അയർലണ്ടിലെ നഴ്‌സിങ് ജോലിയിൽ നിന്നും സിനിമാ നിർമ്മാതാവിലേയ്ക്ക്; തിയറ്ററുകൾ നിറഞ്ഞോടി നൈസി-റെജി ദമ്പതികളുടെ ‘ഡാൻസ് പാർട്ടി’

അയര്‍ലണ്ടിലെ പ്രവാസജീവിതത്തില്‍ നിന്നും മലയാളസിനിമയിലേയ്ക്ക് നടന്നുകയറി ദമ്പതികളായ നൈസിയും, റെജിയും. ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തി, മികച്ച അഭിപ്രായവുമായി മുന്നേറുന്ന ‘ഡാന്‍സ് പാര്‍ട്ടി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് ഏറെക്കാലം അയര്‍ലണ്ടില്‍ പ്രവാസജീവിതം നയിച്ച ദമ്പതികളായ നൈസി റെജിയും, റെജി പ്രോത്താസിസും.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി, ഡാന്‍സിന് പ്രധാന്യം നല്‍കിക്കൊണ്ട് സോഹന്‍ സീനുലാലാണ് ‘ഡാന്‍സ് പാര്‍ട്ടി’ സംവിധാനം ചെയ്തിരിക്കുന്നത്.

അയര്‍ലണ്ടില്‍ നഴ്‌സായി ജോലിചെയ്യുകയായിരുന്നു നൈസി. റെജിയാകട്ടെ ഇവിടെ ബിസിനസ് നടത്തിവരികയും ചെയ്തു. പത്ത് വര്‍ഷം മുമ്പാണ് ഇരുവരും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സെറ്റില്‍ ചെയ്തത്. വൈകാതെ തന്നെ ഏറെക്കാലമായുണ്ടായിരുന്ന, സിനിമ നിര്‍മ്മിക്കുക എന്ന സ്വപ്‌നത്തിന് പിന്നാലെ ഇരുവരും യാത്രയുമാരംഭിച്ചു. 2022-ലാണ് സോഹന്‍ സീനുലാല്‍ ‘ഡാന്‍സ് പാര്‍ട്ടി’യെന്ന ചിത്രത്തിന്റെ കഥയുമായി വരുന്നതും, ആ ചര്‍ച്ച ഒടുവില്‍ സിനിമയായി തിയറ്ററില്‍ നിറഞ്ഞോടുകയും ചെയ്തിരിക്കുന്നത്.

പ്രധാനതാരങ്ങള്‍ക്ക് പുറമെ രാഹുല്‍ രാജ്, ബിജിബാല്‍, വീ ത്രീ കെ എന്നിവരുടെ സംഗീതവും ‘ഡാന്‍സ് പാര്‍ട്ടി’യെ ആകര്‍ഷകമാക്കുന്നുണ്ട്. ഗാനങ്ങള്‍ ഇതിനോടകം ഹിറ്റാവുകയും ചെയ്തു.

പലരും സിനിമ ചെയ്യുന്നതിനെ എതിര്‍ക്കുകയും, പൈസ നഷ്ടമാകുമെന്ന് പറയുകയും ചെയ്‌തെങ്കിലും, നഷ്ടം വരില്ലെന്ന ഉറപ്പില്‍ നൈസിയും, റെജിയും ഒരുമിച്ച് മുന്നോട്ട് പോയി. ആദ്യ ചര്‍ച്ച മുതല്‍ സിനിമ റിലീസ് ആകുന്നത് വരെ ഇരുവരും നിഴലായി കൂടെനില്‍ക്കുകയും ചെയ്തു.

പ്രവാസം തന്ന ഊര്‍ജ്ജം, സ്വപ്‌നത്തിലേയ്ക്കുള്ള ചവിട്ടുപടിയാക്കിയ നൈസിയും, റെജിയും മലയാള സിനിമയുടെ ഉയരങ്ങള്‍ കീഴടക്കട്ടെ…!

Share this news

Leave a Reply

%d bloggers like this: