വടക്കൻ അയർലണ്ടിൽ വാഹനാപകടത്തിൽ മലയാളിയായ സുഹൃത്ത് കൊല്ലപ്പെട്ട സംഭവം; ഡ്രൈവറായ മലയാളി നഴ്‌സിനെ ശിക്ഷയിൽ നിന്നൊഴിവാക്കി കോടതി

അപകടകരമായ വേഗതയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ സുഹൃത്ത് കൊല്ലപ്പെട്ട സംഭവത്തില്‍, ഡ്രൈവറായ മലയാളി നഴ്‌സിനെ കോടതി വെറുതെ വിട്ടു. കൊല്ലപ്പെട്ട സുഹൃത്തും മലയാളിയുമായ ഷൈമോളുടെ ഭര്‍ത്താവ്, വാഹനമോടിച്ച മെയ്‌മോള്‍ ജോസിന് മാപ്പ് നല്‍കുന്നുവെന്ന് കാട്ടി കോടതിയില്‍ നല്‍കിയ കത്ത് കൂടി പരിഗണിച്ചാണ് ഇവരെ തടവ് ശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ ജഡ്ജ് തയ്യാറായത്. ഷൈമോളും നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.

2019 ജൂണ്‍ 21-ന് വടക്കന്‍ അയര്‍ലണ്ടിലെ ബാലിമെനയിലെ ക്രാങ്ക്കില്‍ റോഡിലായിരുന്നു അപകടം നടന്നത്. മെയ്‌മോളായിരുന്നു വാഹനം ഓടിച്ചിരുന്നത്. മെയ്‌മോളുടെ മകനെയും, സുഹൃത്തിനെയും എക്‌സര്‍സൈസിന് കൊണ്ടുപോകും വഴി, ഷൈമോളെയും കൂട്ടായി കൊണ്ടുപോകുകയായിരുന്നു.

അമിതവേഗതയിലായിരുന്നു മെയ്‌മോള്‍ കാറോടിച്ചിരുന്നത്. ഇതിനിടെ യുടേണ്‍ എടുക്കുമ്പോള്‍ എതിരെ വാഹനം വരുന്നത് ശ്രദ്ധിക്കാതെ, ആ വാഹനവുമായി മെയ്‌മോള്‍ ഓടിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ഷൈമോള്‍ മരിക്കുകയും, മെയ്‌മോളുടെ മകനും, സുഹൃത്തിനും പരിക്കേല്‍ക്കുകയും ചെയ്തു.

അപകടരമായ വേഗതയിലായിരുന്നു മെയ്‌മോള്‍ കാറോടിച്ചിരുന്നത് എന്ന കാരണത്താല്‍ കേസില്‍ 52-കാരിയായ ഇവര്‍ പ്രതിയാകുകയായിരുന്നു.

അതേസമയം കേസില്‍ 18 മാസത്തെ തടവും, മൂന്ന് വര്‍ഷക്കാലം ലൈസന്‍സ് റദ്ദാക്കലുമാണ് കോടതി ആദ്യം ശിക്ഷ വിധിച്ചത്. എന്നാല്‍ മെയ്‌മോളെ തടവിന് ശിക്ഷിക്കരുതെന്നും, തങ്ങള്‍ എല്ലാവരും ദുഃഖിതരാണെന്നും ഷൈമോളുടെ ഭര്‍ത്താവ് തോമസ് കോടതിയില്‍ നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. അടുത്ത സുഹൃത്തായ ഷൈമോളുടെ മരണവും, സ്വന്തം ശരീരത്തിലേറ്റ പരിക്കുകളും തന്നെയാണ് മെയ്‌മോള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ എന്നും കത്തില്‍ പറഞ്ഞു.

അതോടൊപ്പം അപകടത്തില്‍ പരിക്കേറ്റ മെയ്‌മോളുടെ 15-കാരനായ മകന് അമ്മയുടെ പരിചരണം ആവശ്യമാണെന്നതും കോടതി തടവ് ശിക്ഷ ഒഴിവാക്കുന്നതിനായി പരിഗണിച്ചു.

Share this news

Leave a Reply

%d bloggers like this: