ജീവിത നദികൾ (ചെറുകഥ): സെബി സെബാസ്റ്റ്യൻ

സെബി സെബാസ്റ്റ്യൻ

ഞാൻ എന്റെ ഗ്രാമത്തിൽ നിന്നും വളരെ വളരെ ദൂരെയാണ് ഇപ്പോൾ ജീവിക്കുന്നത്.
എന്റെ ഗ്രാമത്തിൽ ബാല്യ- കൗമാരങ്ങൾക്ക് നിറങ്ങളും സുഗന്ധങ്ങളും ചാർത്തിനൽകിയവർ ഓരോന്നായികൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. കുട്ടിക്കാലത്ത് തലമുടി വെട്ടാൻ അച്ഛൻ കൊണ്ടുപോകുമ്പോൾ രാഘവൻ ചേട്ടന്റെ ചായക്കടയിൽ നിന്നും വാങ്ങി തരുന്ന പത്രകടലാസിൽ പൊതിഞ്ഞ ബോണ്ടയും പരിപ്പുവടയും ആണ് തലമുടി വെട്ടൽ ദിനത്തെ ഒരു ഉത്സവം ആക്കിയിരുന്നത്. ആ രാഘവൻ ചേട്ടനും ഭാര്യ കർത്യായിനിയമ്മയും കഴിഞ്ഞ മാസങ്ങളിൽ മരിച്ചു. എപ്പോഴും കുശലങ്ങൾ ചോദിച്ച് വീട്ടിലും പരിസരത്തുമായി നടന്നിരുന്ന “കുട്ടിയമ്മ” എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിച്ചിരുന്ന കുട്ടി ചേട്ടത്തിയും മരിച്ചു. പറമ്പിലെ ചുള്ളിക്കമ്പുകൾ പെറുക്കാനും, അർത്തലച്ചു പെയ്യുന്ന മഴയിലും കാറ്റിലും കൊഴിഞ്ഞുവീഴുന്ന കണ്ണിമാങ്ങകൾ പറക്കിയെടുക്കാനും ഇനി ആരാണുള്ളത്? ഇനിമുതൽ അവയെല്ലാം അനാഥമായി പറമ്പിൽ തന്നെ ചിതറി കിടക്കും.

കഴിഞ്ഞവർഷം അവധിക്ക് ചെന്നപ്പോൾ ഓർമ്മക്കുറവ് ബാധിച്ചിരുന്നു. പറമ്പിലൂടെ നടക്കുമ്പോൾ
എന്നെ കണ്ടപ്പോൾ കുട്ടിയമ്മ ചോദിച്ചു.
” മോൻ ഇന്ന് സ്കൂളിൽ പോയില്ലേ?”
എന്ത് മറുപടിപറയണം എന്നറിയാതെ ഒരു നിമിഷം ഞാൻ പകച്ചുപോയി. ആദ്യം മരിക്കുന്നത് ഓർമകളാണ്. പിന്നെ പതുക്കെ പതുക്കെ നോക്കിനിൽക്കേ ജീവനും ഇല്ലാതാകുന്നു.

പള്ളിപറമ്പുകളിലും ഉത്സവ പറമ്പുകളിലും നടകത്തിൽ കൊമ്പൻ മീശയും സ്വർണവർണത്തിലുള്ള കിരീടവും വെച്ച് രാജാവിന്റെ വേഷം അഭിനയിച്ചിരുന്ന വിജയൻ ചേട്ടനും മരിച്ചു. ഇന്നും എന്റെ മനസ്സിൽ രാജാവ് എന്ന് പറയുന്നത് മേക്കപ്പ് ഇട്ട വിജയൻ ചേട്ടന്റെ മുഖമാണ്. അങ്ങനെ എത്രയോ പേർ ഇല്ലാതായിരിക്കുന്നു, അപ്രത്യക്ഷരായിരിക്കുന്നു.

ഇപ്പോൾ ഓരോ അവധിക്കാലത്തും കാലെടുത്തുവയ്ക്കുന്നത് നഷ്ടങ്ങളുടെ ശവപ്പറമ്പുകളിലേക്കാണ്. വീട്ടിലും നാട്ടിലും ഉണ്ടായിരുന്ന പലരും ഇന്നില്ല. റോഡുകളിൽ പ്രായമായവരെ കാണാറില്ല. അവർ ഇല്ലാതായിരിക്കുന്നു. അല്ലെങ്കിൽ വീടുകളിലെ നാല് ചുവരുകൾക്കിടയിലെ ഇരുണ്ട വെളിച്ചത്തിൽ കട്ടിലിൽ മരണം കാത്തു ചുരുണ്ടു കൂടി കിടക്കുന്നു. ഞാൻ ഇപ്പോൾ ഇടവഴികളിൽ കണ്ടുമുട്ടുന്ന പ്രായമായവർ എന്ന് തോന്നിക്കുന്ന മുടി പാതി കൊഴിഞ്ഞ രോമങ്ങൾ നരച്ചവർ എന്റെ സമപ്രായക്കാർ തന്നെയാണ് എന്നറിയുമ്പോൾ കണ്ണാടിയിൽ നോക്കാൻ കൂടി ഭയമാകുന്നു.

പനയോലയും കൈയ്യിലെത്തി ആശാന്റെ അടുത്ത് അക്ഷരം പഠിക്കാൻ പോയ ഒരു ഞാനുണ്ടായിരുന്നു. ഒരു അലുമിനിയ പെട്ടിയിൽ പുസ്തകങ്ങളും ചോറ്റുപാത്രവുമായി കോരിച്ചൊരിയുന്ന മഴയത്ത് കുടയും ചൂടി കൂട്ടുകാരോട് ഒപ്പം സ്കൂളിൽ പോയിക്കൊണ്ടിരുന്ന ഒരു ഞാനുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് പോക്കറ്റിൽ നിന്ന് വട്ടചീപ്പ് എടുത്ത് തലചീകി വീട്ടിലേക്കു മടങ്ങാൻ സായം സന്ധ്യ കളിൽ കോളേജ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന ഒരു ഞാനുണ്ടായിരുന്നു. ഇപ്പോൾ ഞാൻ ഇതൊന്നുമല്ലാതാ യിരിക്കുന്നു. ഞാനിപ്പോൾ മറ്റാരോ ആണ്. വളരാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു…!!എന്നും 17 വയസ്സ് കാരനായ പൊടിമീശക്കാരനായി ഒരിക്കലും വളരാത്ത ഒരു ബോൺസായി വൃക്ഷത്തെ പോലെ ആയിരുന്നെങ്കിൽ….! കുട്ടിയായിരുന്നപ്പോൾ വളരാൻ മോഹിച്ചു. ഇപ്പോൾ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നു..

വർഷന്തോറും നാട്ടിലേക്ക് പോകുന്ന അവധിക്കാലങ്ങളിൽ പണ്ടത്തെ പ്രസരിപ്പും സന്തോഷവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരവധികാലവും പഴയതുപോലെയല്ല. വഴിവക്കിൽ നിന്ന് കുശലങ്ങൾ ചോദിക്കാൻ ഇന്ന് ആരുമില്ല. കണ്ടാൽ മുഖം തിരിച്ചു പോകുന്നവരെ കാണുമ്പോഴാണ് ഒരു സത്യം മനസ്സിലാക്കിയത്. നമ്മളോട് കുശലങ്ങൾ ചോദിക്കുന്നത് നമ്മളോടുള്ള സ്നേഹത്തിന്റെയും, കരുതലിന്റെയും അടയാളങ്ങളാണ്.

ജീവിതം ഒരു നദി പോലെയാണ്, മുന്നോട്ടേ പോകുവെന്ന് എല്ലാവരും പറയും. എനിക്ക് മുന്നിലൂടെ ഓളങ്ങളായി പോയിരുന്നവരെല്ലാം അഗാധഗർത്തങ്ങളിൽ വീണ് ഉടഞ്ഞു പോകുന്ന കാഴ്ചകൾ… എനിക്ക് പുറകെ ആർത്തലച്ചുവരുന്ന കൊച്ചോളങ്ങളെ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നു..ചിലപ്പോഴൊക്കെ തിരിഞ്ഞു ഒഴുകാൻ ആഗ്രഹിക്കാറുണ്ട്. കുറച്ചു നേരം നിശ്ചലമാകാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ..

പക്ഷേ ഈ ഗെയിമിൽ അത് സാധ്യമല്ല. ഒരിക്കൽ ആരംഭിച്ചാൽ dead end-ൽ എത്തിച്ചേർന്നെ പറ്റു. മുന്നോട്ടു മാത്രമേ പോകാവൂ.

ചിലർ ഓളങ്ങളായി ഒഴുകി തളർന്ന് മനസ്സ് മടുത്തു സ്വയം ഗെയിമിൽ നിന്ന് പുറത്തു പോകുന്നു. വേറെ ചിലർ എല്ലാ കഷ്ടതകളെയും അഭിമുഖീകരിച്ച് ഒരു മന്ദ സ്മിതത്തോടെ ഒഴുക്ക് തുടരുന്നു. മറ്റു ചിലർ എങ്ങനെയെങ്കിലും ഫിനിഷിങ് പോയന്റിൽ എത്തിച്ചേർന്നു ഗെയും പൂർത്തിയാക്കാൻവേണ്ടി മനസ്സില്ലാമനസ്സോടെ ഒഴുകുന്നു. പലതരം മനുഷ്യ നദികൾ.. പലതരം മനുഷ്യ ജന്മങ്ങൾ..

എനിക്ക് ജോലിക്ക് പോകാൻ സമയമായിരിക്കുന്നു. ഈ വെളുപ്പാൻ കാലത്ത് ഇവിടെ പുറത്ത് നല്ല തണുപ്പാണ്. ചൂടൻ കോഫിയും ആയി കാറിലേക്ക് കയറി. കാറിലെ മ്യൂസിക് പ്ലയറിൽ നിന്ന് ഒഴുകി വന്ന ഗാനം മനസ്സിലെ ചിന്തകളെ കുറച്ചെങ്കിലും തണുപ്പിക്കാനുള്ള ശ്രമത്തിലാണ്..

“കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ…
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ…
ഓർമകളേ…”

Share this news

Leave a Reply

%d bloggers like this: