‘ഓസ്ലറി’ൽ അലക്സാണ്ടറായി നിറഞ്ഞാടുന്ന മമ്മൂട്ടി; കഥാപാത്രത്തിന് ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെ അല്ല എന്ന് ജയറാം

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘എബ്രഹാം ഓസ്ലര്‍’ മികച്ച വിജയത്തിലേയ്ക്ക് കുതിക്കുകയാണ്. അതേസമയം റിലീസ് ദിവസം വരെ സസ്‌പെന്‍സ് ആക്കി വച്ചിരുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രവും ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിന് കൂടുതല്‍ പ്രേക്ഷകസ്വീകാര്യത ലഭിക്കാനും മമ്മൂട്ടി അവതരിപ്പിച്ച ഡോ. ജോസഫ് അലക്‌സാണ്ടര്‍ എന്ന കഥാപാത്രം കാരണമായി.

പക്ഷേ ഈ കഥാപാത്രത്തിനായി ആദ്യം ആലോചിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നില്ലെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം. തമിഴ് നടന്മാരായ സത്യരാജ്, ശരത്കുമാര്‍, പ്രകാശ് രാജ് എന്നിവരെയെല്ലാം ആദ്യഘട്ടത്തില്‍ ആലോചിച്ചിരുന്നു. സത്യരാജിന് കഥ ഇഷ്ടപ്പെട്ടിരുന്നതുമാണ്. പിന്നീട് സുരേഷ് ഗോപിയെ അലക്‌സാണ്ടറായി അഭിനയിപ്പിച്ചാലോ എന്നും ആലോചിച്ചു.

എന്നാല്‍ ഈ സമയം യാദൃശ്ചികമായി മിഥുന്‍ മമ്മൂട്ടിയെ കാണാന്‍ ഇടവരികയും, ജയറാമിനെ നായകനാക്കി ചെയ്യുന്ന സിനിമയുടെ കഥ പറയുകയും ചെയ്തപ്പോള്‍, അലക്‌സാണ്ടര്‍ എന്ന കഥാപാത്രം ഇഷ്ടപ്പെട്ട മമ്മൂട്ടി, അത് താന്‍ ചെയ്യട്ടെ എന്ന് അങ്ങോട്ട് ചോദിക്കുകയായിരുന്നുവെന്നാണ് ജയറാം പറയുന്നത്.

മമ്മൂട്ടി വന്നാല്‍ ആ താരഭാരം വലുതായിരിക്കുമെന്ന് മിഥുന്‍ ആദ്യം കരുതിയിരുന്നുവെന്നും, എന്നാല്‍ അദ്ദേഹം അലക്‌സാണ്ടറായാല്‍ നന്നായിരിക്കുമെന്ന് താന്‍ മിഥുനോട് പറഞ്ഞുവെന്നും ജയറാം പറയുന്നു. തുടര്‍ന്നാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിലൊന്നായ അലക്‌സാണ്ടറായി മെഗാസ്റ്റാര്‍ നിറഞ്ഞാടിയത്.

അതേസമയം സിനിമ ചെയ്യാനുള്ള ആര്‍ത്തി തീരാത്തത് കാരണമാണ് താന്‍ ഇത്തരം വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്ന് സിനിമയുടെ പ്രൊമോഷനിടെ മമ്മൂട്ടി പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: