അയർലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2023

അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായാണ് 2023 കടന്നുപോകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പായ Met Eireann. 124 വര്‍ഷം മുമ്പ് രാജ്യത്ത് അന്തരീക്ഷതാപനില അളക്കാന്‍ തുടങ്ങിയ ശേഷം ഇത്രയധികം ചൂട് അനുഭവപ്പെടുന്നത് ആദ്യമായാണ്. ചരിത്രത്തിലാദ്യമായി ശരാശി വാര്‍ഷിക താപനില 11 ഡിഗ്രി സെല്‍ഷ്യസ് കടക്കുകയും ചെയ്തു.

2022 ആയിരുന്നു ഇതിന് മുമ്പ് അയര്‍ലണ്ടില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട വര്‍ഷം.

2023-ലെ ജൂണ്‍ ആണ് ഇതുവരെയുണ്ടായതില്‍ വച്ച് അയര്‍ലണ്ടിലെ ഏറ്റവും ചൂടേറിയ മാസം. അതേസമയം മാര്‍ച്ച്, ജൂലൈ മാസങ്ങളിലാണ് ഇതുവരെയുള്ളതില്‍ ഏറ്റവുമധികം ഈര്‍പ്പം അനുഭവപ്പെട്ടത്. ഒരേ വര്‍ഷം തന്നെ ഈര്‍പ്പത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് ഭേദിക്കപ്പെടുന്ന രണ്ട് മാസങ്ങളുണ്ടാകുന്നതും ഇതാദ്യമാണ്.

മദ്ധ്യ, കിഴക്കന്‍ പസിഫിക് സമുദ്രത്തിന്റെ ഉപരിതലങ്ങള്‍ പതിവിലുമധികം ചൂടാകുന്ന പ്രതിഭാസമായ ‘എല്‍ നിനോ (El Nino)’ അയര്‍ലണ്ടിന്റെ കാലാവസ്ഥയെ കാര്യമായി ബാധിക്കുന്നതായാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നത്. ലോകമെങ്ങും ചൂട് വര്‍ദ്ധിക്കുന്നതാണ് സമുദ്രോപരിതലത്തിലെയും ചൂട് വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്.

എല്‍ നിനോ പ്രതിഭാസം അടുത്ത വര്‍ഷം പകുതി വരെയും തുടരുമെന്നാണ് കരുതുന്നതെന്നും, അതിനാല്‍ 2024-ലും അന്തരീക്ഷതാപനില ഉയര്‍ന്നു തന്നെ നില്‍ക്കാനാണ് സാധ്യതയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

2023-ലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 7.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത് ജനുവരി 17-ന് കില്‍ഡെയറിലെ Lullymore Nature Centre-ലാണ്.

വ്യാപകമായ മഴയും, കൊടുങ്കാറ്റും അയര്‍ലണ്ടില്‍ നാശം വിതച്ച വര്‍ഷവുമാണ് 2023. വെള്ളപ്പൊക്കത്തിനും ഇവ കാരണമായിരുന്നു.

Share this news

Leave a Reply

%d bloggers like this: