അയർലണ്ടിൽ വൈദ്യുതി വില കുറയുന്നു; പോയ മാസം ഉൽപ്പാദിപ്പിച്ചതിൽ 41% വിൻഡ് മില്ലുകളിൽ നിന്ന്

അയര്‍ലണ്ടില്‍ ഫെബ്രുവരി മാസം ഉപയോഗിച്ച ആകെ വൈദ്യുതിയില്‍ 41 ശതമാനവും വിന്‍ഡ് മില്ലുകള്‍ വഴി ഉല്‍പ്പാദിപ്പിച്ചതാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തിലെ ഉല്‍പ്പാദനത്തെക്കാള്‍ 4% അധികമാണ് ഇതെന്നും Wind Energy Ireland പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിനൊപ്പം കഴിഞ്ഞ ഫെബ്രുവരിയെക്കാള്‍ ഇത്തവണ വൈദ്യുതിക്കുള്ള ആവശ്യം ചെറിയ രീതിയില്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 3,439 ജിഗാവാട്ട് ഹവര്‍ വൈദ്യുതിയാണ് ഈ ഫെബ്രുവരിയില്‍ അയര്‍ലണ്ട് ഉപയോഗിച്ചത്. ഇതില്‍ 1,414 ജിഗാവാട്ട് വിന്‍ഡ് എനര്‍ജിയില്‍ നിന്നുമാണ്.

2024-ലെ ആദ്യ രണ്ട് മാസങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട ആകെ വൈദ്യുതിയുടെ 38 ശതമാനവും വിന്‍ഡ് മില്ലുകള്‍ വഴിയാണ്. ഇതുവഴി ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വൈദ്യുതോല്‍പ്പാദനം കുറയ്ക്കാനും, അതിലൂടെ കാര്‍ബണ്‍ പുറന്തള്ളല്‍ വലിയ രീതിയില്‍ കുറയ്ക്കാനും സാധിച്ചതായി Wind Energy Ireland സിഇഒ ആയ Noel Cunniffe പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വിന്‍ഡ് മില്ലുകള്‍ വഴി ഉല്‍പ്പാദിപ്പിച്ച വൈദ്യുതിയുടെ അളവ് അയര്‍ലണ്ടിലെ റെക്കോര്‍ഡ് ആണെന്നും, ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വില വര്‍ദ്ധിച്ചപ്പേള്‍ വലിയ രീതിയില്‍ വര്‍ദ്ധനവുണ്ടാകാതെ വൈദ്യുതി ബില്‍ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചത് വിന്‍ഡ് മില്ലുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷവും, തുടര്‍ന്നും പ്രകൃത്യാ ഉള്ള സ്രോതസ്സുകള്‍ ഉപയോഗിച്ച് വൈദ്യുതി നിര്‍മ്മിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അയര്‍ലണ്ടിലെ ഹോള്‍സെയില്‍ വൈദ്യുതി വില കുറയുന്നതായും റിപ്പോര്‍ട്ട് പുറത്തുവന്നു. 2024 ഫെബ്രുവരിയില്‍ ഒരു മെഗാവാട്ട് ഹവര്‍ വൈദ്യുതിയുടെ ശരാശരി ഹോള്‍സെയില്‍ വില 84.61 യൂറോ ആണ്. 2023 ഫെബ്രുവരിയില്‍ ഇത് 159.19 യൂറോ ആയിരുന്നു.

Share this news

Leave a Reply

%d bloggers like this: