ഐറിഷ് ഭരണഘടന ഭേദഗതി ചെയ്യണോ? ചരിത്രപ്രധാനമായ വോട്ടെടുപ്പ് ഇന്ന്

അയര്‍ലണ്ടിന്റെ ഭരണഘടനയില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ചുള്ള പൊതുഅഭിപ്രായ വോട്ടെടുപ്പ് ഇന്ന്. കുടുംബം, ഹോം കെയര്‍ എന്നിവ സംബന്ധിച്ച് നിലവില്‍ ഭരണഘടനയിലുള്ള നിര്‍വ്വചനങ്ങള്‍ മാറ്റി, കൂടുതല്‍ ബൃഹത്തും, വിശാലവുമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് സംബന്ധിച്ചുള്ള ജനഹിത പരിശോധനയാണ് ഇന്ന് നടക്കുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഉദ്ദേശിച്ചുള്ള ഈ ഭേദഗതികള്‍ വനിതാ ദിനമായ ഇന്നാണ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ബാലറ്റ് പേപ്പറുകളില്‍ Yes അല്ലെങ്കില്‍ No എന്നാണ് രേഖപ്പെടുത്തേണ്ടത്. രാത്രി 10 മണിയോടെ വോട്ടെടുപ്പ് അവസാനിക്കും. Yes എന്ന അഭിപ്രായത്തിന് ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടന ഭേദഗതി ചെയ്യുകയും, No എന്നാണെങ്കില്‍ ഇതേപടി തുടരുകയും ചെയ്യും.

എന്തിനാണ് വോട്ടെടുപ്പ്?

അയര്‍ലണ്ടിന്റെ ഭരണഘടനയില്‍ കുടുംബം, സമൂഹത്തില്‍ സ്ത്രീളുടെ കര്‍ത്തവ്യം എന്നിവ സംബന്ധിച്ച വരുത്താനുദ്ദേശിക്കുന്ന ഭേദഗതികളില്‍ ജനാഭിപ്രായം തേടാനാണ് മാര്‍ച്ച് 8 വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 41-ല്‍ ഫാമിലി അമെന്‍ഡ്‌മെന്റ്, കെയര്‍ അമെന്‍ഡ്‌മെന്റ് എന്നിങ്ങനെ രണ്ട് ഭേദഗതികളാണ് സര്‍ക്കാര്‍ വരുത്താനുദ്ദേശിക്കുന്നത്.

എന്താണ് ഫാമിലി അമെന്‍ഡ്‌മെന്റ്?

വിവാഹം എന്നത് മാത്രമല്ലാതെ കുടുംബം എന്ന വാക്കിനെ വിശാലവല്‍ക്കരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതോടെ വിവാഹത്തിന് പുറമെ മറ്റ് സുസ്ഥിരമായ ബന്ധത്തില്‍ ജീവിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ഭരണഘടനാപരമായ സുരക്ഷ ലഭിക്കും.

എന്താണ് കെയര്‍ അമെന്‍ഡ്‌മെന്റ്?

സ്ത്രീയുടെ ജീവിതം, വീട്ടില്‍ ഒരു അമ്മയുടെ കടമ എന്നിവ സംബന്ധിച്ച് ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ പുനര്‍നിര്‍വ്വചിച്ച്, കുടുംബത്തിനുള്ളിലെ പരിചരണം (കുടുംബത്തിലെ എല്ലാവരുടെയും) എന്നാക്കി മാറ്റുന്നതിനായി ഈ ഭേദഗതി. അതായത് സ്ത്രീയുടെ മാത്രം കടയമല്ല കുടുംബം എന്നും, അത് ആ കുടുംബത്തിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മാറ്റിയെഴുതി തുല്യത ഉറപ്പാക്കുകയാണ് ഈ ഭേദഗതിയുടെ ലക്ഷ്യം.

എന്താണ് ഈ അഭിപ്രായവോട്ടെടുപ്പിന്റെ പ്രസക്തി?

അയര്‍ലണ്ടിന്റെ ഭരണഘടനയില്‍ സ്ത്രീകളുടെ കടമ സംബന്ധിച്ച് നിലവിലുള്ള നിര്‍വ്വചനങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന കണ്ടെത്തലാണ് ഭേദഗതി വരുത്താന്‍ കാരണമായിരിക്കുന്നത്. 2021-ല്‍ സിറ്റിസണ്‍സ് അസംബ്ലിയും, 2022-ല്‍ പാര്‍ലമെന്റ് കമ്മിറ്റിയും ഭരണഘടനയിലെ ഈ ഭാഗത്ത് തുല്യത ഉറപ്പാക്കാന്‍ ഭേദഗതി കൊണ്ടുവരണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. നിലവിലെ ഭാഷ ജെന്‍ഡര്‍ ന്യൂട്രല്‍ അല്ലെന്നും കണ്ടെത്തി. കുടുംബം എന്നതിലും വിവാഹത്തില്‍ മാത്രം അധിഷ്ഠിതമല്ലാതെ തുല്യത ഉറപ്പാക്കേണ്ടതുണ്ടെന്നും നിര്‍ദ്ദേശിക്കപ്പെട്ടു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് എന്ത്?

Fine Gael, Fianna Fáil, Sinn Féin, the Green Party, Labour, Social Democrats, People Before Profit എന്നിവ ഭരണഘടനാ ഭേദഗതിയെ പിന്തുണയ്ക്കുകയും, അഭിപ്രായ വോട്ടെടുപ്പില്‍ ‘Yes-Yes’ എന്ന് വോട്ട് ചെയ്യാനുമാണ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

അതേസമയം കെയര്‍ അമെന്‍ഡ്‌മെന്റിലെ ചില ലക്ഷ്യങ്ങള്‍ സംബന്ധിച്ച് Labour, Sinn Fein എന്നിവര്‍ നേരിയ ആശങ്കകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ചില സ്വതന്ത്ര ടിഡിമാര്‍, സെനറ്റര്‍മാര്‍ എന്നിവരും സമ്പൂര്‍ണ്ണ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഭിന്നശേഷി ഉള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് ഭേദഗതി എന്നാണ് ഇവരുടെ ഒരു പ്രധാന വാദം.

വോട്ടെടുപ്പ് ഫലം എന്താകും?

The Irish Times നടത്തിയ പ്രീ പോള്‍ സര്‍വേയില്‍, വോട്ടെടുപ്പ് ഫലത്തില്‍ ‘Yes’ എന്നാകും രണ്ട് ഭേദഗതിക്കും ഭൂരിപക്ഷവോട്ടുകള്‍ കിട്ടുക എന്നാണ് കണ്ടെത്തിയത്. അതേസമയം വോട്ടര്‍മാര്‍ക്ക് ഈ രണ്ട് ഭേദഗതികളെ പറ്റിയും കാര്യമായ ധാരണയില്ല എന്ന് B&A സര്‍വേ കണ്ടെത്തിയിട്ടുണ്ട്.

ആരൊക്കെ വോട്ട് ചെയ്യാന്‍ അര്‍ഹരാണ്?

  1. ഐറിഷ് പൗരത്വം ഉള്ളവരായിരിക്കണം.
  2. 18 വയസോ അതിലധികമോ പ്രായമുള്ളവരായിരിക്കണം.
  3. രാജ്യത്തെ സാധാരണ താമസക്കാരായിരിക്കണം.
  4. ഇലക്ടേഴ്‌സ് രജിസ്റ്ററില്‍ പേരുള്ളവര്‍ ആയിരിക്കണം.
Share this news

Leave a Reply

%d bloggers like this: