ഡബ്ലിനിലെ അഭയാർത്ഥികളെ ദൂരേയ്ക്ക് മാറ്റി പാർപ്പിച്ച് സർക്കാർ; ടൂറിസ്റ്റുകളുടെ മുന്നിൽ പ്രതിച്ഛായ വർദ്ധിപ്പിക്കാനെന്ന് വിമർശനം

ഡബ്ലിന്‍ തെരുവുകളിലെ ടെന്റുകളില്‍ കഴിയുന്ന അഭയാര്‍ത്ഥികളെ 20 കിലോമീറ്റര്‍ അകലെയുള്ള പുതിയ സ്ഥലത്തേയ്ക്ക് മാറ്റി പാര്‍പ്പിച്ച് സര്‍ക്കാര്‍. ഇന്ന് നടക്കുന്ന സെന്റ് പാട്രിക്‌സ് ഡേ ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് നടപടിയെന്നതിനാല്‍, ആഘോഷത്തിന് അഭംഗിയാകുമെന്നത് കാരണമാണ് അഭയാര്‍ത്ഥികളെ ആട്ടിപ്പായിക്കുന്ന തരത്തിലുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയതെന്ന് വിമര്‍ശനം ഉയരുകയാണ്.

Mount St പ്രദേശത്ത് ടെന്റുകളില്‍ താമസിച്ചിരുന്നവരെയാണ് ശനിയാഴ്ച രാവിലെ, ഡബ്ലിനിലെ Crooksling-ലുള്ള പുതിയ ടെന്റുകളിലേയ്ക്ക് മാറ്റിയത്. ഒപ്പം Mount St-ലെ ടെന്റുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പുതിയ ഇടത്ത് ഭക്ഷണം, ടോയ്‌ലറ്റ് സൗകര്യം, കുളിക്കാനുള്ള സൗകര്യം എന്നിവ ലഭ്യമാണെന്ന് Department of Children, Equality, Disability, Integration and Youth വക്താവ് പറഞ്ഞു. HSE-യുമായി ചേര്‍ന്ന് ഇവിടെയുള്ള ആളുകളുടെ ക്ഷേമത്തിനായുള്ള നടപടികള്‍ കൈക്കൊണ്ടുവരികയാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Mount Street-ല്‍ താമസിക്കുന്ന ഭവനരഹിതരുടെ സ്ഥിതി അത്യന്തം മോശമാണെന്ന് നേരത്തെ തന്നെ വിവിധ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ഇവരുടെ കഷ്ടപ്പാടുകള്‍ വ്യക്തമാക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

അതേസമയം ഇവരെ താമസിപ്പിക്കാനായി എത്തിച്ചിരിക്കുന്ന പുതിയ സ്ഥലത്ത് ഇന്നലെ ചിലര്‍ പ്രതിഷേധപ്രകടനവുമായി എത്തിയിരുന്നു. തുടര്‍ന്ന് ഗാര്‍ഡ സ്ഥലത്തെത്തുകയും, അനിഷ്ടസംഭവങ്ങളുണ്ടാകാതെ എല്ലാവരെയും പിരിച്ചുവിടുകയും ചെയ്തു.

ഇതിനിടെ സെന്റ് പാട്രിക്‌സ് ഡേയുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷങ്ങള്‍ക്കിടെ ഭവനരഹിതരെ തെരുവില്‍ കാണാതാരിക്കാനാണ് സര്‍ക്കാര്‍ ഇവരെ മാറ്റി പാര്‍പ്പിച്ചതെന്ന് The Irish Refugee Council വിമര്‍ശനമുന്നയിച്ചു. ആഘോഷത്തിന്റെ ഭാഗമായുള്ള പരേഡ് വീക്ഷിക്കാനായി ധാരാളം ടൂറിസ്റ്റുകള്‍ എത്തുമെന്നും, അവരുടെ മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാനാണ് ഈ മാറ്റി പാര്‍പ്പിക്കലെന്നും Social Rights Ireland വിമര്‍ശനമുയര്‍ത്തി.

അഭയാര്‍ത്ഥികള്‍ക്ക് താമസിക്കാനായി പുതിയ കെട്ടിടങ്ങളാണ് വേണ്ടതെന്നും, ടെന്റുകളല്ലെന്നും The Irish Refugee Council വ്യക്തമാക്കി. നിലവില്‍ 1,308 അഭയാര്‍ത്ഥികള്‍ രാജ്യത്ത് ഭവനരഹിതരായി ഉണ്ടെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

അതേസമയം സെന്റ് പാട്രിക്‌സ് ഡേയുമായി ബന്ധപ്പെട്ടല്ല അഭയാര്‍ത്ഥികളെ മാറ്റി പാര്‍പ്പിച്ചതെന്നും, ആരോഗ്യം, സുരക്ഷ എന്നിവ മുന്‍നിര്‍ത്തിയാണെന്നും പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: