യൂറോപ്യൻ രാജ്യങ്ങളിൽ വിദ്യാഭ്യാസ നിലവാരത്തിൽ മൂന്നാം സ്ഥാനം നേടി അയർലണ്ട്

യൂറോപ്യന്‍ രാജ്യങ്ങളില്‍ പഠന നിലവാരത്തിലും, പഠന സൗകര്യം ഒരുക്കുന്നതിലും അയര്‍ലണ്ട് മൂന്നാം സ്ഥാനത്ത്. ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ സ്കൂളായ ട്യൂട്ടര്‍ സ്പേസ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് അയര്‍ലണ്ട് വിദ്യാഭ്യാസ നിലവാരത്തിൽ മുൻനിരയിലുള്ളതായി വ്യക്തമായത്.

വിദ്യാഭ്യാസ നിലവാരവും, പ്രവേശനവും, ഉന്നത വിദ്യാഭ്യാസവും, ഗവേഷണവും, സാക്ഷരതയും, ഡിജിറ്റല്‍ സാക്ഷരതയും കൂടാതെ സര്‍ക്കാര്‍ നിക്ഷേപവും അടക്കമുള്ളവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

മാത്തമാറ്റിക്സിലും സയന്‍സിലുമായി 91.86 പോയിന്‍റോടെ എസ്റ്റോണിയയാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. എസ്റ്റോണിയയിലെ വിദ്യാര്‍ഥികള്‍ ഏകദേശം 13.55 വര്‍ഷമാണ്‌ അവരുടെ പഠനത്തിന് മാത്രമായി ചിലവഴിക്കുന്നത്. കൂടാതെ ആകെ ചിലവിന്‍റെ 14.24 ശതമാനത്തോളമാണ് സര്‍ക്കാര്‍ വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കുന്നത്.

മാത്തമാറ്റിക്സില്‍ 84.92 പോയിന്‍റോടെ സ്വിറ്റ്സര്‍ലാന്‍റ് ആണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആകെ ചിലവിന്‍റെ 14.24 ശതമാനമാണ് സ്വിറ്റ്സര്‍ലാന്‍റ് സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന് നല്‍കുന്നത്. ശരാശരി 13.86 വര്‍ഷമാണ്‌ വിദ്യാര്‍ഥികള്‍ പഠനത്തിനായി ചിലവിടുന്നത്.

റീഡിംഗ് പോയിന്‍റ് നിലയില്‍ 15 സ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ് അയർലണ്ട്. പട്ടികയിൽ 84.78 പോയിന്‍റോടെ മൂന്നാം സ്ഥാനത്തുമെത്തിയ അയര്‍ലണ്ടിലെ പ്രൈമറി സ്കൂള്‍ കുട്ടികള്‍ അസംബ്ലി സമയവും ഇടവേളയും ഉള്‍പ്പെടെ 5 മണിക്കൂര്‍ 40 മിനുട്ട് ആണ് സ്കൂളുകളില്‍ ചിലവഴിക്കുന്നത്. ശരാശരി 11.58 വര്‍ഷമാണ്‌ ആകെ പഠനത്തിനായി ചിലവഴിക്കുന്നതെന്നും, ഐറിഷ് സര്‍ക്കാര്‍ തങ്ങളുടെ ആകെ ചിലവിന്‍റെ 11.33 ശതമാനവും മാറ്റിവയ്ക്കുന്നത് വിദ്യാഭ്യാസത്തിനായാണ് എന്നും പഠനം വ്യക്തമാക്കുന്നു.

പഠനത്തില്‍ 81.90 പോയിന്‍റോടെ 4-ആം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് യു.കെ ആണ്. സയന്‍സില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയിരിക്കുന്നതും യു.കെ ആണ്. യു.കെയിൽ വിദ്യാഭ്യാസ ചിലവുകള്‍ക്കായാണ് സര്‍ക്കാര്‍ തങ്ങളുടെ 10.56 ശതമാനവും ചിലവഴിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: