അയർലണ്ടിൽ ഉപയോഗിച്ച കുപ്പി തിരികെ കൊടുത്താൽ ഇനി പണം കിട്ടും; പദ്ധതിക്ക് തുടക്കം

അയര്‍ലണ്ടില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ബോട്ടിലുകള്‍, കാനുകള്‍ തുടങ്ങിയവയ്ക്ക് ചെറിയ രീതിയില്‍ അധികതുക ഈടാക്കുകയും, അവ പിന്നീട് ഉപഭോക്താക്കള്‍ക്ക് തന്നെ തിരികെ നല്‍കുകയും ചെയ്യുന്ന Deposit- Return പദ്ധതിക്ക് ഈയാഴ്ച തുടക്കമാകും. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ Re-turn ആണ് മാലിന്യനിയന്ത്രണത്തിനുള്ള ഇയു നിര്‍ദ്ദേശത്തിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കുന്നത്.

2025-ഓടെ പ്ലാസ്റ്റിക് ബോട്ടില്‍ മാലിന്യങ്ങള്‍ 77 ശതമാനവും, 2029-ഓടെ 90 ശതമാനവും പുനരുപയോഗിക്കുക എന്നതാണ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദ്ദേശം. ജര്‍മ്മനി, നോര്‍വേ, നെതര്‍ലണ്ട്‌സ് മുതലായ ഇയു രാജജ്യങ്ങളില്‍ സമാനമായ പദ്ധതികള്‍ നേരത്തെ തന്നെ നിലവിലുണ്ട്.

എന്താണ് പദ്ധതി?

പദ്ധതി പ്രകാരം ഫെബ്രുവരി 1 മുതല്‍ 500 മില്ലി ലിറ്റര്‍ വരെയുള്ള പ്ലാസ്റ്റിക്, അലുമിനിയം, സ്റ്റീല്‍ മുതലായ ബോട്ടിലുകള്‍ക്കും കാനുകള്‍ക്കും 15 സെന്റ് അധികമായി ഈടാക്കും. 500 മില്ലി ലിറ്ററിന് മുകളില്‍ ആണെങ്കില്‍ 25 സെന്റ്. അധിക തുക ഈടാക്കി വില്‍ക്കപ്പെടുന്ന ഈ ബോട്ടിലുകള്‍ക്ക് മുകളില്‍ Re-turn-ന്റെ ലോഗോ പതിപ്പിച്ചിട്ടുണ്ടാകും.

ഈ ലോഗോ ഉള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഏതൊരു റീട്ടെയില്‍ വ്യാപാരിയുടെ അടുത്തും ഇവ ഉപയോഗിച്ച ശേഷം തിരികെ നല്‍കുകയാണെങ്കില്‍, അധികമായി നല്‍കിയ തുക വ്യാപാരി നേരിട്ട് തിരികെ നല്‍കുന്നതാണ്. ഇതല്ലാതെ സ്ഥാപനത്തില്‍ സ്ഥാപിച്ചിട്ടുള്ള വെന്‍ഡിങ് മെഷീനില്‍ കുപ്പി നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന വൗച്ചര്‍ ഉപയോഗിച്ച് അതേ സ്ഥാപനത്തില്‍ നിന്ന് തന്നെ തുക തിരികെ ലഭിക്കുകയും ചെയ്യും. വലിയ സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് ഇത്തരം മെഷീനുകള്‍ പൊതുവെ ഉണ്ടാകുക.

തിരികെ നല്‍കുന്ന കുപ്പികള്‍ കേടുപാടുകള്‍ ഉള്ളവയായിരിക്കരുതെന്നും, അവയിലെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് തീര്‍ത്തതായിരിക്കണമെന്നും Re-turn ജനങ്ങളെ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്. കഴിവതും കുപ്പി അതിന്റെ ക്യാപ്പ് അടക്കം തിരികെ നല്‍കാന്‍ ശ്രമിക്കണമെന്നും സംഘടന അഭ്യര്‍ത്ഥിക്കുന്നു.

മാര്‍ച്ച് 15-ഓടെ രാജ്യത്ത് ഇത്തരത്തില്‍ വില്‍ക്കപ്പെടുന്ന എല്ലാ കുപ്പികളിലും Re-turn ലോഗോ നിര്‍ബന്ധമാക്കുക വഴി മാലിന്യങ്ങള്‍ കഴിയുന്നത്ര കുറയ്ക്കാനാണ് സര്‍ക്കാര്‍ പദ്ധതി. നിലവില്‍ ലോഗോ ഇല്ലാത്ത കുപ്പികള്‍ സാധാരണ പോലെ റീസൈക്കിള്‍ ബിന്നുകളില്‍ നിക്ഷേപിക്കാവുന്നതാണ്.

അയര്‍ലണ്ടിലെ 80% ഗ്ലാസ് കുപ്പികളും ഇപ്പോള്‍ തന്നെ പുനരുപയോഗിക്കപ്പെടുന്നുണ്ട് എന്നതിനാല്‍ അവ പദ്ധതിയുടെ ഭാഗമല്ല. 150 മില്ലി ലിറ്ററിന് താഴെയുള്ളതും, 3 ലിറ്ററിന് മുകളിലുള്ളതുമായി പ്ലാസ്റ്റിക് ബോട്ടിലുകളും പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല.

Share this news

Leave a Reply

%d bloggers like this: