പുതിയ ആകാശം, പുതിയ ഭൂമി, പുത്തൻ ചുവടുവയ്പ്പ്; സിറ്റിവെസ്റ്റ് MIC ഉദ്‌ഘാടനം ഗംഭീരമായി

മൂന്ന് മാസങ്ങൾക്ക് മുൻപാണ്… കുടുംബം പോലൊരു കൂട്ടായ്മ എന്നൊരാശയവുമായി സിറ്റിവെസ്റ്റ് മലയാളികളുടെ ഇടയിലേക്ക് ഒരു കൂട്ടം ആളുകൾ ഇറങ്ങി ചെന്നപ്പോൾ ആണ് MIC എന്ന സങ്കല്പം സഫലമായത്.

2024 ഫെബ്രുവരി നാലാം തീയതി ഞായറാഴ്ച താല കിൽനമാന ഹാളിന്റെ വിശാലതയിലേക്ക് വീശിയടിച്ച നാലുമണിക്കാറ്റിനെ സാന്ദ്രമാക്കികൊണ്ട് ഒരു പ്രാർത്ഥന സംഗീതം അവിടെമാകെ അലയടിച്ചു. ശേഷം കമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും പ്രാതിനിധ്യത്തിൽ സിറ്റിവെസ്റ്റിന്റെ സ്വന്തം കൗൺസിലർ ബേബി പെരേപ്പാടന്റെ കാർമ്മികത്വത്തിൽ നൂറുകണക്കിന് സിറ്റിവെസ്റ്റ് മലയാളികളുടെ ഹൃദയത്തുടിപ്പുകളെ ഒന്നാക്കിമാറ്റിക്കൊണ്ട് അവിടെ തെളിഞ്ഞുനിന്ന അഞ്ചുതിരികളെയും സാക്ഷ്യമാക്കി MIC സിറ്റിവെസ്റ്റ് മലയാളികൾക്ക് സമർപ്പിക്കപ്പെട്ടു. പിറന്ന നാടിനെയും പൊയ്പോയ കാലത്തെയും ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള രംഗപൂജയോടെ കലാപരിപാടികൾ ഓരോന്നായി വിരുന്നിനെത്തി.

നാടും വീടും വിട്ട് പ്രവാസത്തിന്റെ പുതിയ ഭൂമിക, സിറ്റിവെസ്റ്റ് എന്ന കൊച്ചു നാടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അതിൽ നിന്നും MIC ഉരിത്തിരിഞ്ഞു വന്നതിന്റെയും കഥ ഒരു കൊച്ചു ചലച്ചിത്രമായി അവതരിക്കപ്പെട്ടപ്പോൾ കാഴ്ചക്കാരുടെ കണ്ണിനും കാതിനും ഒരേപോലെ കൗതുകമായി. ഗെയിമിംഗ് സെക്ഷനുകളുടെ ആരംഭത്തോടെ അവിസ്മരണീയങ്ങളായ മുഹൂർത്തങ്ങൾക്കാണ് കിൽനമാനഹാളിന്റെ ചുമരുകൾ സാക്ഷ്യം വഹിച്ചത്. ആൺപെൺ വ്യത്യസമില്ലാതെ ആസ്വാദനത്തിന്റെ ഏതേതോ തലങ്ങളിലേക്ക് അവരതിനെ കൂട്ടികൊണ്ടുപോയി.

ഏറ്റവും ഒടുവിലാണ് അയാൾ എത്തിയത്. ഇടി നാദം മുഴക്കി ഭൂമി രണ്ടായി പിളർത്തി മഞ്ഞുവീണ വഴികളിൽ പോലും തീ പടർത്തി- DJ ദർശൻ… പിന്നെ പാട്ടിന്റെയും നൃത്തത്തിന്റെയും പെരുമഴക്കാലമായിരുന്നു… ആസ്വാദനത്തിന്റെ പരകോടിയിൽ തകർത്താടിയ ഒരു ജനതയുടെ നാവിലേക്ക് രുചിയുടെ രൂപത്തിൽ വിഭവങ്ങളുടെ സമൃദ്ധി അലിഞ്ഞു ചേർന്നപ്പോൾ വയറിനും മനസ്സിനും ഒരുപോലെ ആനന്ദലബ്ധി. MIC-യുടെ മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന പേര് അക്ഷരാർത്ഥത്തിൽ അന്വർത്ഥമാകുകയായിരുന്നു. വിടർന്ന പുഞ്ചിരിയുമായി അവരോരുത്തരും കില്‍നമനയുടെ പടികൾ ഇറങ്ങുമ്പോൾ അവരുടെ കണ്ണുകളിൽ കാണാമായിരുന്ന ഒന്നുണ്ടായിരുന്നു. കാലം കാത്തുവച്ച എന്തോ ഒന്ന് കൈവന്ന സാഫല്യം.

ഒരു ചെറിയ കാലയളവകൊണ്ടു തന്നെ MIC-യോടൊപ്പം ചേർന്നുനിന്ന എല്ലാ നല്ല മനസ്സുകൾക്കുമൊപ്പം അവരുടെ അനുഗ്രഹങ്ങൾക്കൊപ്പം അവരുടെ ആഗ്രഹങ്ങൾക്കൊപ്പം അവരുടെ അഭിപ്രായങ്ങളെയും അഭിപ്രായ വ്യത്യാസങ്ങളെയും കൂടെ കൂട്ടി MICയുടെ യാത്ര ഇവിടെ തുടങ്ങുകയാണ്.

Share this news

Leave a Reply

%d bloggers like this: