സൂക്ഷിച്ചില്ലെങ്കിൽ കീശ കാലിയാകും; അയർലണ്ടിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഗതാഗത നിയമങ്ങൾ എന്തെല്ലാം?

നമ്മളില്‍ ഭൂരിഭാഗം പേരും വാഹനം ഓടിക്കാന്‍ അറിയുന്നവരും ഉപയോഗിക്കുന്നവരുമാണ്‌. എന്നാല്‍ പലർക്കും അയർലണ്ടിലെ വാഹന നിയമങ്ങളെ കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ പിഴയടച്ച് കീശ കാലിയാകുകയും, ജയിൽശിക്ഷ വരെ ലഭിക്കുകയും ചെയ്തേക്കാം എന്നതിനാൽ, രാജ്യത്തെ പ്രധാന ഗതാഗതനിയമങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കാം.

പെനാൽറ്റി പോയിന്റുകൾ

അയർലണ്ടിലെ പെനാൽറ്റി പോയിന്റ് സംവിധാനത്തെ പറ്റി മനസിലാക്കാം. ഇന്ത്യയിലേതില്‍ നിന്നും വ്യത്യസ്തമായി ‘പെനാല്‍റ്റി പോയിന്റ്’ എന്നൊരു സംവിധാനം റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിലുണ്ട്. 2002-ലാണ് ഈ രീതി അയര്‍ലണ്ടില്‍ പ്രാവര്‍ത്തികമാക്കിയത്. ഓരോ നിയമലംഘനത്തിനും ശിക്ഷയായി പോയിന്റുകള്‍ നല്‍കുന്ന സംവിധാനമാണിത്.

ഓരോ പോയിന്റുകളും ലൈസന്‍സ് റെക്കോര്‍ഡില്‍ രേഖപ്പെടുത്തും. 3 വര്‍ഷത്തിനിടെ 12 പെനാല്‍റ്റി പോയിന്റുകള്‍ ലഭിക്കുകയാണെങ്കില്‍ ഓട്ടോമാറ്റിക്കായി 6 മാസത്തേയ്ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നതാണ്. ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് ഇത് 7 പോയിന്റുകളാണ്.

ഇതിന് പുറമെ കൂടുതല്‍ പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചാല്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയവും വര്‍ദ്ധിക്കും.

ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചാല്‍

ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിക്കുക എന്നത് നാട്ടിലെ പോലെ തന്നെ അയര്‍ലണ്ടിലും കുറ്റകരമാണ്. ഗാര്‍ഡ ലൈസന്‍സ് ആവശ്യപ്പെട്ടാല്‍ അത് നിങ്ങളുടെ കൈയ്യില്‍ ഇല്ലാത്ത പക്ഷം 10 ദിവസത്തിനുള്ളില്‍ ഗാര്‍ഡ സ്റ്റേഷനില്‍ ഹാജരാക്കണം. നിങ്ങളുടെ പേരും വിലാസവും നിങ്ങള്‍ ഗാര്‍ഡക്ക് കൊടുക്കാന്‍ വിസ്സമ്മതിക്കുകയാണെങ്കില്‍ നിങ്ങളെ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഗാര്‍ഡക്ക് ഉണ്ട്.

നിയമ ലംഘനം നടക്കുന്ന സമയത്ത് നിങ്ങളുടെ ലൈസന്‍സ് വാലിഡ്‌ അല്ല എങ്കില്‍ അവ എത്രമാസത്തിന് മുന്നേ ആണ് തീര്‍ന്നത് എന്നതനുസരിച്ച് ഇരിക്കും ലഭിക്കുക പിഴ. 12 മാസത്തിനുള്ളിലാണ് ലൈസന്‍സിന്‍റെ വാലിഡിറ്റി തീര്‍ന്നത് എങ്കില്‍ നിങ്ങള്‍ക്ക് 1000 യൂറോ പിഴ ലഭിക്കും. 12 മാസത്തില്‍ കൂടുതലോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ലൈസന്‍സ് ഇല്ല എന്നുണ്ടെങ്കിലോ 2000 യൂറോ പിഴ ലഭിക്കും.

നിങ്ങളെ ഡ്രൈവിങ്ങില്‍ നിന്നും അയോഗ്യരാക്കിയ സമയത്തോ അല്ലെങ്കില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കുന്നതിന് മുന്‍പുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപറ്റന്‍സി അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്‌നസ്സ് എന്നിവ സമര്‍പ്പിക്കുന്നതില്‍ വിഴ്ച വരികയോ ചെയ്യുകയാണെങ്കില്‍ 5000 യൂറോ പിഴയോ 6 മാസത്തെ തടവോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ലഭിക്കുന്നതാണ്.

ഡ്രൈവിങ്ങ് പഠിക്കുന്നവരോ അല്ലെങ്കില്‍ ഡ്രൈവിങ്ങില്‍ പരിചയക്കുറവോ ഉള്ളവരാണെങ്കില്‍

നിങ്ങള്‍ ഒരു ലേണേഴ്സ് പെര്‍മിറ്റ്‌ ഉള്ളവരാണെങ്കില്‍ വാഹനം ഓടിക്കുമ്പോള്‍ രണ്ട് വര്‍ഷം എങ്കിലും മുന്നേ ലൈസന്‍സ് കിട്ടിയ ആളെ കൂടെയിരുത്തി മാത്രമേ ഒടിക്കാവൂ. ഇല്ലെങ്കില്‍ അയര്‍ലണ്ടില്‍ അതൊരു കുറ്റകൃത്യമായി കണക്കാക്കുന്നതാണ്. ഈ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ആദ്യം 160 യൂറോ പിഴയും 2 പെനാല്‍റ്റി പോയിന്‍റും ലഭിക്കുന്നതാണ്. ഇത് 28 ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ പിന്നീട് പിഴ 240 യൂറോ ആയി കൂടുന്നതാണ്. പിന്നീടും അടച്ചില്ലെങ്കില്‍ പിഴ വീണ്ടും കൂടുകയും പെനാല്‍റ്റി പോയിന്‍റ് 4 ആയി വര്‍ദ്ധിക്കുകയും ചെയ്യും.

ഒരു ലേണര്‍ കൂടെ ആരും ഇല്ലാതെ ഓടിക്കുന്നത് നിങ്ങളുടെ കാറാണ്‌ എങ്കില്‍ നിങ്ങള്‍ക്ക് 1000 യൂറോ പിഴ അടക്കേണ്ടി വരും. എന്നാല്‍ മോട്ടോര്‍സൈക്കിള്‍ ലേണര്‍ ആണെങ്കില്‍ എപ്പോഴും കൂടെ ഒരാള്‍ വേണമെന്നില്ല. പക്ഷേ Initial Basic Training ലഭിക്കാതെ ഇത്തരത്തിൽ ഒറ്റയ്ക്ക് മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കാന്‍ കഴിയില്ല.

L, N ചിഹ്നങ്ങൾ പതിപ്പിക്കൽ

ലേണേഴ്സ് പെര്‍മിറ്റ്‌ ഉള്ളവര്‍ W കാറ്റഗറിയില്‍ (മോട്ടോര്‍സൈക്കിള്‍ പോലുള്ളവ) വരാത്ത എല്ലാ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോഴും L ചിഹ്നം തീര്‍ച്ചയായും ഉപയോഗിക്കണം. ലൈസന്‍സ് ലഭിച്ച ശേഷം ആണെങ്കില്‍ 2 വര്‍ഷം വരെ N എന്ന ചിഹ്നവും ഉപയോഗിച്ചിരിക്കണം. ഇല്ലാത്ത പക്ഷം 2 പെനാല്‍റ്റി പോയിന്‍റും 120 യൂറോ പിഴയും ലഭിക്കുന്നതാണ്. ഇത് 28 ദിവസത്തിനുള്ളില്‍ അടക്കാത്ത പക്ഷം പിഴ 180 യൂറോ ആകും. പിന്നെയും വൈകിയാല്‍ പിഴ കൂടുകയും 4 പെനാല്‍റ്റി പോയിന്‍റ് ലഭിക്കുകയും ചെയ്യും.

ഇന്‍ഷുറന്‍സോ ടാക്സോ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍

ഒരു കാര്‍ ഉപയോഗിക്കുമ്പോള്‍ അതിന് ഇന്‍ഷുറന്‍സ് ഉണ്ട് എന്ന് ഉറപ്പാക്കണം. ഗാര്‍ഡ ഇന്‍ഷുറന്‍സ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ 7 ദിവസത്തിനകം അത് ഹാജരാക്കുകയും ചെയ്യണം.

ഇന്‍ഷുറന്‍സ് ഡിസ്ക് പ്രദര്‍ശിപ്പിക്കാന്‍ നിങ്ങള്‍ വിട്ടുപോയാല്‍ ആദ്യം 60 യൂറോ പിഴ വരുന്നതാണ്. 28 ദിവസത്തിനുള്ളില്‍ ഇത് അടക്കാത്ത പക്ഷം ഇത് 90 യൂറോ ആയി വര്‍ദ്ധിക്കും.

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ആണ് ഓടിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് 5000 യൂറോ പിഴയും 5 പെനാല്‍റ്റി പോയിന്‍റും ലഭിക്കുന്നതാണ്. കൂടാതെ ജഡ്ജിക്ക് വേണമെങ്കില്‍ പെനാല്‍റ്റി പോയിന്‍റിന് പകരം നിങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ കഴിയുന്നതുമാണ്.

ഇത് കൂടാതെ നികുതി അടയ്ക്കാത്ത വാഹനം ഓടിക്കുന്നതും, ടാക്സ് ഡിസ്ക് പ്രദര്‍ശിപ്പിക്കാതെ വാഹനം ഓടിക്കുന്നതും കുറ്റകൃത്യമാണ്.

വേഗതയിലെ കുറ്റങ്ങള്‍

അയര്‍ലണ്ടില്‍ നിശ്ചിത സ്പീഡ് ലിമിറ്റിന് മുകളില്‍ വണ്ടി ഓടിക്കുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണ്. ആദ്യം നിങ്ങള്‍ക്ക് 160 യൂറോയും 3 പെനാല്‍റ്റി പോയിന്റുമാണ് ലഭിക്കുക. ഇത് അടക്കാത്ത പക്ഷം കുറ്റം ചെയ്ത് 56 ദിവസത്തിന് ശേഷം നിങ്ങളെ കോടതിയില്‍ ഹാജരാക്കുകയും, കുറ്റം തെളിയുകയാണെങ്കില്‍ 1000 യൂറോ ഫൈനും 5 പെനാല്‍റ്റി പോയിന്‍റും ലഭിക്കുന്നതാണ്. വേണമെങ്കില്‍ നിങ്ങള്‍ക്ക് കോടതിയില്‍ ഹാജരാക്കുന്നതിനും 7 ദിവസം മുന്‍പ് 320 യൂറോ നല്‍കി കേസ് കോടതിയില്‍ എത്തുന്നത് തടയാന്‍ കഴിയുന്നതുമാണ്.

ശ്രദ്ധയില്ലാത്ത ഡ്രൈവിങ്ങ്

ട്രാഫിക്ക് ചിഹ്നങ്ങള്‍ ലംഘിക്കുക, സിഗ്നല്‍ ശ്രദ്ധിക്കാതെ പോകുക, തിരക്കുള്ള ജങ്ഷനുകളിൽ വണ്ടി നിർത്താതിരിക്കുക തുടങ്ങി നിങ്ങള്‍ ശ്രദ്ധയില്ലാത്ത രീതിയില്‍ വാഹനം ഓടിച്ചെന്ന് ഗാര്‍ഡക്ക് തോന്നിയാല്‍ ആദ്യം 80 യൂറോ പിഴയും 2 പെനാല്‍റ്റി പോയിന്‍റും തരുന്നതാണ്. 28 ദിവസത്തിനകം ഇത് അടച്ചില്ലെങ്കില്‍ 120 യൂറോ ആയി പിഴ ഉയരും. ഇതും അടയ്ക്കാതിരുന്നാൽ നിങ്ങളെ കോടതിയില്‍ ഹാജരാക്കുകയും കുറ്റം തെളിഞ്ഞാല്‍ പിഴ വര്‍ദ്ധിക്കുകയും 4 പെനാല്‍റ്റി പോയിന്‍റ് കിട്ടുകയും ചെയ്യും.

ചെയ്ത കുറ്റം കൂടുതല്‍ അപകടകരമാണെങ്കില്‍ 5000 യൂറോ വരെ പിഴ ലഭിക്കാവുന്നതാണ്. ശ്രദ്ധയില്ലാതെ വാഹനം ഓടിച്ച് ജീവഹാനി അല്ലെങ്കില്‍ ഗുരുതരമായ ശാരീരിക പരിക്കുകള്‍ക്ക് കാരണമായതിനാണ് ഗാര്‍ഡ നിങ്ങളെ പിടിച്ചതെങ്കില്‍ 10,000 യൂറോ പിഴ അല്ലെങ്കില്‍ 2 വര്‍ഷം തടവ്‌ അതുമല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ലഭിക്കാം.

അപകടകരമായ ഡ്രൈവിങ്ങ്

പൊതുയിടത്തില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് 5000 യൂറോ പിഴ അല്ലെങ്കില്‍ 6 മാസം തടവ്‌ അതും അല്ലെങ്കില്‍ ഇവ രണ്ടും ലഭിക്കുന്നതിന് കാരണമാകും. അപകടകരമായി വാഹനം ഓടിച്ച് ജീവഹാനി അല്ലെങ്കില്‍ ഗുരുതരമായ ശാരീരിക പരിക്കുകള്‍ക്ക് കാരണമായതിനാണ് ഗാര്‍ഡ നിങ്ങളെ പിടിച്ചതെങ്കില്‍ 20,000 യൂറോ പിഴ അല്ലെങ്കില്‍ 10 വര്‍ഷം തടവ്‌ അല്ലെങ്കില്‍ രണ്ടും ഒരുമിച്ച് ലഭിക്കാം.

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍

ഡ്രൈവിങ്ങിനിടെ കൈയില്‍ പിടിച്ചോ, തോള്‍ കൊണ്ടോ മറ്റോ സപ്പോര്‍ട്ട് ചെയ്ത് പിടിച്ചോ മൊബൈല്‍ ഉപയോഗിക്കുന്നത് (മെസേജ് പോലുള്ളവ നോക്കുന്നതും) 120 യൂറോ പിഴയും, 3 പെനാല്‍റ്റി പോയിന്റും ലഭിക്കുന്ന കുറ്റമാണ് (28 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ 180 യൂറോയും, 5 പെനാല്‍റ്റി പോയിന്റും). പിഴ അടയ്ക്കാത്തതിനെത്തുടര്‍ന്ന് കേസ് കോടതിയിലെത്തിയാല്‍ കൂടുതല്‍ പിഴത്തുകയും, ഉയര്‍ന്ന പെനാല്‍റ്റി പോയിന്റും ലഭിച്ചേക്കാം.

ഹാന്‍ഡ്‌സ് ഫ്രീ ആയി ഫോണ്‍ ഉപയോഗിക്കാമോ?

നിയമപരമായി ഹാന്‍ഡ്‌സ് ഫ്രീ സിസ്റ്റം ഉപയോഗിച്ച് ഫോണില്‍ സംസാരിക്കാമെങ്കിലും, റോഡ് സുരക്ഷാ വകുപ്പ് ഇത് പാടില്ലെന്നാണ് നിര്‍ദ്ദേശിക്കുന്നത്. അതേസമയം ഹാന്‍ഡ്‌സ് ഫ്രീ ആയിട്ടാണെങ്കിലും മെസേജ് നോക്കുക, ബ്രൗസ് ചെയ്യുക മുതലായവ കുറ്റകരമാണ്.

ഡ്രൈവിങ്ങിനിടെ എമര്‍ജന്‍സി നമ്പറുകളില്‍ വിളിക്കാമോ?

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എമര്‍ജന്‍സി സഹായ നമ്പറുകളായ 999, 112 എന്നിവയില്‍ സംസാരിക്കാവുന്നതാണ്. മറ്റ് ഏത് നമ്പറില്‍ വിളിച്ചാലും നിയമവിരുദ്ധമായി കണക്കാക്കും.

മദ്യം/ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കല്‍

മദ്യം, മയക്കുമരുന്ന് മുതലായ ലഹരി ഉപയോഗിച്ച്, വാഹനം നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ ഡ്രൈവ് ചെയ്യുന്നത് അയര്‍ലണ്ടില്‍ കുറ്റകരമാണ്. ഇവ കണ്ടെത്താനായുള്ള ഗാര്‍ഡയുടെ ബ്രെത്ത് അനലൈസര്‍ ടെസ്റ്റിനോട് സഹകരിക്കാതിരുന്നാല്‍ 5,000 യൂറോ വരെ പിഴയും, 6 മാസം വരെ തടവും ശിക്ഷയായി ലഭിച്ചേക്കാം.

ഡ്രൈവ് ചെയ്യുന്നതിന് 3 മണിക്കൂറിനുള്ളില്‍ മദ്യപിച്ചാല്‍ അത് നിയമലംഘനമായി കണക്കാക്കും. ഇതിനുള്ള പരമാവധി പിഴ 5,000 യൂറോയും, തടവ് 6 മാസം വരെയുമാണ്. കുറഞ്ഞത് 3 മാസം വരെ ലൈസന്‍സ് റദ്ദ് ചെയ്യുകയും ചെയ്യും.

പാര്‍ക്കിങ് നിയമലംഘനങ്ങള്‍

മറ്റുള്ളവര്‍ക്ക് അപകടം സൃഷ്ടിക്കുന്ന രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 80 യൂറോ പിഴയും, 3 പെനാല്‍റ്റി പോയിന്റുകളും ലഭിച്ചേക്കാം. 28 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ അത് 120 യൂറോ ആയി വര്‍ദ്ധിക്കും. കോടതിയാണ് പാര്‍ക്കിങ് നിയമലംഘനം സംബന്ധിച്ച് ശിക്ഷ വിധിക്കുന്നതെങ്കില്‍ ആദ്യ തവണ 2,500 യൂറോ വരെയും, പിന്നീട് 4,000 യൂറോ വരെയും പിഴ ലഭിച്ചേക്കാം.

കേസ് കോടതിയില്‍ പോകാന്‍ ആഗ്രഹമില്ലെങ്കില്‍ ഇരട്ടി പിഴ (160 യൂറോ) അടച്ച് അത് ഒഴിവാക്കാവുന്നതാണ്. കോടതിയില്‍ കേസ് വിളിക്കുന്നതിന് 7 ദിവസം മുമ്പ് ഇത് അടച്ചിരിക്കണം.

മറ്റ് പാര്‍ക്കിങ് നിയമലംഘനങ്ങള്‍

ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍ക്കുള്ള സ്ഥലത്ത് മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ 150 യൂറോ ആണ് പിഴ (28 ദിവസം കഴിഞ്ഞാല്‍ 225 യൂറോ). വാഹനം അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്‌തേക്കാം.

ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് ബാഡ്ജ് അനധികൃതമായി ഉപയോഗിച്ചാല്‍ 200 യൂറോ ആണ് പിഴ (28 ദിവസം കഴിഞ്ഞാല്‍ 300 യൂറോ).

ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷനില്‍ അനധികൃതമായി പാര്‍ക്ക് ചെയ്താല്‍ 80 യൂറോ പിഴ ഈടാക്കും.

രാജ്യത്ത് മറ്റ് പലയിടത്തും അതാത് സ്ഥലത്തെ പാര്‍ക്കിങ് നിരോധനങ്ങളും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

വാഹനത്തിന്റെ ഫിറ്റ്‌നസ്

എല്ലാ വാഹനവും റോഡില്‍ ഇറങ്ങാന്‍ ഫിറ്റ് ആണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണ്. വാഹനത്തിന്റെ ഫിറ്റ്‌നസില്‍ പ്രശ്‌നമുണ്ടെങ്കില്‍, എന്ത് പ്രശ്‌നമാണോ ഉള്ളത് അതനുസരിച്ചാണ് പിഴയും ശിക്ഷയും.

അപകടകരമായ രീതിയില്‍ കേടുപാടുള്ള വാഹനമാണെങ്കില്‍

അപകടകരമായ കേടുപാടുള്ള വാഹനം റോഡിലിറക്കിയാല്‍ 5,000 യൂറോ വരെ പിഴയോ, 3 മാസം വരെ തടവോ, അല്ലെങ്കില്‍ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കും. ജനങ്ങള്‍ക്ക് അപകടം സൃഷ്ടിക്കാന്‍ പാകത്തിന് കേടുപാടുകളുള്ള വാഹനങ്ങള്‍ക്കാണ് ഇത് ബാധകം.

കേടുപാടുള്ള ടയറുകളുള്ള വാഹനമാണെങ്കില്‍

തേഞ്ഞതോ, കേടുപാടുകളുള്ളതോ ആയ ടയറുകളുള്ള വാഹനം റോഡിലിറക്കിയാല്‍ ആദ്യത്തെ തവണ 80 യൂറോ ആണ് പിഴ. 28 ദിവസത്തിനകം അത് അടച്ചില്ലെങ്കില്‍ പിഴ 120 യൂറോ ആയി ഉയരുകയും, 2 പെനാല്‍റ്റി പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍ പിഴ അടയ്ക്കാത്തതിനെത്തുടര്‍ന്ന് കേസ് കോടതിയില്‍ എത്തി ശക്ഷിക്കപ്പെടുകയാണെങ്കില്‍ പിഴത്തുക വര്‍ദ്ധിച്ചേക്കാം. 4 പെനാല്‍റ്റി പോയിന്റുകളും ലഭിക്കും.

നാഷണല്‍ കാര്‍ ടെസ്റ്റ് (NCT)

NCT സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം റോഡിലിറക്കിയാല്‍ 60 യൂറോ ആണ് പിഴ. 28 ദിവസത്തിനികം ഇത് അടച്ചില്ലെങ്കില്‍ പിഴ 90 യൂറോ ആയി ഉയരും. 3 പെനാല്‍റ്റി പോയിന്റും ലഭിക്കും. കേസ് കോടതിയിലെത്തിയാല്‍ 5 പെനാല്‍റ്റി പോയിന്റ് ലഭിക്കുകയും, കൂടുതല്‍ പിഴ ഒടുക്കേണ്ടി വരികയും ചെയ്‌തേക്കാം.

Certificate of road worthiness

എട്ടോ, അതിലധികമോ സീറ്റുകള്‍ ഉള്ള പാസഞ്ചര്‍ വാഹനങ്ങള്‍, ഗുഡ്‌സ് വാഹനങ്ങള്‍, ഗുഡ്‌സ് ട്രെയിലര്‍, ആംബുലന്‍സ് എന്നിവ റോഡിലിറക്കണമെങ്കില്‍ പ്രത്യേക certificate of road worthiness ആവശ്യമാണ്. യാത്രയ്ക്കിടെ ഗാര്‍ഡ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് 10 ദിവസത്തിനകം അത് ഹാജരാക്കാന്‍ സാധിക്കണം.

ഡ്രൈവറുടെ ഫിറ്റ്‌നസ്

വാഹനം പോലെ ഡ്രൈവര്‍ക്കും ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട്. ഡ്രൈവ് ചെയ്യാന്‍ ആരോഗ്യകരമായ കാരണങ്ങളാല്‍ ഫിറ്റ് അല്ല എന്ന് അറിഞ്ഞുകൊണ്ട് വാഹനവുമായി റോഡിലിറങ്ങുന്നത് ശിക്ഷാര്‍ഹമാണ്.

75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, പ്രത്യേക ആരോഗ്യപ്രശ്‌നമുള്ളവര്‍ക്കും ഡ്രൈവിങ്ങിന് ഫിറ്റ് ആണെന്ന് തെളിയിക്കുന്ന ജിപിയുടെ പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ജിപിയോ, NDLS-ഓ നിങ്ങള്‍ ഡ്രൈവ് ചെയ്യാന്‍ ഫിറ്റ് അല്ല എന്ന് കണ്ടെത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതല്ല. അതേസമയം ഇതിനെതിരെ അപ്പീല്‍ നല്‍കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

https://www.citizensinformation.ie/en/travel-and-recreation/motoring/driving-offences/driving-offences/#startcontent

Adv. Jithin Ram

Mob: 089 211 3987

Louis Kennedy Solicitors

Email: info@louiskennedysolicitors.ie

കടപ്പാട്: അഡ്വ. ജയ തറയിൽ, ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ്

Share this news

Leave a Reply

%d bloggers like this: