ഐറിഷ് പൗരത്വം ലഭിക്കുന്ന വിദേശികളുടെ എണ്ണം മൂന്ന് മടങ്ങ് വർദ്ധിച്ചു; വിസകളിലും വർദ്ധന

ഐറിഷ് പൗരത്വത്തിനായി അപേക്ഷിച്ച് അംഗീകാരം ലഭിക്കുന്നവരുടെ എണ്ണം 2023-ല്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ലഭിച്ച 22,500 അപേക്ഷകളില്‍ 20,000 എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ആകെ 15 പൗരത്വദാന ചടങ്ങുകളാണ് പോയ വര്‍ഷം നടത്തിയത്. ഇവയിലൂടെ 13,700 പേര്‍ക്ക് പൗരത്വം നല്‍കിയതായും പാര്‍ലമെന്റ് കമ്മിറ്റിക്ക് മുമ്പില്‍ നീതിന്യായവകുപ്പ് അറിയിച്ചു.

2022-ല്‍ ആകെ ആറ് ചടങ്ങുകളിലൂടെ 4,300 പേര്‍ക്കാണ് ഐറിഷ് പൗരത്വം നല്‍കിയത്. ആ വര്‍ഷം 17,188 അപേക്ഷകള്‍ ലഭിക്കുകയും, 15,000 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തിരുന്നു.

പൗരത്വദാനത്തിന് പുറമെ എല്ലാതരം വിസകളിലും കഴിഞ്ഞ വര്‍ഷം വലിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. തൊഴില്‍, പഠനം, കുടുംബവുമായി ജോയിന്‍ ചെയ്യുക എന്നിവയ്‌ക്കെല്ലാമായി നല്‍കുന്ന വിസകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.

ഇന്ത്യക്കാരുടെ വിസ അപേക്ഷകളാണ് കൂടുതലായും വരുന്നതെന്നും, ആറ് മുതല്‍ 12 ആഴ്ച വരെയാണ് അപേക്ഷയുടെ നടപടിക്രമങ്ങള്‍ തീര്‍ക്കാന്‍ എടുക്കുന്നതെന്നും നീതിന്യായവകുപ്പ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ Doncha O’Sullivan കമ്മിറ്റിയെ അറിയിച്ചു.

രാജ്യത്ത് നിയമവിരുദ്ധപ്രവര്‍ത്തനം, അനധികൃത താമസം എന്നിവയുമായി ബന്ധപ്പെട്ട് 857 പേരെ കഴിഞ്ഞ വര്‍ഷം നാടുകടത്തുകയുമുണ്ടായി. ഗാര്‍ഡയാണ് ഇവരെ വിമാനങ്ങളില്‍ കയറ്റി വിട്ടത്.

ഇമിഗ്രേഷന്‍ സര്‍വീസ് ജീവനക്കാരുടെ എണ്ണത്തിലും വകുപ്പ് വര്‍ദ്ധന വരുത്തിയതായി O’Sullivan അറിയിച്ചു. നിലവില്‍ 1,000-ല്‍ അധികം പേര്‍ ഇമിഗ്രേഷന്‍ ജോലിക്കാരായുണ്ട്.

Share this news

Leave a Reply

%d bloggers like this: