കൗണ്ടി വിക്ക്ലോയിൽ ഇന്റർനാഷണൽ എയർപോർട്ടിന് സാധ്യത; സ്ഥലമേറ്റെടുക്കൽ ആരംഭിച്ചെന്ന് റിപ്പോർട്ട്

അയര്‍ലണ്ടില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം കൂടി വരാന്‍ സാധ്യത. കൗണ്ടി വിക്ക്‌ലോയിലെ Arklow-യ്ക്ക് സമീപം പുതിയ വിമാനത്താവളം നിര്‍മ്മിക്കാനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സോര്‍ഷ്യം ഇതുമായി ബന്ധപ്പെട്ട പദ്ധതികളുമായി മുന്നോട്ട് പോകുകയാണെന്നും ‘ദി ബിസിനസ് പോസ്റ്റ്’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രദേശത്തെ കുടുംബങ്ങള്‍, കര്‍ഷകര്‍ എന്നിവരുമായി ചര്‍ച്ച നടത്തി 600 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് 800 ഏക്കറെങ്കിലും വിമാനത്താവളം നിര്‍മ്മാണത്തിനായി വേണ്ടിവരുമെന്നും, എങ്കിലും 1,000 ഏക്കര്‍ ഏറ്റെടുക്കാനാണ് കണ്‍സോര്‍ഷ്യം ശ്രമം നടത്തുന്നതെന്നും അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെക്കാള്‍ കുറഞ്ഞ ചെലവില്‍ ഇവിടെ വിമാനക്കമ്പനികള്‍ക്ക് പ്രവര്‍ത്തനം നടത്താമെന്നാണ് അവരുടെ അവകാശവാദം.

അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിക്ക്‌ലോ കൗണ്ടി കൗണ്‍സില്‍ പറഞ്ഞു.

ഇതാദ്യമായല്ല Arcklow-യില്‍ ഒരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന ആശയം ഉണ്ടാകുന്നത്. 2010-ല്‍ ബിസിനസുകാരനായ Pascal Taggart സമാനമായ ഒരു പദ്ധതിയുമായി മുന്നോട്ട് വന്നിരുന്നു. വിക്ക്‌ലോ കൗണ്ടി കൗണ്‍സില്‍ ഇതിനെ സ്വാഗതം ചെയ്തിരുന്നെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല.

ഡബ്ലിന്‍, കോര്‍ക്ക്, ഷാനണ്‍, നോക്ക് എന്നിവിടങ്ങളിലായി നിലവില്‍ നാല് രാജ്യാന്തര വിമാനത്താവളങ്ങളാണ് അയര്‍ലണ്ടിലുള്ളത്. വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളവും പ്രവര്‍ത്തിക്കുന്നു.

Share this news

Leave a Reply

%d bloggers like this: