യൂറോപ്പിൽ ലൈംഗിക രോഗങ്ങൾ റെക്കോർഡ് നിരക്കിൽ; ഗൊണേറിയ ബാധയിൽ മുന്നിൽ അയർലണ്ട്

By Rose Malayalam Desk

അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ലൈംഗിക സാംക്രമിക രോഗങ്ങള്‍ കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 2015-നെ അപേക്ഷിച്ച് 2024-ല്‍ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗൊണേറിയ കേസുകളുടെ എണ്ണം 303% ആണ് വര്‍ദ്ധിച്ചതെന്ന് European Centre for Disease Prevention and Control (ECDC) റിപ്പോര്‍ട്ട് പറയുന്നു. ആ വര്‍ഷം ആകെ 106,331 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇക്കാര്യത്തില്‍ 37,169 കേസുകളോടെ സ്‌പെയിന്‍ ആണ് ഒന്നാമത്. നെതര്‍ലണ്ട്‌സ് (13,952), ഫ്രാന്‍സ് (13,533), ബെല്‍ജിയം (7,623) എന്നിവയ്‌ക്കൊപ്പം അയര്‍ലണ്ടും (5,832) ഇക്കാര്യത്തില്‍ മുമ്പിലാണ്.

അതേസമയം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവുമധികം ഗൊണേറിയ കേസുകള്‍ അയര്‍ലണ്ടിലാണ്. 1 ലക്ഷം പേരില്‍ 109 പേര്‍ക്ക് എന്ന നിലയിലാണ് ഇവിടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രണ്ടാമതുള്ള മാള്‍ട്ടയില്‍ ഇത് 89.6 ആണ്.

2015-നെ അപേക്ഷിച്ച് 2024-ല്‍ യൂറോപ്പില്‍ മറ്റൊരു ലൈംഗിക സാംക്രമിക രോഗമായ സിഫിലിസ് ഇരട്ടിയോളം വര്‍ദ്ധിച്ചു. ഇതിലും ഒന്നാമത് സ്‌പെയിനാണ്. ജനസംഖ്യയുമായി താരതമ്യപ്പെടുത്തിയാല്‍ 1 ലക്ഷത്തില്‍ 18 പേര്‍ക്ക് എന്ന നിരക്കില്‍ അയര്‍ലണ്ടില്‍ സിഫിലിസ് ബാധയുണ്ട്.

ബാക്ടീരിയ പടര്‍ത്തുന്ന ലൈംഗികരോഗങ്ങള്‍ യൂറോപ്പില്‍ റെക്കോര്‍ഡിലെത്തിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. Chlamydia എന്നയിനം ബാക്ടീരിയ പകര്‍ത്തുന്ന രോഗങ്ങളാണ് ഏറ്റവുമധികം. ഇത്തരം 213,443 കേസുകളാണ് 2024-ല്‍ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം 2015-നെ അപേക്ഷിച്ച് ഇത് 6% കുറവാണ്.

ബാക്ടീരിയ കാരണമുള്ള മറ്റൊരു രോഗമായ lymphogranuloma venereum (LGV)-വും ഈയിടെ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. Chlamydia ബാക്ടീരിയയുടെ മറ്റ് വകഭേദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്. ഇതെപ്പറ്റി പൊതുജനങ്ങളില്‍ കാര്യമായ അവബോധമില്ല. നെതര്‍ലണ്ട്‌സ്, സ്‌പെയിന്‍ എന്നിവിടങ്ങളിലാണ് ഈ രോഗബാധ ഏറ്റവും കൂടുതല്‍.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മാത്രമല്ല രോഗം കൂടുതലായി പടരാന്‍ കാരണമെന്ന് ECDC പറയുന്നു. ടെസ്റ്റിങ്ങും രോഗപ്രതിരോധവും തമ്മിലുള്ള അന്തരം, കൃത്യമായി വൈദ്യസഹായം ലഭിക്കാതെ വരിക, കൃത്യമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാതിരിക്കുക, പഴയ രീതിയിലുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുക മുതലായവയും രോഗം പടരാന്‍ കാരണമാകുന്നു. ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് പോലുള്ള പ്രശ്‌നങ്ങള്‍ കാരണം ഗൊണേറിയയെ തടയാനും സാധിക്കുന്നില്ല. 29 യൂറോപ്യന്‍ രാജ്യങ്ങളില്‍ 13 എണ്ണത്തിലും രോഗം ടെസ്റ്റ് ചെയ്യാനുള്ള ചെലവ് അധികമാണ് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍ രാജ്യങ്ങളോട് െൈലംഗിക ബന്ധത്തിലൂടെ പടരുന്ന രോഗങ്ങള്‍ക്കെതിരെ കൃത്യമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ECDC നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments