അയർലണ്ടിൽ ഈയാഴ്ചയിലുടനീളം മഴ; പ്രാദേശികമായ വെള്ളപ്പൊക്കത്തിനും സാധ്യത

അയര്‍ലണ്ടില്‍ ഈയാഴ്ച കാലാവസ്ഥ സ്ഥിരതയില്ലാതെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മഴയും അലോസരപ്പെടുത്തും.

ഇന്ന് രാവിലെ പലയിടത്തും ഐസ് രൂപപ്പെട്ട് കാണാന്‍ സാധ്യതയുണ്ടെങ്കിലും പിന്നീട് വെയില്‍ ലഭിക്കുകയും, അന്തരീക്ഷം ചൂട് പിടിക്കുകയും ചെയ്യും. പടിഞ്ഞാറന്‍ കൗണ്ടികളില്‍ ചെറിയ മഴ പെയ്‌തേക്കാനും സാധ്യതയുണ്ട്. ഉച്ചയോടെ പല കൗണ്ടികളിലേയ്ക്കും മഴ വ്യാപിക്കും. ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 5 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയോടെ മഴ കുറയുകയും, അതേസമയം താപനില മൈനസ് 1 ഡിഗ്രി വരെ താഴുകയും, ഐസ് രൂപപ്പെടുകയും ചെയ്യും.

ചൊവ്വാഴ്ചയും രാജ്യത്ത് മഴ തുടരും. കിഴക്ക് നിന്നും വടക്കോട്ട് നീങ്ങുന്ന മഴ മേഘങ്ങള്‍ ശക്തമായ മഴ കൊണ്ടുവരും. 6 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില.

ബുധനാഴ്ച രാവിലെയും രാജ്യത്തെ വടക്കന്‍ പ്രദേശങ്ങളില്‍ മഴ പെയ്യും. ഇടയ്ക്കിടെ വെയിലും ലഭിക്കും. 14 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയര്‍ന്നേക്കും. രാത്രിയോടെ മഴ തെക്കന്‍ പ്രദേശത്തെത്തും. 7 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയുകയും ചെയ്യും.

വ്യാഴാഴ്ചയും അതിശക്തമായ തുടരുന്ന മഴ പ്രാദേശികമായ വെള്ളപ്പൊക്കങ്ങള്‍ക്ക് കാരണമായേക്കാം. മൂടല്‍മഞ്ഞും രൂപപ്പെടുന്നത് യാത്ര ദുഷ്‌കരമാക്കും.

Share this news

Leave a Reply

%d bloggers like this: