയ്ത് സഹായമഭ്യര്‍ത്ഥിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. പിന്നീട് ഷോപ്പിലെ മറ്റൊരു ജീവനക്കാരനെ വീട്ടില്‍ നിന്നും വിളിച്ചുവരുത്തി, അദ്ദേഹം ഒരു ഗാര്‍ഡ ഉദ്യോഗസ്ഥനെയും കൂട്ടി വന്നശേഷമാണ് റെജിയും, മറ്റുള്ളവരും പുറത്ത് കടന്നത്. മുകളിലേയ്ക്ക് കയറിവന്നാല്‍ സംഘം കടയ്ക്ക് തീ വയ്ക്കുമെന്ന് റെജി ഭയപ്പെട്ടിരുന്നു.

കോഫി മെഷീന്‍, ടില്ലര്‍ എന്നിവ തകര്‍ത്തത് അടക്കം 80,000 യൂറോയുടെ നഷ്ടം ഇന്‍ഷുറന്‍സ് വഴി നികത്താനാണ് റെജി ഇപ്പോള്‍ ശ്രമിക്കുന്നത്.

പക്ഷേ ഇത്രയും കാലം ഇവിടെ ജീവിച്ച ഇദ്ദേഹത്തിന് ഈ സംഭവത്തോടെ സുരക്ഷിതത്വബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. തങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ടത് സര്‍ക്കാരിന്റെയും, ഗാര്‍ഡയുടെയും ചുമതലയാണ്. ഇത് ഇനി സംഭവിക്കാന്‍ പാടില്ല, റെജി പറയുന്നു.

അതേസമയം ഭാര്യയ്ക്കും, രണ്ട് മക്കള്‍ക്കുമൊപ്പം കേരളത്തിലേയ്ക്ക് തിരിച്ചുപോയാലോ എന്നാണ് താന്‍ ഇപ്പോള്‍ ആലോചിക്കുന്നതെന്നും റെജി പറയുന്നു.

രാജ്യത്ത്, പ്രത്യേകിച്ചും ഡബ്ലിനില്‍ കച്ചവടക്കാര്‍ക്ക് നേരെയുള്ള അക്രമസംഭവങ്ങള്‍ ഈയിടെയായി വര്‍ദ്ധിച്ചുവരികയാണെന്ന് Convenience Stores and Newsagents Association പറയുന്നു. അതിന്റെ ആളിക്കത്തലാണ് വ്യാഴാഴ്ച കണ്ടത്. കച്ചവടക്കാരെയും മുന്‍നിര ജോലിക്കാരായി കണ്ട്, അവരെ ആക്രമിക്കുന്നവര്‍ക്ക്, ഗാര്‍ഡയെയോ, നഴ്‌സുമാരെയോ ആക്രമിക്കുന്നത് പോലെ കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുകയാണെന്നും സംഘടന പറയുന്നു. നേരത്തെ അക്രമസംഭവങ്ങളുടെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ നടപടികളൊന്നും കൈക്കൊണ്ടില്ലെന്നും സംഘടന മേധാവിയായ Vincent Jennings കുറ്റപ്പെടുത്തുന്നു.

Share this news

Leave a Reply

%d bloggers like this: