നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടോ? ചതിയിൽ പെടാതിരിക്കാൻ ഗാർഡ നൽകുന്ന ഈ മുന്നറിയിപ്പ് ശ്രദ്ധിക്കൂ…!

അയര്‍ലണ്ടില്‍ നഷ്ടമാകുന്ന ഫോണുകളുപയോഗിച്ച് നടത്തുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി ഗാര്‍ഡ.

ഒരാളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഗാര്‍ഡ ആണെന്ന് അവകാശപ്പെട്ട് അയാളെയോ, അയാളുടെ ബന്ധുക്കളെയോ വിളിക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഒരു കള്ളനില്‍ നിന്നും ഏതാനും മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതായി പറയുന്ന തട്ടിപ്പുകാര്‍, ഇയാളില്‍ നിന്നും കണ്ടെടുത്ത ഫോണ്‍ നിങ്ങളുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായി ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്ന പിന്‍ അല്ലെങ്കില്‍ പാസ്‌വേര്‍ഡ് ആവശ്യപ്പെടുന്നു.

എന്നാല്‍ ഇത് നല്‍കുന്നതോടെ കോള്‍ കട്ടാകുകയും, തട്ടിപ്പുകാര്‍ പിന്‍ ഉപയോഗിച്ച് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പുകളടക്കം നടത്തുകയും ചെയ്യുന്നു.

ഇത്തരത്തില്‍ പിന്‍ ആവശ്യപ്പെട്ട് ഗാര്‍ഡ ആരെയും വിളിക്കില്ല എന്നും, ഇത്തരം അനുഭവമുണ്ടായാല്‍ അത് ഉടന്‍ തന്നെ തങ്ങളെ അറിയിക്കണമെന്നും ഗാര്‍ഡ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: