എഴുത്തും വായനയും; അരുൺ എഴുത്തച്ഛനുമായി അഭിമുഖം 

എഴുത്ത്, വായന എന്ന പേരിൽ പ്രവാസികൾക്കിടയിൽ ഒരു കോളം ചെയ്യുമ്പോൾ ഒരിക്കലും അയർലൻഡിലെ മലയാളി സമൂഹത്തെ കുറച്ചു കാണാൻ പറ്റില്ലെന്ന് ഒരു ലൈബ്രറിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതിൽ നിന്ന് വ്യക്തമായി മനസ്സിലായിട്ടുണ്ട്.അക്ഷരങ്ങളുടെ, പുസ്തകങ്ങളുടെ സർവ്വോപരി ലോകസാഹിത്യത്തിന്റെ ഈറ്റില്ലമാണ് ഈ കൊച്ച് ദ്വീപ്. പക്ഷെ പലപ്പോഴും നമ്മൾ എം. ടി യിലും, ഒ.വി.വിജയനിലും തങ്ങി നിൽക്കുന്ന മലയാളികൾ കൂടിയാണ്.

ഈ കുറിപ്പുകൾ വഴി പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തൽ മാത്രമല്ല ഉദ്ദേശിക്കുന്നത്.
പ്രവാസികളെന്ന നിലയിൽ കേരളത്തിലെയും, ഇന്ത്യയിലെപ്പോലും സാമൂഹ്യ അന്തരീക്ഷം ഇവയോടൊക്കെ അകന്നു മാറിയാണ് നമ്മൾ ജീവിക്കുന്നത്. എന്നിരുന്നാലും ചില കാര്യങ്ങൾ നമ്മളെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കാറുമുണ്ട്. അവയെക്കുറിച്ചറിയാൻ അക്കാദമിക് പഠനം
ലക്ഷ്യം വച്ചുള്ളവർക്കു പുറമേ, സാധാരണ ജനങ്ങൾക്കും താൽപര്യമുണ്ട്.
ഇത്തരം കാര്യങ്ങൾ അധികരിച്ചു എഴുതപ്പെടുന്ന പുസ്തകങ്ങൾ മലയാളത്തിൽ ഇന്ന് കുറവല്ല.അത്തരം പുസ്തകങ്ങൾക്കും കലാസൃഷ്ടികൾക്കുമായിരിക്കും ഈ കോളത്തിൽ മുൻ‌തൂക്കം.

നോൺ ഫിക്ഷൻ പുസ്തകങ്ങൾക്കു പൊതുവെ വായനക്കാർ കുറവാണ് എന്ന ധാരണയെ തിരുത്തുന്ന ഒരു പാട് കൃതികൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. സാമൂഹ്യപ്രസക്തിയുള്ള അത്തരം പുസ്തകങ്ങളുടെ എഴുത്തുകാരുമായി സംവദിക്കുന്ന ഒരു വേദി കൂടി ആയിരിക്കണം ഈ കോളമെന്നു ആഗ്രഹിക്കുന്നു. അരുൺ എഴുത്തച്ഛൻ എന്ന പേര് പത്രം ദിനചര്യയാക്കിയ മലയാളികൾക്ക് സുപരിചിതമാണ്. അദ്ദേഹവുമായി നടത്തിയ അഭിമുഖ സംഭാഷണത്തോടെയാണ് നമ്മൾ തുടങ്ങുന്നത്.


അരുൺ എഴുത്തച്ഛൻ എന്ന പത്രപ്രവർത്തകൻ യാത്രകൾ തുടങ്ങാൻ തീരുമാനിച്ചപ്പോൾ അത് ഒരു സാമൂഹ്യ വ്യവസ്ഥിതിയെ അപ്പാടെ മാറ്റി മറിക്കുമെന്ന് അദ്ദേഹം പോലും ഓർത്തു കാണില്ല. ദേവദാസി സമ്പ്രദായം എന്നുള്ളത് മലയാളികൾക്ക് സിനിമയിലോ കഥകളിലോ കേട്ട് മറന്ന മസാല ചേർന്ന ദൃശ്യാനുഭവമോ വായനയോ ആകാം എന്നാൽ സമൂഹത്തിലെ ഒരു ദുർബല വിഭാഗത്തിന്റെ ജീവിതത്തെ എന്നന്നേയ്ക്കുമായി ഇരുട്ടിലേയ്ക്ക് തള്ളി വിടുന്ന അനാചാരം 10 കൊല്ലത്തിനപ്പുറം വർത്തമാന ഇന്ത്യയിൽ നില നിന്നിരുന്നുവെന്നുള്ളത് നമ്മുടെ ദുസ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്ന ഒരു കാര്യമല്ല.സിനിമയിൽ ഒരു ചേരി ഒഴിപ്പിക്കുന്ന നായകന് കൈയ്യടിക്കുന്ന മലയാളി സമൂഹത്തിൽ ഇത്തരം മാറ്റങ്ങളുണ്ടാക്കിയ യഥാർത്ഥ നായകന്മാർ ഇനിയുമെറെ ഉണ്ടാവട്ടെ.
മലയാളം കൂടാതെ തമിഴ്, ഇംഗ്ളീഷ് എന്നി ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ട വിശുദ്ധപാപങ്ങളുടെ ഇന്ത്യ എന്ന പുസ്തകം നമുക്കെല്ലാം ഒരു റഫറൻസ് കൃതിയാണ് ഒരു സമൂഹം എങ്ങിനെ ആകരുത് എന്ന പാഠം അത് നമുക്ക് തരുന്നു.ആചാരസംരക്ഷകർ എങ്ങിനെയെല്ലാം ഈ സമൂഹത്തെ ദുഷ്കരമാക്കുമെന്നും. ഈ കൃതിയുടെ തമിഴ് വിവർത്തനം ചെയ്തത് യുമ വാസുകി ആണ്. നാഗർകോവിലിലുള്ള കാലച്ചുവട് ആണ് അതിന്റെ പ്രസാധകർ. ഇഗ്ളീഷ് വിവർത്തനം ചെയ്തത് അധ്യാപികയായ മീര ഗോപിനാഥ് ആണ്,പ്രസാധകർ ഹാചെറ്റ്( Hachette )ആണ്.2019 ലെ മികച്ച യാത്രവിവരണത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് ഈ പുസ്തകം കരസ്ഥമാക്കി കൂടാതെ 2016 ൽ നാഷണൽ മീഡിയ ഫൗണ്ടേഷന്റെ ഫെല്ലോഷിപ്പും അരുൺ സ്വന്തമാക്കി.വിശുദ്ധപാപങ്ങളുടെ ഇന്ത്യ,മതപ്പാടുകൾ, ഡ്യൂപ്പ് മുതലായവയാണ് അരുണിന്റെ കൃതികൾ.നമുക്ക് അരുണിന്റെ വിശേഷങ്ങളിലേയ്ക്ക് കടക്കാം.

ചോദ്യം:അരുണിന്റെ പുസ്തകങ്ങൾ നിലവിൽ ഉണ്ടായിരുന്ന സാഹചര്യങ്ങൾ മാറാൻ സഹായിച്ചിട്ടുണ്ടോ? അവ ഒന്ന് വിശദീകരിക്കാവോ?
വിശുദ്ധപാപങ്ങളുടെ ഇന്ത്യ’ എന്ന പുസ്തകത്തിനു വേണ്ടിയുള്ള അന്വേഷണം ചെറുതെങ്കിലും ചില മാറ്റങ്ങൾ കർണാടകയിൽ ഉണ്ടാക്കി എന്നു തന്നെ വിശ്വസിക്കുന്നു. ഈ അന്വേഷണങ്ങളുടെ ഭാഗമായി ലഭിച്ച വിവരങ്ങൾ ചേർത്ത് മലയാള മനോരമ ഞായറാഴ്ചയിൽ പ്രസിദ്ധീകരിച്ച ‘ദേവദാസിയാകാൻ എന്തു പിഴച്ചു?’ എന്ന സൺഡേ ഫീച്ചർ സുപ്രീം കോടതിയിൽ എത്തിയതിനെതുടർന്നാണ് കർണാടകയിൽ മാഘപൗർണമിക്ക് ക്ഷേത്രങ്ങളിൽ ദേവദാസിയാക്കരുത് എന്ന് കർശന നിർദേശം വരുന്നത്. 2016 ഫെബ്രുവരിയിലാണ് ഇത്. ഇന്ന്, വീടുകളിൽ ദേവദാസിയാക്കുന്നുണ്ടാവാമെങ്കിലും, അത് ക്രിമിനൽ കുറ്റമാണെന്ന് ചെയ്യുന്നവർക്കും അതിന് ഇരയാകുന്ന പെൺകുട്ടികൾക്കുമറിയാം. അതത്ര നിസ്സാര കാര്യമല്ല. ഏതാനും പെൺകുട്ടികൾ അവരെ ദേവദാസിയാക്കാനുള്ള ശ്രമത്തിനെതിരെ രംഗത്തു വരികയും ബന്ധുക്കളെ ശിക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പിന്നെ, ഈ പുസ്തകങ്ങൾ നേരിട്ട് എന്തു മാറ്റമുണ്ടാക്കി എന്നതു മാത്രമല്ല, ഈ പുസ്തകങ്ങളുടെ ചുവടു പിടിച്ച് മറ്റാരെങ്കിലും നടത്തുന്ന അന്വേഷണമാകും ചിലപ്പോൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കുക. അതിനായി കാത്തിരിക്കാം.

ചോദ്യം: കേരളത്തിന്‌ പുറത്ത് ഇത്രയധികം യാത്രകൾ നടത്തിയ ആളാണ്‌ ആണ് അനുഭവങ്ങളിൽ നിന്ന് കേരളം എത്ര ഔന്നത്യത്തിൽ നിൽക്കുന്നു എന്ന തിരിച്ചറിവുണ്ടായിട്ടുണ്ടോ? അതോ ആഘോഷിക്കപ്പെടുന്ന അത്രയും ഔന്നത്യം ഇല്ലെന്ന് തോന്നുന്നുണ്ടോ?
കേരളം എല്ലാം തികഞ്ഞ നാടാണെന്ന അഭിപ്രായമൊന്നുമില്ല. കേരളത്തിലെ അനാചാരങ്ങളിൽ ഏറിയ പങ്കും പത്രങ്ങളിൽ വാർത്തയായി വായിച്ച് ജനങ്ങൾക്ക് പരിചിതങ്ങളാണ്. അവ പിന്നെ നമ്മൾ പുസ്തകത്തിൽ ചേർത്താലും വായനക്കാർക്ക് അതിൽ പുതുമയില്ല. അവർ അതെല്ലാം വായിച്ചു കഴിഞ്ഞതായിരിക്കും. അതുകൊണ്ടാണ് പുസ്തകത്തിൽ കേരളത്തിനു പുറത്തെ വിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയത്. കേരളത്തിലെ വിവരങ്ങൾ മലയാളി വായനക്കാർക്ക് ബോറടിക്കുന്നതാകും.

ചോദ്യം: പത്രപ്രവർത്തനം തൊഴിലായി സ്വീകരിക്കാൻ ഉണ്ടായ സാഹചര്യം എന്തായിരുന്നു?
പണ്ടു മുതലേ പത്രം വായിക്കുമ്പോൾ, അതിൽക്കാണുന്നതു പോലെ വാർത്ത എഴുതണം എന്നൊക്കെ തോന്നിയിരുന്നു. വാർത്തകൾ ആളുകൾക്ക് ഗുണം ചെയ്തു, ഏതെങ്കിലും പോരായ്മകൾ പരിഹരിച്ചു എന്നൊക്കെ കാണുമ്പോൾ ഇതൊക്കെ നമ്മളായിട്ട് ചെയ്യാൻ പറ്റിയാൽ നന്നായിരിക്കും എന്നൊരു തോന്നൽ മനുഷ്യസഹജമായി ഉണ്ടാകുമല്ലോ. അങ്ങനെ സംഭവിച്ചതാകാം പത്രപ്രവർത്തനത്തോടുള്ള ഇഷ്ടം. പക്ഷേ, പ്രീ ഡിഗ്രി കഴിഞ്ഞിട്ട് ചേർന്നത് ബി കോമിനായിരുന്നു. അതിൽ രണ്ടു വർഷം പിന്നിട്ടപ്പോഴാണ് പത്രപ്രവർത്തനത്തിൽ ഫോക്കസ് ചെയ്യാമായിരുന്നുവെന്നും അതിന് പഠിക്കേണ്ടത് ഇതൊന്നുമായിരുന്നില്ല എന്നും മനസ്സിലായത്.

ചോദ്യം: കേരളത്തിന്റെ മുൻ നിരയിൽ നിൽക്കുന്ന പത്രത്തിന്റെ ചീഫ് റിപ്പോർട്ടർ എന്ന നിലയ്ക്ക് സഹ പത്രപ്രവർത്തകരോടും പത്രപ്രവർത്തനത്തിലേയ്ക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്ന പുതുതലമുറയോടും തങ്ങൾക്ക് എന്താണ് പറയാനുള്ളത്?
പത്രപ്രവർത്തന വിദ്യാർഥികളെ ഉപദേശിക്കാൻ ഞാൻ പറ്റിയ ആളേ അല്ല. ഒന്നാമത്തെ കാര്യം അവർക്ക് ഇവിടെയുള്ള അവസരങ്ങളെപ്പറ്റി എന്നെക്കാൾ നല്ല ബോധ്യമുണ്ട് എന്നതാണ്. പുതിയ കാലത്തെ അവസരങ്ങളെപ്പറ്റി എനിക്ക് അത്ര നിശ്ചയം പോരാ. കാലത്തിനനുസരിച്ച് അവർ തീരുമാനമെടുക്കും.
എന്റെ കാര്യമെടുത്താൽ, ബികോമിന് ചേർന്നു കഴിഞ്ഞാണല്ലോ പത്രപ്രവർത്തനത്തിൽ സാധ്യതയുണ്ടെന്നും പഠിക്കേണ്ടത് ഇതൊന്നുമായിരുന്നില്ല എന്നും മനസ്സിലാക്കുന്നത്. ബികോമിന് തോറ്റതോടെ പത്രപ്രവർത്തനത്തെക്കുറിച്ച് സീരിയസ് ആയി ചിന്തിച്ചു. പിന്നെ, ഡിഗ്രി ഒരുവിധം എഴുതിയെടുത്ത് ജേർണലിസം ഡിപ്ലോമ ചെയ്തു. അന്ന് കൃത്യമായി ഗൈഡ് ചെയ്യാൻ ആരുമില്ലായിരുന്നു. ഇന്ന് കുട്ടികൾക്ക് ഇതേക്കുറിച്ചെല്ലാം കൃത്യമായ ധാരണയുണ്ട്. അവരെ ഞാൻ ഉപദേശിക്കുന്നത് വലിയ തമാശയായിരിക്കും. പത്രം, ചാനൽ എന്നിവയ്ക്കൊപ്പം പത്രപ്രവർത്തനത്തിന്റെ ടൂൾസ് ഉപയോഗിച്ച് പുസ്തകങ്ങളും എഴുതാൻ പറ്റും. ആ സാധ്യതകളടക്കം അവർ ഉപയോഗപ്പെടുത്തും എന്നാണ് വിശ്വാസം.

ചോദ്യം: ഇന്ത്യയുടെ മതപ്പാടുകൾ എന്ന പുസ്തകം എഴുതിയ അരുൺ, എഴുത്തച്ഛൻ എന്ന ജാതിപ്പേര് തന്റെ പേരിനോട് കൂട്ടിച്ചേർക്കുന്നതിന്റെ രാഷ്ട്രീയം ഒന്ന് വിശദമാക്കാവോ?
എഴുത്തച്ഛൻ എന്ന പേര് എഴുത്തുകാരുടെ പേരിനൊപ്പം ചേർക്കുമ്പോൾ അത് ജാതിപ്പേരായിട്ടല്ല മലയാളികൾ വായിക്കുന്നത് എന്നാണ് തോന്നുന്നത്. കൂടെ പറയട്ടെ, ജാതിക്കെതിരെയല്ല, ജാതിയുടെ പേരിലുള്ള വിവേചനത്തിനെതിരെയാണ് പുസ്തകങ്ങളിൽ എഴുതിയത്. ജാതിയില്ലാതെ എല്ലാവരെയും ഒന്നിച്ച് ഒരു യൂണിറ്റ് ആക്കുക എന്നത് അത്ര നല്ല ആശയമായിട്ടല്ല തോന്നുന്നത്. വ്യത്യസ്ത വിഭാഗത്തിൽപ്പെടുമ്പോഴും വിവേചനം കാണിക്കാതെയും വിവേചനം അനുഭവിക്കാതെയും ജീവിക്കാൻ കഴിയുകയല്ലേ വേണ്ടത്? മറ്റുള്ളവരോട് വിവേചനം കാണിക്കുന്നില്ല എന്നാണ് എന്റെ തോന്നൽ. (അതു പറയേണ്ടത് ഞാനല്ല, ചുറ്റും നിൽക്കുന്നവരാണ്.) പിന്നെ, ബൈലൈൻ ശ്രദ്ധിക്കപ്പെടാൻ ഈ പേരു സഹായിച്ചിട്ടുണ്ട് എന്നത് സത്യമാണ്. കാരണം, ആദ്യം പറഞ്ഞല്ലോ, ഈ പേരിനെ മലയാളികൾ വായിക്കുന്നത് അങ്ങനെയാണ്.

ചോദ്യം: പത്രപ്രവർത്തനം, യാത്ര ഇവ ഒഴിച്ച് നിർത്തിയാൽ ഒഴിവ് വേളകളിൽ എന്ത് ചെയ്യാനാണ് താല്പര്യം?പുസ്തകങ്ങളോടുള്ള താല്പര്യം മുൻ നിർത്തിയാണ് ഇപ്പോൾ വായിക്കുന്ന പുസ്തകം?
എഴുത്തും പത്രപ്രവർത്തനവും യാത്രകളും മാറ്റിനിർത്തിയാൽ ഇഷ്ടം, വായനയും സിനിമ കാണലും ആണ്.
നോൺ ഫിക്ഷനാണ് കൂടുതലായി വായിക്കുന്നത്. ഇപ്പോൾ വായിക്കുന്നത് കെ.ടി.രാമവർമയുടെ കാമപൂജ. ഇത് അടിച്ചു വരുമ്പോഴേക്കും വായിക്കുന്നത് വേറെ പുസ്തകമായിരിക്കും.

ചോദ്യം: പുസ്തകങ്ങൾ സംഭവിച്ച വഴികൾ ഒന്ന് വിശദമാക്കാവോ?

പുസ്തകമാക്കാൻ വേണ്ടി തുടങ്ങിയ യാത്രകളല്ല ‘വിശുദ്ധപാപങ്ങളുടെ ഇന്ത്യ’ എന്ന പുസ്തകമാകുന്നത് എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഏതാനും യാത്രകൾ കഴിഞ്ഞപ്പോൾ ഒരു പുസ്തകമായി അവതരിപ്പിക്കേണ്ടതുണ്ട് എന്നു തോന്നുകയായിരുന്നു. നേരത്തെ ‘ഡ്യൂപ്പ്’ എന്ന പുസ്തകം ഡിസി പ്രസിദ്ധീകരിച്ചിരുന്നതിനാൽ‌, അവരെ തന്നെ സമീപിച്ചു.ഡ്യൂപ്പ്’ ആണ് ആദ്യം എഴുതിയത് എങ്കിലും അത് എന്റെ പുസ്തകമാണ് എന്നു പറയാൻ കഴിയില്ല. അത് ഒരു എക്സ്ട്രാ നടിയുടെ ആത്മകഥ ആണ്. സിനിമാ നടി ആകാൻ ഇറങ്ങിത്തിരിച്ച് അവസാനം അശ്ലീല സിനിമകളിലെ നായികമാരുടെ ശരീരം മാത്രമായി തീർന്ന ഒരു സ്ത്രീയുടെ ആത്മകഥ. ഞാൻ അവരുടെ അനുഭവകഥകൾ കേട്ട് ഒരു ക്രമത്തിൽ എഴുതി എന്നു മാത്രം. മനോരമ വാർഷികപ്പതിപ്പിനു വേണ്ടിയാണ് ഈ സ്ത്രീയെ കണ്ട് അവരുടെ ഒരു ചെറിയ അനുഭവക്കുറിപ്പ് എഴുതിയത്. അത് കണ്ട് ഡിസിയിൽ നിന്ന് വിളിച്ച് പുസ്തകമാക്കിക്കൂടെ എന്നു ചോദിക്കുകയായിരുന്നു. അങ്ങനെയാണ് ആ പുസ്തകം സംഭവിക്കുന്നത്.

ചോദ്യം:അരുണിന്റെ കുടുംബം?
അച്ഛൻ ജയഗോവിന്ദൻ. അമ്മ ഗീത. അച്ഛനും ഞാനുമാണ് കുത്താമ്പുള്ളിയിലെ വീട്ടിൽ. അമ്മ 2022 നവംബറിൽ മരിച്ചു.
ജ്യേഷ്ഠനും കുടുംബവും പാലക്കാട്.

Share this news

Leave a Reply

%d bloggers like this: