ആമസോൺ അടക്കമുള്ള വെബ്സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ചിലവേറും; യൂറോപ്യൻ യൂണിയൻ കസ്റ്റംസ് നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ അറിയാം

By Rose Malayalam Desk

അടുത്ത മാസം പ്രാബല്യത്തിൽ വരുന്ന പുതിയ യൂറോപ്യൻ യൂണിയൻ കസ്റ്റംസ് നിയമങ്ങൾ പ്രകാരം ദശലക്ഷക്കണക്കിന് ഓൺലൈൻ ഉപഭോക്താക്കൾക്ക് Temu, Shein, AliExpress, ചില Amazon Marketplace വിൽപ്പനക്കാർ തുടങ്ങിയ വെബ്‌സൈറ്റുകളിൽ നിന്നുള്ള ഓർഡറുകൾക്ക് അധിക നിരക്കുകൾ നേരിടേണ്ടി വന്നേക്കാമെന്ന് മുന്നറിയിപ്പ്. ബ്രിട്ടൻ ഉൾപ്പെടെ യൂറോപ്യൻ യൂണിയന് പുറത്തുനിന്ന് ഓൺലൈനായി വാങ്ങുന്ന 150 യൂറോയോ അതിൽ താഴെയോ വിലമതിക്കുന്ന സാധനങ്ങൾക്ക് ജൂലൈ 1 മുതൽ ഓരോ ഇനത്തിനും 3 യൂറോ വീതം പുതിയ കസ്റ്റംസ് ഡ്യൂട്ടി ബാധകമാകും. ഇതോടെ മുമ്പ് കസ്റ്റംസ് ഡ്യൂട്ടി ഇല്ലാതിരുന്ന കുറഞ്ഞ വിലയുള്ള പല സാധനങ്ങളും വാങ്ങുന്നത് കൂടുതൽ ചെലവേറിയതായി മാറും.

അയർലണ്ടിലോ യൂറോപ്പിലോ ഉള്ളതെന്ന് തോന്നിക്കുന്ന ചില വെബ്‌സൈറ്റുകൾ യഥാർത്ഥത്തിൽ യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നായിരിക്കാം ഉൽപ്പന്നങ്ങൾ അയക്കുന്നത് എന്നതിനാൽ, ഓർഡർ നൽകുന്നതിന് മുമ്പ് സാധനങ്ങൾ എവിടെ നിന്നാണ് അയക്കുന്നതെന്ന് പരിശോധിക്കാൻ റവന്യൂ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുതിയ നിരക്ക് ഓരോ പാഴ്സലിനും എന്നതിന് പകരമായി വെവ്വേറെയുള്ള ഓരോ ഇനത്തിനും ആണ് ബാധകമാകുന്നത്.
ഉദാഹരണത്തിന്, ഒരു നോട്ട്ബുക്ക്, ഒരു പേന, ഒരു കീ ചെയിൻ എന്നിവ അടങ്ങിയ ഒരു പാക്കേജിന് കസ്റ്റംസ് ഡ്യൂട്ടിയായി 9 യൂറോ ഈടാക്കും, കാരണം ഓരോ ഉൽപ്പന്നത്തെയും വെവ്വേറെ ഇനങ്ങളായാണ് പരിഗണിക്കുന്നത്. അതേസമയം ഒരേപോലെയുള്ള രണ്ട് ടി-ഷർട്ടുകൾ അടങ്ങിയ ഒരു പാഴ്സൽ ഒരു ഒരൊറ്റ ഇനമായി പരിഗണിക്കുകയും 3 യൂറോ നിരക്ക് ഈടാക്കുകയും ചെയ്യും. വാറ്റ് (VAT) കണക്കാക്കുമ്പോൾ ഈ കസ്റ്റംസ് ഡ്യൂട്ടിയും ഉൾപ്പെടുത്തും, ഇത് മൊത്തത്തിലുള്ള ചെലവ് വീണ്ടും വർദ്ധിപ്പിക്കും.

ഉപഭോക്താക്കൾ ഈ തുക എങ്ങനെ അടയ്ക്കണം എന്നത് റീട്ടെയിലർമാരെ ആശ്രയിച്ചിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. ചില വെബ്‌സൈറ്റുകൾ പണം നൽകി ചെക്ക് ഔട്ട്‌ സമയത്ത് തന്നെ കസ്റ്റംസ് ഡ്യൂട്ടി ഈടാക്കും. മറ്റുള്ളവ, ഡെലിവറിക്ക് മുമ്പ് ആൻ പോസ്റ്റ് വഴിയോ കൊറിയർ കമ്പനികൾ വഴിയോ ഈ തുക ഈടാക്കാനായി മാറ്റിവെച്ചേക്കാം. പാഴ്സലുകൾ എത്തുമ്പോൾ അപ്രതീക്ഷിത ബില്ലുകൾ ഒഴിവാക്കുന്നതിനായി റീട്ടെയിലർമാരുടെ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം പരിശോധിക്കാൻ റവന്യൂ ഉപഭോക്താക്കളെ ഉപദേശിക്കുന്നു.

പുതിയ നിയമങ്ങൾ സാധനങ്ങൾ തിരികെ അയക്കുന്നതും കൂടുതൽ ചെലവേറിയതാക്കിയേക്കാം.
ഒരു ഉപഭോക്താവ് വാങ്ങിയ ഒരു സാധനം തിരികെ അയക്കുമ്പോൾ ഈ 3 യൂറോ കസ്റ്റംസ് ഡ്യൂട്ടി തിരികെ ലഭിക്കില്ല. സാധനങ്ങൾക്ക് എന്തെങ്കിലും തകരാറുകൾ ഉണ്ടെങ്കിൽ മാത്രമേ കസ്റ്റംസ് അധികൃതർ ഈ തുക റീഫണ്ട് ചെയ്യുകയുള്ളൂ. തിരികെ നൽകുന്ന സാധനങ്ങൾക്കുള്ള വാറ്റ് (VAT) റീഫണ്ടുകൾ റീട്ടെയിലർമാരുടെ സ്വന്തം റീഫണ്ട് നയത്തെ ആശ്രയിച്ചിരിക്കുകയും ചെയ്യും.

യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള കുറഞ്ഞ വിലയുള്ള സാധനങ്ങൾ ഇറക്കുമതി ആളുകൾ വാങ്ങുന്നത് ആഭ്യന്തര റീട്ടെയിലർമാരെ ബാധിക്കുന്നു എന്നതിനാലാണ് ഈ നടപടിയെന്നാണ് അധികൃതർ പറയുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments