പരീക്ഷണാടിസ്ഥാനത്തില്‍ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ക്യാമറ ഉപയോഗിക്കാന്‍ ഡബ്ലിനിലെ ഗാര്‍ഡ സേന. മാര്‍ച്ച് മാസത്തിന് ശേഷമാകും ചെറിയൊരു കാലയളവിലേയ്ക്ക് പദ്ധതി പരീക്ഷിക്കുക. ഇതിന് ശേഷമാകും രാജ്യമെമ്പാടുമുള്ള ഗാര്‍ഡ അംഗങ്ങളുടെ ദേഹത്ത് സുരക്ഷാ ക്യാമറകള്‍ ഘടിപ്പിക്കുക. 2023 ഡിസംബറില്‍ ഇത് നിയമവിധേയമാക്കിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു.
പൊതുജനങ്ങള്‍ക്ക് കാണാവുന്ന തരത്തില്‍ ഗാര്‍ഡ ഉദ്യോഗസ്ഥരുടെ വസ്ത്രത്തിലാണ് ഭാരം കുറഞ്ഞ ക്യാമറകള്‍ ഘടിപ്പിക്കുക. ഇതുവഴി ലഭിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയുടെ മെമ്മറിയില്‍ തന്നെ റെക്കോര്‍ഡ് ആകുകയും, പിന്നീട് സ്റ്റേഷനിലെത്തി വേറെ സിസ്റ്റത്തിലേയ്ക്ക് മാറ്റി സൂക്ഷിക്കുകയും ചെയ്യും. ഭാവിയില്‍ ആവശ്യം വന്നാല്‍ കേസന്വേഷണത്തിനും, കോടതിയിലും ഇവ തെളിവായി ഉപയോഗിക്കുകയും ചെയ്യും.
തെളിവായി ഉപയോഗിക്കാനുള്ള സാധ്യത ഇല്ലെന്ന് കണ്ടാല്‍ ഒരു കാലയളവിന് ശേഷം ഇവ ഡിലീറ്റ് ചെയ്യും.
ഗാര്‍ഡ അംഗങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും, കേസന്വേഷണത്തിന് സഹായം നല്‍കാനും, അറസ്റ്റിനിടെ ഉണ്ടാകുന്ന പരാതികളും മറ്റും കുറയ്ക്കാനും ബോഡി ക്യാമറ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.